കോഴിക്കോട്: ഏതെങ്കിലും മതവിഭാഗത്തെയോ, ജില്ലയെയോ പ്രത്യേകമായി കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പറയാത്ത കാര്യമാണ് പത്രം നൽകിയത്. അക്കാര്യത്തിൽ വീഴ്ച പറ്റിയതായി പത്രം തന്റെ ഓഫീസിനെ അറിയിച്ചെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റി നിർമിച്ച എകെജി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗീയ ശക്തികളെ തുറന്ന് എതിര്‍ക്കാറുണ്ട്. ന്യൂനപക്ഷ വര്‍ഗീയതയോടുള്ള എതിര്‍പ്പ് ഏതെങ്കിലും വിഭാഗത്തെ എതിര്‍ക്കുക എന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിലെ വിമാനത്താവളങ്ങളിൽ കൂടുതല്‍ സ്വര്‍ണം പിടിച്ചത് കരിപ്പൂരിൽ നിന്നാണ്. സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് എന്തിനാണ് വേവലാതിയെന്നും പിണറായി വിജയൻ ചോദിച്ചു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ വന്നു. കോഴിക്കോട് രാജ്യാന്തര വിമാനത്താവളം മലപ്പുറം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ആ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് മലപ്പുറം ജില്ലയിലെ കേസായാണ് രേഖപ്പെടുത്തുക. അത് ആ ജില്ലയ്ക്ക് എതിരായ കാര്യമല്ല.
പ്രത്യേക പ്രദേശത്തിനെതിരെയോ പ്രത്യേക ജില്ലയ്ക്കെതിരെയോ പ്രത്യേക വിഭാഗത്തിനെതിരെയോ എന്റെ ഭാഗത്ത് നിന്നും പരാമർശം ഉണ്ടാകില്ലെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ചില കാര്യങ്ങളിൽ വിയോജിപ്പ് പറയാറുണ്ട്.
വർഗീയതയോട് ശക്തമായി തന്നെ വിയോജിപ്പ് രേഖപ്പെടുത്താറുണ്ട്. ഇന്ത്യയിൽ ഏറ്റവും വലിയ വർഗീയ നിലപാട് സ്വീകരിക്കുന്ന ആർഎസ്എസിനെ എതിർക്കാറുണ്ട്. അതിന്റെ അർഥം ഹിന്ദുക്കളെ എതിർക്കുന്നു എന്നല്ല. ന്യൂനപക്ഷ വർഗീയതയെ എതിർക്കുന്നത് ഏതെങ്കിലും ന്യൂനപക്ഷ വിഭാഗത്തെ എതിർക്കുന്നതല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.