തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി വിലപിക്കുമ്പോഴും സർക്കാരിൻെറ ധൂർത്തിനും പാഴ് ചെലവിനും ഒരു കുറവുമില്ല. മുഖ്യമന്ത്രി പിണറായി വിജയൻെറ നിയമസഭാ പ്രസംഗം പുസ്തകമാക്കിയാണ് സർക്കാർ പണം ഒഴുക്കിയത്.
ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കെ നിയമസഭയിലെ നന്ദിപ്രമേയ ചർച്ചക്ക് നൽകിയ മറുപടിയാണ് പുസ്തകമാക്കിയത്. ഇതിനായി 3.82 കോടിരൂപയാണ് ചെലവിട്ടിരിക്കുന്നത്.
പബ്ളിക് റിലേഷൻ വകുപ്പിൻെറ മുൻകൈയ്യിലാണ് കോടികൾ ധൂർത്തടിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗം പുസ്തകമാക്കിയത്. മുഖ്യമന്ത്രി ഭരിക്കുന്ന വകുപ്പാണ് പി.ആർ.ഡി വകുപ്പ്.
നാല് കോടിയോളം ചെലവിട്ട് പുസ്തകത്തിൻെറ 47 ലക്ഷം കോപ്പികളാണ് ഇതിനകം അച്ചടിച്ച് വിതരണം ചെയ്തത്. കേന്ദ്ര സർക്കാരിൻെറ നയങ്ങൾക്കും നിലപാടുകൾക്കും എതിരായ രൂക്ഷ വിമർശനവും ഇടത് മുന്നണി സർക്കാരിൻെറ നേട്ടങ്ങളെയും മേന്മകളെയും കുറിച്ചുളള വിവരണവും മുന്നണിയുടെ മതനിരപേക്ഷ നിലപാടുകളെകുറിച്ചുളള പ്രകീർത്തനങ്ങളും അടങ്ങുന്നതായിരുന്നു 2024ൽ നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗം.
മുഖ്യമന്ത്രിയുടെയും സർക്കാരിൻെറയും പ്രതിഛായ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് കോടികൾ ചെലവിട്ട് പുസ്തകമിറക്കിയത്.
എന്നാൽ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് പല അത്യാവശ്യ ചെലവുകൾപോലും മാറ്റി വെച്ചുകൊണ്ടിരിക്കുകയും പാവപ്പെട്ടവർക്കുളള ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്യുമ്പോഴാണ് ഈ ധൂർത്ത്.
ഇ.കെ.നായനാർ മുഖ്യമന്ത്രി ആയിരുന്ന 1996-2001 കാലത്തും ഇത് പോലെ കോടികൾ ചെലവിട്ട് അദ്ദേഹത്തിൻെറ പ്രസംഗങ്ങൾ പുസ്തകമാക്കിയിരുന്നു.
കണ്ണാടി എന്ന പേരിലുളള പുസ്തകം ഇറക്കിയത് അക്കാലത്ത് വൻ വിവാദമായിരുന്നു. സമാനമായ രീതിയിലാണ് പിണറായിയുടെ പ്രസംഗം പുസ്തകമാക്കുന്നതിന് വേണ്ടി കോടികൾ ചെലവിട്ടിരിക്കുന്നത്.