ലോക്‌സഭ തിരഞ്ഞെടുപ്പിൻെറ പ്രചാരണത്തിൽ ഇക്കുറിയും മുഖ്യമന്ത്രി പിണറായി തന്നെ ഇടത് മുന്നണിയുടെ നായകൻ; മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ അഞ്ച് ബഹുജന റാലികളോടെ ! പൗരത്വ റാലികൾ കഴിഞ്ഞാൽ നേരിട്ട് പ്രചാരണത്തിലേക്ക്; എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തുന്ന മുഖ്യമന്ത്രി മൂന്ന് യോഗങ്ങളിൽ വീതം പങ്കെടുക്കും

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ റാലി പൂർത്തിയായ ശേഷമാകും തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് നേരിട്ടിറങ്ങുക. ഈമാസം 30 മുതൽ ഏപ്രിൽ 22 വരെ മൊത്തം 24 ദിവസമാണ് മുഖ്യമന്ത്രി ലോകസഭാ തിരഞ്ഞെടുപ്പിൻെറ പ്രചാരണത്തിനായി നീക്കിവെച്ചിരിക്കുന്നത്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
pinarayi vijayan

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൻെറ പ്രചാരണത്തിൽ കേരളത്തിലെ ഇടത് മുന്നണിയെ ഇത്തവണയും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കും. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി തന്നെയായിരുന്നു ഇടത് മുന്നണിയുടെ താര പ്രചാരകൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ അഞ്ച് ബഹുജന റാലികളെ അഭിസംബോധന ചെയ്തുകൊണ്ടായിരിക്കും മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കുക. ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് പൗരത്വ പ്രശ്നത്തിൽ സംഘടിപ്പിക്കുന്ന ബഹുജന റാലികളിൽ നിന്ന് തന്നെ മുഖ്യമന്ത്രി പ്രചാരണം തുടങ്ങുന്നത്.

Advertisment

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണം എന്ന ചരിത്ര നേട്ടത്തിലേക്ക് ഇടത് മുന്നണിയെ എത്തിച്ചത് ന്യൂനപക്ഷ വിഭാഗത്തിൻെറ പിന്തുണയായിരുന്നു. വെളളിയാഴ്ച കോഴിക്കോട്ടാണ് പൗരത്വവിഷയത്തിലെ  ആദ്യ റാലി. മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിക്കുന്ന റാലിയിൽ കാസർകോട്, കണ്ണൂ‍ർ മലപ്പുറം, കൊല്ലം ജില്ലകളിലും മുഖ്യമന്ത്രി എത്തും.


പൗരത്വ ഭേദഗതി നിയമത്തിന് എതിരായ റാലി പൂർത്തിയായ ശേഷമാകും തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് നേരിട്ടിറങ്ങുക. ഈമാസം 30 മുതൽ ഏപ്രിൽ 22 വരെ മൊത്തം 24 ദിവസമാണ് മുഖ്യമന്ത്രി ലോകസഭാ തിരഞ്ഞെടുപ്പിൻെറ പ്രചാരണത്തിനായി നീക്കിവെച്ചിരിക്കുന്നത്.


തലസ്ഥാന മണ്ഡലത്തിൽ നിന്നാണ് മുഖ്യമന്ത്രിയുടെ പ്രചരണ പരിപാടി ആരംഭിക്കുക. 20 മണ്ഡലങ്ങൾക്കുമായി ഓരോ ദിവസം വീതം നീക്കിവെച്ചിരിക്കുന്ന മുഖ്യമന്ത്രി, ഒരുദിവസം 3 യോഗങ്ങളിൽ പങ്കെടുക്കും. രാവിലെ ഒന്ന്, ഉച്ചക്ക് ശേഷം രണ്ട് എന്ന ക്രമത്തിലായിരിക്കും യോഗങ്ങളുടെ സംഘാടനം. ഓരോ മണ്ഡലങ്ങളിലും ഏതൊക്കെ സ്ഥലങ്ങളിലാണ് മുഖ്യമന്ത്രിയുടെ യോഗങ്ങൾ സംഘടിപ്പിക്കേണ്ടതെന്ന് അതാത് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിറ്റികളായിരിക്കും തീരുമാനിക്കുക. 

ന്യൂനപക്ഷ വോട്ടുകളെ ഒപ്പം നിർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന റാലിയോടെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കും. ദേശീയതലത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുന്നതിനെ ഭീതിയോടെ കാണുന്ന മുസ്ളീം സമൂഹത്തിൻെറ ആശങ്ക വോട്ടായി മാറ്റുകയാണ് ഇടത് മുന്നണിയുടെ ലക്ഷ്യം. ദേശീയ തലത്തിൽ ബി.ജെ.പിക്ക് ബദലായി മാറാൻ കോൺഗ്രസിന് കഴിയില്ല എന്ന് സമ‍ർ‍ത്ഥിച്ചുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച ന്യൂനപക്ഷ പിന്തുണ ഉറപ്പിച്ച് നിർത്തുകയാണ് ഇടത് തന്ത്രം.


 ഇതിന് ഉതകുന്ന തരത്തിലുളള പരാമ‍ർശങ്ങൾ മുഖ്യമന്ത്രിയുടെ പൗരത്വ റാലിയിലെ പ്രസംഗത്തിൽ ഉണ്ടാകും. എന്നാൽ സമീപകാലത്ത് മുഖ്യമന്ത്രിയിൽ നിന്നുണ്ടായ രണ്ട് പരാമ‍ർശങ്ങൾ സൃഷ്ടിച്ച പ്രശ്നങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇടത് മുന്നണിക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.


യാക്കോബായ വിഭാഗത്തിൻെറ പരമാധ്യക്ഷന് പുത്തൻകുരിശിൽ നൽകിയ സ്വീകരണ ചടങ്ങിൽ ഓ‍ർത്തഡോക്സ് വിഭാഗത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശം ആ വിഭാഗത്തെ വലിയ തോതിൽ വികാരം കൊളളിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളുമായുളള സംവാദ പരിപാടിയിൽ ഈരാറ്റുപേട്ട സംഭവം മുൻനിർത്തി മുഖ്യമന്ത്രി നടത്തിയ പരാമ‍ർശം മുസ്ളീം വിഭാഗത്തെയും പ്രകോപിപ്പിച്ചിട്ടുണ്ട്. സംഘടനാ ഭേദമില്ലാതെ മുസ്ളീം വിഭാഗത്തിലെ എല്ലാ സംഘടനകളും മുഖ്യമന്ത്രിയുടെ പരാമർശത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. അതുകൊണ്ട് തന്നെ പൗരത്വ റാലിയിലും തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും പഴയ പരാമ‍ർശങ്ങളിൽ അമർഷമുളള വിഭാഗങ്ങളെ അനുനയിപ്പാക്കാനുളള പ്രതികരണങ്ങൾ മുഖ്യമന്ത്രി നടത്തിയേക്കും.

ഈ മാസം 30 മുതൽ ഏപ്രിൽ 22 വരെയാണ് മുഖ്യമന്ത്രിയുടെ പാർലമെന്റ് മണ്ഡലതല തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ. 30ന് തിരുവനന്തപുരത്ത് ആരംഭിച്ച് ഏപ്രിൽ 22ന് കണ്ണൂരിൽ അവസാനിക്കുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് പര്യടനം ക്രമീകരിച്ചിരിക്കുന്നത്. ഓരോ പാർലമെന്റ് മണ്ഡലത്തിലും മൂന്ന് പരിപാടികൾ വീതമാണ് ഉണ്ടാവുക. ഏപ്രിൽ ഒന്ന് വയനാട്, രണ്ട് - മലപ്പുറം, മൂന്ന് - എറണാകുളം, നാല് - ഇടുക്കി, അഞ്ച് - കോട്ടയം, ആറ് - ആലപ്പുഴ, ഏഴ് - മാവേലിക്കര, എട്ട് - പത്തനംതിട്ട, ഒൻപത് - കൊല്ലം, 10 - ആറ്റിങ്ങൾ, 12 - ചാലക്കുടി, 15 - തൃശ്ശൂർ, 16 - ആലത്തൂർ, 17 - പാലക്കാട്, 18 - പൊന്നാനി, 19 - കോഴിക്കോട്, 20 - വടകര, 21- കാസർകോട്, 22 - കണ്ണൂർ എന്നിങ്ങനെയാണ് പരിപാടികൾ

Advertisment