തിരുവനന്തപുരം: ഡൽഹിയിൽ ’ദി ഹിന്ദു’ ദിനപത്രത്തിന് നൽകിയ അഭിമുഖം തന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി നൽകിയ നോട്ടീസ് മുഖ്യമന്ത്രിക്ക് കനത്ത തിരിച്ചടിയായി. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ ദേശീയ തലത്തിൽ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് പബ്ലിക് റിലേഷൻസ് ഏജൻസിയെ ഉപയോഗിക്കുന്നെന്ന് വ്യക്തമായി.
മലപ്പുറം പരാമർശങ്ങൾ പി.ആർ ഏജൻസി എഴുതി നൽകിയതാണെന്ന് ദി ഹിന്ദു വ്യക്തമാക്കിയതോടെ മുഖ്യമന്ത്രിക്ക് തിരിച്ചടിയായി. ഹിന്ദുവിന്റെ ഡെപ്യൂട്ടി എഡിറ്ററും മലയാളിയുമായ ശോഭനാ കെ നായരാണ് ഡൽഹിയിൽ മുഖ്യമന്ത്രിയുടെ അഭിമുഖം എടുത്തത്.
ഈ സമയം മുഖ്യമന്ത്രിക്കൊപ്പം പി.ആർ ഏജൻസിയുടെ രണ്ട് പ്രതിനിധികൾ കൂടിയുണ്ടായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഉത്തരങ്ങൾ പിന്നീട് പി.ആർ ഏജൻസി എഴുതി നൽകുകയായിരുന്നു. ഇത് മുഖ്യമന്ത്രി പറഞ്ഞതായി അഭിമുഖത്തിൽ ഉൾപ്പെടുത്തിയതിലാണ് ദ് ഹിന്ദു ഖേദം പ്രകടിപ്പിച്ചത്. മലപ്പുറത്തെക്കുറിച്ചുള്ള ഭാഗം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതാണ് എന്ന് അറിയിച്ചാണ് പി.ആർ ഏജൻസി കൈമാറിയത്.
ശിവസേനയ്ക്ക് അടക്കം പി.ആർ വർക്കുകൾ ചെയ്യുന്ന കെയ്സൺ എന്ന ഏജൻസിയുടെ മലയാളികളായ രണ്ടു ജീവനക്കാരാണ് മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ ഒപ്പമുണ്ടായിരുന്നത്.
അരമണിക്കൂറാണ് ദ് ഹിന്ദു ലേഖികയോട് മുഖ്യമന്ത്രി സംസാരിച്ചത്. ഇതിനു പുറമെയാണ് പി.ആർ ഏജൻസി മറുപടികൾ എഴുതി നൽകിയത്. ഇത് ദ് ഹിന്ദു രേഖയായി സൂക്ഷിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ അതും പുറത്തുവിടുമെന്നാണ് ദ് ഹിന്ദുവുമായി ബന്ധമുള്ളവർ പറയുന്നത്. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ ഉയർത്താൻ ദേശീയ തലത്തിൽ പി.ആർ ഏജൻസിയെ ലക്ഷക്കണക്കിന് രൂപ ചെലവിട്ട് നിയോഗിച്ചിട്ടുണ്ടെന്ന് നേരത്തേ പ്രതിപക്ഷ നേതാവ് അടക്കം ഉന്നയിച്ചിരുന്നതാണ്.
എന്നാൽ അന്നൊക്കെ വെറും ആരോപണമായി തള്ളുകയായിരുന്നു മുഖ്യമന്ത്രിയും സർക്കാരും. എന്നാൽ ദ് ഹിന്ദുവിന്റെ വിശദീകരണത്തോടെ മുഖ്യമന്ത്രി പി.ആർ ഏജൻസിയുടെ സേവനം ഉപയോഗപ്പെടുത്തുന്നതായി വ്യക്തമായി. കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തിന്റെ വിവരങ്ങൾ നൽകിയതിനൊപ്പമാണ് മലപ്പുറത്തെക്കുറിച്ച് അനാവശ്യ പരാമർശങ്ങൾ ഉൾപ്പെടുത്തിയത്.
കരുത്തനായ മുഖ്യമന്ത്രി എന്ന് പ്രതിച്ഛായയുള്ള പിണറായി വിജയൻ, മാദ്ധ്യമങ്ങളുമായി പൊതുവേ അകലം പാലിക്കാറുള്ളതാണ്. പതിവുള്ള പത്രസമ്മേളനത്തിൽ പോലും ചോദ്യങ്ങൾക്ക് കുറച്ച് സമയം മാത്രമേ ചെലവിടൂ. ആ മുഖ്യമന്ത്രിയാണ് പ്രതിച്ഛായ കൂട്ടാൻ ഡൽഹിയിൽ ദേശീയ തലത്തിലുള്ള പി.ആർ ഏജൻസിയുടെ സേവനം തേടിയത്.
പി.ആർ ഏജൻസി അങ്ങോട്ടു ചെന്ന് മുഖ്യമന്ത്രിയുടെ അഭിമുഖമെടുക്കണമെന്ന് ദ് ഹിന്ദുവിനോട് അഭ്യർത്ഥിക്കുകയായിരുന്നു. അഭിമുഖ സമയത്ത് മുഖ്യമന്ത്രിക്കൊപ്പം പി.ആർ ഏജൻസിയിലെ രണ്ട് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അതാണ് പി.ആർ ഏജൻസിയുടെ മറുപടി അതേപടി പ്രസിദ്ധീകരിക്കാൻ ദ് ഹിന്ദുവിനെ പ്രേരിപ്പിച്ചത്.
അഭിമുഖത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ പത്രം വളച്ചൊടിച്ചെന്നും ഇക്കാര്യത്തിൽ തിരുത്തൽ വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ് ഹിന്ദുവിന്റെ എഡിറ്റർക്ക് കത്തയച്ചിരുന്നു. മലപ്പുറത്തെക്കുറിച്ച് മുഖ്യമന്ത്രി അഭിമുഖത്തിൽ പരാമർശിച്ചില്ലെന്നും ദേശവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും ഹിന്ദുവിനുള്ള കത്തിൽ പറയുന്നു.
ഇതോടെയാണ് ‘ദി ഹിന്ദു’ വിശദീകരണവുമായി രംഗത്തെത്തിയത്. പത്രം ഖേദം പ്രകടിപ്പിച്ചെങ്കിലും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ പി.ആർ ഏജൻസിയുടെ സേവനം തേടിയെന്നത് മുഖ്യമന്ത്രിക്ക് വൻ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
അഭിമുഖത്തിൽ പറയുന്നത് - ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ യു.ഡി.എഫും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ മുസ്ലീം തീവ്രവാദികളും സർക്കാരിനെ ആക്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഹിന്ദു ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആർ.എസ്.എസ് മേധാവിയുമായി എ.ഡി.ജി.പി അജിത് കുമാർ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ്. ഇടതുപക്ഷവും സി.പി.എമ്മും ആർ.എസ്.എസിനെയും ഹിന്ദുത്വ ശക്തികളെയും എക്കാലവും എതിർത്തിട്ടുണ്ട്.
സർക്കാരിനെതിരെ ഉയരുന്ന കള്ളക്കഥകൾ കേരളത്തിൽ ആരും വിശ്വസിക്കില്ല. ആരോപണങ്ങൾക്ക് വ്യക്തമായ കാരണങ്ങളുണ്ട്. ഏറെക്കാലം യു.ഡി.എഫിനൊപ്പമായിരുന്ന ന്യൂനപക്ഷ സമുദായങ്ങൾ ഇപ്പോൾ എൽ.ഡി.എഫിനെ പിന്തുണയ്‌ക്കുന്നു. ഇത് തെരഞ്ഞെടുപ്പിൽ ദോഷകരമായി ബാധിക്കുമെന്ന് മനസിലാക്കി യു.ഡി.എഫ് ബോധപൂർവം ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നു.
സ്വർണക്കടത്തും ഹവാല പണവും കടത്തുന്നതുമായി ബന്ധപ്പെട്ടുള്ള പൊലീസ് ഇടപെടലുകളും ആരോപണങ്ങൾക്ക് പ്രേരകമായി. മലപ്പുറം ജില്ലയിൽ നിന്ന് അഞ്ച് വർഷത്തിനിടെ പൊലീസ് പിടികൂടിയത് 123 കോടി രൂപ ഹവാലാ പണവും 150 കിലോ സ്വർണവുമാണ്. ദേശ- സംസ്ഥാന വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കാനുള്ള പണമാണിത്. ഈ നടപടിയോടുള്ള പ്രതികരണം കൂടിയാണ് ആരോപണങ്ങൾ. സർക്കാർ മുസ്ലീങ്ങൾക്കെതിരെയാണ് പ്രവർത്തിക്കുന്നതെന്ന് ഈ ശക്തികൾ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നു.