/sathyam/media/media_files/xpeluGoYAnNNrfNKvrvI.jpg)
തിരുവനന്തപുരം: യാക്കാബോയ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രിയിൽ നിന്നുണ്ടായ ആക്ഷേപകരമായ പരാമർശം പാർട്ടിയിലെ വിമർശകർക്കുളള സന്ദേശമോ ? തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ 5 ദിവസത്തെ സി.പി.എം സംസ്ഥാന നേതൃയോഗങ്ങൾ നടക്കാനിരിക്കുകയാണ്. തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരം ആണെന്ന ബോധ്യം എല്ലായിടത്തുമുളളതിനാൽ പാർട്ടി കമ്മിറ്റികളിൽ അത് ശക്തമായി ഉന്നയിക്കപ്പെട്ടേക്കാം. ഈ സാധ്യത കണക്കിലെടുത്ത് ഒരു മുഴം മുൻപേയുളള ഏറാണ് മാർ കൂറിലോസിന് എതിരായ ആക്ഷേപ പരാമർശമെന്നാണ് സൂചന.
സർക്കാരിന് എതിരെ ഉയരുന്ന വിമർശനങ്ങൾ അതിനെ നയിക്കുന്ന മുഖ്യമന്ത്രിക്ക് എതിരെ കൂടിയാണെന്ന് പിണറായി വിജയന് അറിയാം. അത്തരം ശക്തമായ വിമർശനങ്ങൾ ഉയർന്നാൽ മാർ കൂറിലോസിന് നൽകിയത് പോലുളള മറുപടിയാകും ഉണ്ടാവുക എന്ന സന്ദേശം നൽകുന്നതിലൂടെ വിമർശനങ്ങൾക്ക് തടയിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് എന്നാണ് പാർട്ടിക്ക് ഉളളിലെ രഹസ്യ ചർച്ച.
ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം സർക്കാരും ഇടത് മുന്നണിയും സി.പി.എമ്മും തെറ്റ് തിരുത്തണമെന്നും ശൈലിമാറ്റണമെന്നുമുളള ആവശ്യം ശക്തമാണ്. മുഖ്യമന്ത്രി അടക്കമുള്ള പാർട്ടിയിലും പോഷക സംഘടനകളിലുമുളള നേതാക്കളുടെ ധാർഷ്ട്യം, പൊതുവേദികളിലെ പെരുമാറ്റം എന്നിവയിൽ എല്ലാമാണ് തിരുത്തൽ വരേണ്ടതെന്നാണ് പൊതുവിൽ ഉയരുന്ന ആവശ്യം
ഇന്നലെ സമാപിച്ച സി.പി.ഐ ദേശിയ നിർവാഹക സമിതി യോഗത്തിൽ തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ വിശദീകരിച്ച കേരളത്തിൽ നിന്നുളള നേതാക്കൾ ഭരണവിരുദ്ധ വികാരത്തിനൊപ്പം സി.പി.എം നേതാക്കളുടെ ധിക്കാരപരമായ സമീപനങ്ങൾക്കെതിരായ വികാരവും പരാജയത്തിൽ പ്രതിഫലിച്ചതായി ചൂണ്ടിക്കാട്ടിയിരുന്നു.
മുന്നണിയിലെ ഘടകകക്ഷികൾ വരെ തിരുത്തൽ ആവശ്യപ്പെടുന്നുണ്ട്. അപ്പോഴാണ് ഏതൊക്കെ കാര്യങ്ങളിലാണോ തിരുത്തൽ ആവശ്യപ്പെടുന്നത്, അതിലൊക്കെ തിരുത്തൽ അല്ല തുടർച്ചയാണുണ്ടാകാൻ പോകുന്നതെന്ന് പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി സമൂഹം ആദരിക്കുന്ന മതമേലധ്യക്ഷനെ വിവരദോഷിയെന്ന് വിളിച്ച് ആക്ഷേപിച്ചത്. മുഖ്യമന്ത്രിയുടെ ഈ പ്രതികരണം പൊതുസമൂഹത്തിൽ വലിയ അതൃപ്തിയും അമർഷവുമാണ് ഉണ്ടാക്കിയിരിക്കുന്നത്. എല്ലാവരെയും ഒരുപോലെ കാണേണ്ട, വിമർശനങ്ങളെ ജനാധിപത്യപരമായി സ്വീകരിക്കേണ്ട മുഖ്യമന്ത്രി പദവിയിൽ ഇരുന്നുകൊണ്ട് ആർക്കുമെതിരെ ഇത്തരമൊരു പരാമർശം നടത്താൻ പാടില്ല എന്നാണ് പൊതുവികാരം.
മുഖ്യമന്ത്രിയെ എല്ലാകാര്യങ്ങളിലും ശക്തമായി പിന്തുണക്കുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ പോലും മാർ കൂറിലോസിനെതിരായ പരാമർശത്തെ തളളിപ്പറഞ്ഞു. പാർട്ടി സെക്രട്ടറി പദവിയിലിരിക്കുന്ന പിണറായി വിജയൻ പറയുന്ന എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി കസേരയിൽ ഇരുന്നുകൊണ്ട് പറയാൻ പാടില്ലെന്നായിരുന്നു വെളളാപ്പളളിയുടെ പ്രതികരണം.
തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റ് നിൽക്കുമ്പോൾ മുഖ്യമന്ത്രിയിൽ നിന്ന് ഇത്തരമൊരു പ്രതികരണം ഉണ്ടായതിൽ പാർട്ടി നേതൃത്വത്തിലുളളവർക്കും അതൃപ്തിയുണ്ട്. എന്നാൽ മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതികരിക്കാനോ വിമർശനം ഉന്നയിക്കാനോ അദ്ദേഹത്തെ തിരുത്താനോ ആർക്കും ധൈര്യമില്ല.
പാർട്ടിയ്ക്കകത്തുളള ഈ ഭയം തന്നെയാണ് എല്ലാ തിരുത്തൽ പ്രക്രിയയേയും പിന്നോട്ട് വലിക്കുകയും ചെയ്യുന്നതെന്ന് ഈ നേതാക്കൾ തന്നെ സമ്മതിക്കുന്നു. എതിർ സ്വരം ഉയർത്തുന്നവർക്ക് നേരെ വൈരനിര്യാതന സ്വഭാവത്തോടെയുളള നടപടികൾ ഉണ്ടാകുന്നതാണ് പതിവ്. എല്ലാ നേതാക്കൾക്കും എന്തെങ്കിലും ഒക്കെ നഷ്ടപ്പെടാനുളളത് കൊണ്ട് ആരും അനങ്ങില്ല. അതാണ് തിരുത്തലിന് മുറവിളി ഉയരുന്ന ഘട്ടത്തിലും അതിന് വിരുദ്ധമായ ധാർഷ്ട്യം കലർന്ന പരാമർശങ്ങൾ ആവർത്തിക്കുന്നതെന്നാണ് ആക്ഷേപം.
പാർട്ടിയിലെ വിമർശനങ്ങൾക്ക് തടയിടാൻ കാലേകൂട്ടി അണകെട്ടുമ്പോൾ ഫലം അവലോകനം ചെയ്യാൻ ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ കാര്യമായൊന്നും സംഭവിക്കില്ലെന്ന് ഉറപ്പിക്കാം. എതിർ സ്വരങ്ങൾ ഉയരുന്നത് തടയാൻ കുറിലോസിന് എതിരെ പ്രയോഗിച്ച ആക്ഷേപ പരാമർശം ഗുണം ചെയ്തെന്ന് സാരം.
തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഏറ്റ കനത്ത തോൽവിയെ തുടർന്നാണ് ഇടത് സഹയാത്രികനായി അറിയപ്പെടുന്ന യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഡോ.ഗീവർഗിസ് മാർ കൂറിലോസ് ഫേസ് ബുക്കിലൂടെ വിമർശനം ഉന്നയിച്ചത്.
ധാർഷ്ട്യവും ധൂർത്തും തുടർന്നാൽ ഇതിലും വലിയ തിരിച്ചടി ഉണ്ടാകുമെന്നും കിറ്റ് രാഷ്ട്രീയത്തിൽ ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ലെന്നുമായിരുന്നു മാർ കൂറിലോസിൻെറ എഫ്.ബി പോസ്റ്റിൻെറ പ്രസക്തഭാഗം. ഇതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചതും ഇടത് സഹയാത്രികനെന്ന് അറിഞ്ഞിട്ടും ആക്ഷേപകരമായ പരാമർശം നടത്തിയതും. എന്നാൽ തോൽവിയിൽ തിരുത്തൽ ആവശ്യപ്പെട്ട് വിമർശനം ഉന്നയിച്ചത് മാർ കൂറിലോസ് മാത്രമല്ല. ‘സമസ്ത’ മുഖപത്രത്തിന്റെ മുഖപ്രസംഗം ശക്തമായ വിമർശനം ഉന്നയിച്ചു.
പിണറായിയുടെ ധാർഷ്ട്യം മുതൽ എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയം വരെയുളള ഘടകങ്ങൾ കനത്ത തോൽവിയുടെ കാരണങ്ങളാണെന്നാണ് മുഖപ്രസംഗം ചൂണ്ടിക്കാട്ടിയത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനും തോൽവിയിൽ സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. സർക്കാരിൻെറയും സി.പി.എമ്മിൻെറയും മുസ്ളീം പ്രീണനമാണ് പാർട്ടിക്ക് ഒപ്പം ഉറച്ചുനിന്നിരുന്ന അടിസ്ഥാന വിഭാഗങ്ങളായ ഈഴവരാദി പിന്നോക്കവിഭാഗങ്ങളുടെ വോട്ട് ബി.ജെ.പിയിലേക്ക് പോകാൻ കാരണമെന്നായിരുന്നു വെളളാപ്പളളിയുടെ പ്രതികരണം.
മാർ കൂറിലോസിനെ കർശനമായി നേരിട്ടത് പോലെ സമസ്തയുടെ പത്രത്തെയും വെളളാപ്പളളിയേയും കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി തയാറായില്ല എന്നത് ശ്രദ്ധേയമാണ്. അപ്പോഴാണ് എന്തു കൊണ്ട് മാർ കൂറിലോസിനെ മാത്രം തിരഞ്ഞുപിടിച്ച് അധിക്ഷേപിച്ചു എന്ന ചോദ്യം ഉയരുന്നത്. അതിന് ഒറ്റ ഉത്തരമേയുളളു എന്നാണ് പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു, മാർ കൂറിലോസ് ഇടത് സഹയാത്രികനാണ്! . പുറത്തുനിന്ന് എത്ര കടുത്ത വിമർശനം ഉയർന്നാൽ പോലും സഹിക്കും, ഇടത് കൂടാരത്തിൽ നിന്ന് അത് പാടില്ല എന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകിയത് എന്നാണ് പൊതുവെ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുളള സി.പി.എം നേതൃയോഗങ്ങൾക്ക് മുന്നോടിയായിട്ടാണ് ഈ താക്കീത് എന്നതിനാൽ വിമർശനത്തിന് തയാറെടുക്കുന്ന പാർട്ടി നേതാക്കൾക്കുളള കൃത്യമായ മുന്നറിയിപ്പാണ് മാർ കൂറിലോസിനെ അധിക്ഷേപിക്കുന്നതിലൂടെ ചെയ്തതെന്ന് ഉറപ്പിക്കാം.