ആലപ്പുഴ: ജില്ലയിലെ പാർട്ടിയിൽ ഇപ്പോഴും നിലനിൽക്കുന്ന വിഭാഗീയതക്കെതിരെ ശക്തമായ താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ഹരിപ്പാട് വെച്ച് നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിലാണ് ആലപ്പുഴയിലെ പാർട്ടിയിലെ വിഭാഗീയതക്കെതിരെ മുഖ്യമന്ത്രി ശാസനാരൂപത്തിൽ പ്രതികരണം നടത്തിയത്.
പാർട്ടിയിൽ നിന്ന് പ്രവർത്തകർ കൂട്ടത്തോടെയുളള കൊഴിഞ്ഞു പോക്കിന് കാരണം ജില്ലയിലെ നേതാക്കന്മാർ തമ്മിലുള്ള പടലപിണക്കവും വ്യക്തിവൈരാഗ്യമാണെന്ന് പിണറായി വിജയൻ തുറന്നടിച്ചു.
സംസ്ഥാനതലത്തിൽ നിന്ന് സംരക്ഷിക്കാൻ ഒരുനേതാവും ഇല്ലാതെ ഇരുന്നിട്ടും ആലപ്പുഴയിൽ മാത്രം വിഭാഗീയത തീവ്രമായി നിലനിൽക്കുന്നു. ഈ പ്രവണത ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലോകസഭാ തിരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്താനോ തോൽവിയിലേക്ക് നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണാനോ ജില്ലയിലെ ഒരു പാർട്ടി ഘടകവും ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ജില്ലാ സമ്മേളനത്തിൻെറ പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്തശേഷം പ്രതിനിധികളെ പ്രത്യേകമായി അഭിസംബോധന ചെയ്യുമ്പോഴാണ് ജില്ലയിലെ പാർട്ടിയിലെ അനഭിലഷണീയമായ പ്രവണതകൾക്കും വിഭാഗീയതക്കും എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ആഞ്ഞടിച്ചത്.
കായംകുളം, കുട്ടനാട്, ഹരിപ്പാട് ഏരിയാ കമ്മിറ്റികൾക്ക് കീഴിലുളള പ്രദേശങ്ങളിൽ നിന്ന് നിരവധി പ്രവർത്തകർ സി.പി.എം വിട്ട് സി.പി.ഐയിലും ബി.ജെ.പിയിലും ഇതര പാർട്ടികളിലും ചേരുന്നുണ്ട്. ഇതിൽ നേതാക്കൾക്ക് നല്ല പങ്കുണ്ടെന്ന വിമർശനമാണ് മുഖ്യമന്ത്രി ജില്ലാ സമ്മേളന പ്രതിനിധികൾക്ക് മുന്നിൽ ഉന്നയിച്ചത്.
കഴിഞ്ഞ ജില്ലാസമ്മേളനത്തിന്ശേഷം കുട്ടനാട് ഏരിയാ കമ്മിറ്റിക്ക് കീഴിലുളള പ്രദേശങ്ങളിൽ നിന്ന് രണ്ടായിരത്തോളം പ്രവർത്തകർ സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്നിരുന്നു. ഇതേ തുടർന്ന് രാമങ്കരി ഗ്രാമ പഞ്ചായത്തിൻെറ ഭരണവും പാർട്ടിക്ക് നഷ്ടമായിരുന്നു.
ഏരിയാ നേതൃത്വവുമായുളള ഭിന്നതയായിരുന്നു കുട്ടനാട്ടിലെ പാർട്ടി പ്രവർത്തകർ സി.പി.എം വിടാനുളള കാരണം. കുട്ടനാട്ടിൽ പ്രവർത്തകർ സഹോദര പാർട്ടിയായ സി.പി.ഐയിലേക്കാണ് പോകുന്നതെങ്കിൽ കായംകുളത്തും ഹരിപ്പാട്ടും രാഷ്ട്രീയ ശത്രുക്കളായി കരുതിപോരുന്ന ബി.ജെ.പിയിലേക്കുമാണ്.
കായംകുളത്ത് ജില്ലാ പഞ്ചായത്ത് അംഗവും ഏരിയാ കമ്മിറ്റി അംഗവുമായ ബിപിൻ സി ബാബു ബി.ജെ.പിയിൽ ചേർന്നിരുന്നു. ബിപിൻ സി.ബാബുവിൻെറ പ്രദേശമായ പത്തിയൂർ പഞ്ചായത്തിലും ബി.ജെ.പിയിലേക്ക് കൊഴിഞ്ഞുപോക്ക് ഉണ്ട്.
ബിപിൻ സി.ബാബു കായംകുളം ഏരിയാ നേതൃത്വവുമായും കായംകുളത്ത് നിന്നുളള ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ.എച്ച്.ബാബുജാനുമായും കലഹിച്ചാണ് പാർട്ടി വിട്ടത്.
ഇതെല്ലാം ഓർമ്മയിൽ വെച്ചുകൊണ്ടാണ് വിഭാഗീയതക്ക് നേതൃത്വം കൊടുക്കുന്ന നേതാക്കൾക്കെതിരെ മുഖ്യമന്ത്രി താക്കീത് നൽകിയത്.
ജില്ലാ സമ്മേളനത്തിൻെറ പ്രതിനിധി സമ്മേളനം മുതൽ സമാപന സമ്മേളനം വരെ മുഴുവൻ സമയവും മുഖ്യമന്ത്രി സമ്മേളനത്തിലുണ്ടാകും.
വിഭാഗീയത രൂക്ഷമായ ആലപ്പുഴയിലെ ജില്ലാ സമ്മേളനത്തിൽ വിമർശനങ്ങൾ അതിരുകടന്ന് പോകാനും അത് ചോർന്ന് മാധ്യമങ്ങളിലേക്ക് എത്താനുമുളള സാധ്യതകൾ കണക്കിലെടുത്താണ് മറ്റെല്ലാ പരിപാടികളും മാറ്റിവെച്ച് മുഖ്യമന്ത്രി മുഴുവൻ സമയവും ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ഇത്തവണ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മാത്രമാണ് മുഖ്യമന്ത്രി ഇങ്ങനെ പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉളളതിനാൽ പൊതുചർച്ചയിലെ വിമർശനങ്ങൾ മയപ്പെടാനാണ് സാധ്യത.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കടുത്ത വിമർശനത്തിലേക്ക് പോകാൻ പ്രതിനിധികളാരും ധൈര്യപ്പെടില്ല. ജില്ലാ സെക്രട്ടറി ആർ.നാസർ അവതരിപ്പിച്ച രാഷ്ട്രീയ-സംഘടനാ റിപോർട്ടിൽ ആർക്കെതിരെയും കാര്യമായ വിമർശനമില്ല.
ലോകസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട്, കായംകുളം മേഖലകളിൽ സംഭവിച്ച വോട്ട് ചോർച്ചയിൽ മാത്രം സ്വയം വിമർശന പരമായ പരാമർശങ്ങളുണ്ട്. പ്രതിനിധി സമ്മേളനത്തിന് ഉദ്ഘാടനത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ജി സുധാകരൻ എത്തിയില്ല.
ജില്ലാ കമ്മിറ്റിക്ക് കീഴിലുളള ബ്രാഞ്ച് അംഗം മാത്രമായ ജി.സുധാകരനെ സമ്മേളന പ്രതിനിധിയാക്കിയിരുന്നില്ല. സമാപന ദിവസത്തെ പൊതുസമ്മേളനത്തിലേക്കും ജി. സുധാകരനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കാൻ സാധ്യത കുറവാണ്.