പ്രായപരിധിയുടെ അടിസ്ഥാനത്തിൽ പിണറായി വിജയൻ മേൽക്കമ്മിറ്റികളിൽ നിന്ന് ഒഴിയുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. ഇളവ് പ്രഖ്യാപിച്ചത് പിണറായിയെ മുൻനിർത്തി മൂന്നാംതവണയും അധികാരം പിടിക്കാനാവുമെന്ന കണക്കുകൂട്ടലിൽ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും സി.പി.എമ്മിനെ പിണറായി തന്നെ നയിക്കുമെന്ന് ഉറപ്പായി. ആനുകൂല്യം പിണറായിക്ക് മാത്രം, 75 കഴിഞ്ഞ ബാക്കി നേതാക്കളെല്ലാം 'ഔട്ട്' !

80 വയസ് പിന്നിട്ട പിണറായി വിജയൻ  ഇക്കുറി സി.പി.എമ്മിൻെറ നേതൃസമിതികളിൽ നിന്ന് ഒഴിയുമെന്നായിരുന്നു പാ‍ർട്ടിയിലും പുറത്തുമുളള വലിയൊരു വിഭാഗം കരുതിയിരുന്നത്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
3535353

തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും കേരളത്തിലെ സി.പി.എമ്മിനെ പിണറായി വിജയൻ തന്നെ നയിക്കുമെന്ന് ഉറപ്പായി. 

Advertisment

പാ‌ർട്ടി കമ്മിറ്റിയിൽ തുടരുന്നതിനായി സി.പി.എം നിശ്ചയിച്ച പ്രായപരിധിയിൽ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ഇളവ് നൽകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രഖ്യാപിച്ചതോടെയാണ് ഇക്കാര്യം ഉറപ്പായത്.


കണ്ണൂരിൽ നടന്ന ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് തന്നെ പ്രായപരിധി മാനദണ്ഡത്തിൽ നിന്ന് പിണറായി വിജയന് ഇളവ് നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും അതിപ്പോഴും പ്രാബല്യത്തിലുണ്ടെന്നും എം.വി.ഗോവിന്ദൻ വാ‍ർത്താചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


ഇളവ് പ്രാബല്യത്തിൽ ഉളളതിനാൽ സംസ്ഥാന സമ്മേളനത്തിൽ പ്രത്യേകം തീരുമാനിക്കേണ്ട കാര്യമില്ലെന്നും ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഇതോടെ 75 വയസ് പ്രായപരിധിയുടെ അടിസ്ഥാനത്തിൽ പിണറായി മേൽക്കമ്മിറ്റികളിലെ സ്ഥിരാംഗത്വത്തിൽ നിന്ന് ഒഴിയുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്.

വരുന്ന തിരഞ്ഞെടുപ്പിലും പിണറായി വിജയൻ തന്നെ കേരളത്തിലെ ഇടത് മുന്നണിയെ മുന്നിൽ നിന്ന് നയിക്കുമെന്നും ഉറപ്പായി.


80 വയസ് പിന്നിട്ട പിണറായി വിജയൻ  ഇക്കുറി സി.പി.എമ്മിൻെറ നേതൃസമിതികളിൽ നിന്ന് ഒഴിയുമെന്നായിരുന്നു പാ‍ർട്ടിയിലും പുറത്തുമുളള വലിയൊരു വിഭാഗം കരുതിയിരുന്നത്.


ഇളവ് നൽകിയാൽ തന്നെ പിണറായി അത് സ്വീകരിക്കില്ലെന്ന് വിശ്വസിക്കുന്നവരും പാ‍ർട്ടിയിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ മുന്നിൽ നിന്ന് നയിച്ചാലും ഭരണം കിട്ടിയാൽ നേതൃത്വം ഏറ്റെടുക്കില്ലെന്നുളള വിശ്വാസവും ഒരുകോണിൽ ഉണ്ടായിരുന്നു.

ഇത്തരം എല്ലാ ധാരണകളെയും തിരുത്തുന്നതാണ് എം.വി.ഗോവിന്ദൻെറ ചാനൽ അഭിമുഖത്തിലെ പ്രതികരണം.

mv govindan pinarai vijayabn

പിണറായിക്കുളള ഇളവ് രാജ്യത്ത് മറ്റൊരു നേതാവിനും നൽകിയിട്ടില്ലാത്തതാണെന്നും രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായതിനാലാണ് അദ്ദേഹത്തിൻെറ പരിചയ സമ്പത്തും നേതൃപരമായ കഴിവുകളും പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത് എന്നും എം.വി.ഗോവിന്ദൻ അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്.


തുടർഭരണം എന്ന ചരിത്രനേട്ടം സാധ്യമാക്കിയ പിണറായിയുടെ നേതൃത്വത്തിൽ  തുട‍ർച്ചയായ മൂന്നാംതവണയും കേരളത്തിൽ അധികാരം പിടിക്കാനാവുമെന്നാണ് സി.പി.എമ്മിൻെറ കണക്കുകൂട്ടൽ. അതും പിണറായി വിജയന് ഇളവ് തുടരാനുളള തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.


പ്രായപരിധിയിൽ പിണറായി വിജയന് ഇളവ് തുടരുമെങ്കിലും ആ ആനുകൂല്യം 75 വയസ് പിന്നിടുന്ന മറ്റ് നേതാക്കൾക്കില്ല. ലോക്കൽ തലം മുതൽ ജില്ലാ തലം വരെ കർശനമായി നടപ്പിലാക്കിയ പ്രായപരിധി സംസ്ഥാന സമ്മേളനത്തിലും കർശനമായി നടപ്പാക്കും.

സംസ്ഥാന സെക്രട്ടേറിയേറ്റിലെ മുതിർന്ന നേതാക്കളായ എ.കെ.ബാലൻ, പി.കെ.ശ്രീമതി, ആനാവൂർ നാഗപ്പൻ എന്നീ നേതാക്കൾ ഇപ്പോൾ തന്നെ പ്രായം പിന്നിട്ടവരാണ്. ഈ മൂന്ന് നേതാക്കളും കൊല്ലം സമ്മേളനത്തിൽ സംസ്ഥാനത്തെ ഉയർന്ന ഘടകങ്ങളിൽ നിന്ന് ഒഴിവാകും.


സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പി.രാജേന്ദ്രൻ, എൻ.ആർ.ബാലൻ, ഗോപി കോട്ടമുറിക്കൽ, എം.കെ.കണ്ണൻ എന്നീ നേതാക്കളും പ്രായപരിധിയിൽ നിന്ന് ഒഴിയും. 


കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി.ജയരാജന് ഔദ്യോഗിക രേഖകൾ പ്രകാരം മെയ് മാസത്തിലെ 75 വയസ് തികയുകയുളളു. അതുകൊണ്ട് ഇ.പി.ജയരാജനെ ഒഴിവാക്കുമോ ഇല്ലയോ എന്നത് സമ്മേളനത്തിലെ അറിയാനാകു.

Advertisment