/sathyam/media/media_files/ok2O9T3TXu6BpjyZHyi7.jpg)
പാലക്കാട്: കെ.ടി.ഡി.സി ചെയർമാനും മുൻ എം.എൽ.എയുമായ പി.കെ.ശശിക്കെതിരെ സി.പി.എമ്മിൻെറ അച്ചടക്ക നടപടി. ശക്തനായ നേതാവായി വിരാജിച്ചിരുന്ന ജില്ലാ കമ്മിറ്റി അംഗം പി.കെ. ശശിയെ പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നെല്ലാം നീക്കി.
തിരഞ്ഞടുക്കപ്പെട്ട സ്ഥാനത്ത് നിന്ന് നീക്കിയതോടെ ശശി പാർട്ടിയുടെ പ്രാഥമിക അംഗം മാത്രമായി. പാർട്ടിതല അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കടുത്ത നടപടി സ്വീകരിച്ചത്. സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദൻെറ സാന്നിധ്യത്തിൽ നടന്ന ജില്ലാകമ്മിറ്റി യോഗമാണ് ശശിക്ക് എതിരെ നടപടി എടുത്തത്.
പാർട്ടിയുടെ സാധാരണ അംഗമായി ചുരുങ്ങിയതോടെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്നും ശശിയെ നീക്കുമെന്ന് സൂചനയുണ്ട്. പി.കെ. ശശിയുടെ തട്ടകമായ മണ്ണാർക്കാട് ഏരിയാ കമ്മിറ്റിയുടെ പ്രവർത്തനം മരവിപ്പിക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ജില്ലാ കമ്മിറ്റി അംഗം ടി.എം.ശശിക്കാണ് മണ്ണാർക്കാട് ഏരിയാ കമ്മിറ്റിയുടെ ചുമതല നൽകിയിരിക്കുന്നത്. പാലക്കാട് ജില്ലാ നേതൃത്വത്തിൽ സർവശക്തനായി വാണിരുന്ന പി.കെ. ശശിക്കെതിരെ നടപടി ഉണ്ടാകുന്നത് ഇത് രണ്ടാം തവണയാണ്. ഡി.വൈ.എഫ്.ഐ വനിതാ നേതാവിൻെറ പീഡന പരാതിയെ തുടർന്നായിരുന്നു ആദ്യ നടപടി.
കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയായിരുന്നു പരാതി അന്വേഷിച്ചത്. അന്വേഷണത്തിൽ പരാതി ശരിയാണെന്ന് കണ്ടെത്തിയതോടെ ജില്ലാ സെക്രട്ടേറിയേറ്റംഗമായിരുന്ന പി.കെ. ശശിയെ അന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയായിരുന്നു. ഷൊർണൂർ എം.എൽ.എ ആയിരിക്കെയായിരുന്നു നടപടി.
ഷൊർണൂരിൽ ഒരുടേം മാത്രം എം.എൽ.എയായിരുന്ന പി.കെ. ശശിക്ക്, 2021ൽ സീറ്റ് നൽകിയില്ല. ഇതും നടപടിയായി വ്യാഖ്യാനിക്കപ്പെട്ടെങ്കിലും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിൻെറ കീഴിൽ കെ.ടി.ഡി.സി ചെയർമാനായി നിയമനം കിട്ടി. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനമാണ് കെ.ടി.ഡി.സി. പീഡന പരാതിയിൽ നടപടി നേരിട്ടിട്ടും പി.കെ. ശശിക്ക് വീണ്ടും ഉന്നതസ്ഥാനം ലഭിച്ചത് പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും ഞെട്ടിച്ചിരുന്നു.
സംസ്ഥാന സെന്ററിൽ പ്രവർത്തിക്കുന്ന എ.കെ. ബാലൻെറ നിർലോഭമായ പിന്തുണയിലാണ് പി.കെ. ശശി പാലക്കാട്ടെ പാർട്ടിയിൽ മാടമ്പി ഭരണം നടത്തിയിരുന്നത്.എന്നാൽ പാലക്കാടെ പാർട്ടിയിലെ ശാക്തിക ബലാബലത്തിൽ മാറ്റം വന്നു. അതിൻെറ ഫലമാണ് ഇപ്പോൾ പാർട്ടി സമ്മേളനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശശിക്കെതിരെ കടുത്ത നടപടി എടുത്തത്.
പാലക്കാട്ടെ പാർട്ടിയുടെ നിയന്ത്രണം ഇപ്പോൾ മന്ത്രി എം.ബി. രാജേഷിൻെറ കൈകളിലാണ്. ഡി.വൈ.എഫ്.ഐ വനിതാ നേതാവിൻെറ പരാതിയിൽ ശശിക്കെതിരെ ശക്തമായ നിലപാട് എടുത്തത് രാജേഷായിരുന്നു.
രാജേഷിൻെറ വളർച്ച തടയാൻ ശശിക്കൊപ്പം ചേർന്ന് എ.കെ. ബാലനും ഇടപെട്ടതോടെ രാജേഷും യുവജന നേതൃത്വവും എതിർ നിലപാട് സ്വീകരിച്ചു. ഇതോടെയാണ് പാലക്കാട്ടെ പാർട്ടിയിൽ എ.കെ. ബാലൻെറ പിടിയയഞ്ഞത്. ബാലൻ ക്ഷീണിച്ചതോടെ ജില്ലയിൽ വലംകൈയ്യായിരുന്ന ശശിയും ദുർബലനായി. അഞ്ച് കൊല്ലം മുൻപുളള പരാതിയിൽ അടക്കം ഇപ്പോൾ നടപടി വന്നതിൻെറ കാരണവും ഈ മാറ്റങ്ങൾ തന്നെ.
പി.കെ. ശശി ചെയർമാൻ പദവി വഹിക്കുന്ന മണ്ണാർക്കാട്ടെ യൂണിവേഴ്സൽ കോ-ഓപ്പറേറ്റീവ് കോളജിൻെറ ഓഹരി ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇപ്പോഴത്തെ നടപടിയുടെ പ്രധാന കാരണം. പ്രദേശത്തെ എല്ലാ സഹകരണ ബാങ്കുകളെ കൊണ്ടും കോളജിൻെറ ഓഹരി വാങ്ങിപ്പിച്ചിരുന്നു. ചെറിയ സഹകരണ സ്ഥാപനങ്ങളെ കൊണ്ടുപോലും 25 ലക്ഷം രൂപയുടെ ഓഹരി എടുപ്പിച്ചു.
ഇത് സംബന്ധിച്ച് പരാതി വന്നതോടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ പുത്തലത്ത് ദിനേശൻ, ആനാവൂർ നാഗപ്പൻ എന്നിവരടങ്ങുന്ന കമ്മീഷനെ അന്വേഷണത്തിനായി നിയോഗിച്ചു. മണ്ണാർക്കാട് ഏരിയക്ക് പുറത്തുളള സഹകരണസ്ഥാപനങ്ങളെകൊണ്ടും കോളജിൽ ഓഹരി എടുപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഓഹരി സമാഹരണത്തിന് പിന്നിൽ ശശിയുടെ ഇടപെടലാണെന്നും കമ്മീഷൻ കണ്ടെത്തി.
മണ്ണാർക്കാട് ഏരിയാ കമ്മിറ്റി കേന്ദ്രീകരിച്ച് വിഭാഗീയ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന പരാതിയും കമ്മീഷൻെറ മുന്നിൽ വന്നിരുന്നു. അതിലും പി.കെ.ശശിയായിരുന്നു പ്രതി സ്ഥാനത്ത്. ഇതാണ് കടുത്ത നടപടിക്ക് കാരണമായത്. പാലക്കാട് നടന്ന ജില്ലാ സമ്മേളനത്തിൻെറ പണപ്പിരിവിൻെറ കണക്ക് നൽകിയില്ലെന്ന പരാതിയും ശശിക്കെതിരെ ഉണ്ട്.
ഇപ്പോൾ സാധാരണ പാർട്ടി അംഗമായി ചുരുങ്ങിയെങ്കിലും സെപ്റ്റംബറിൽ ആരംഭിക്കുന്ന സമ്മേളനങ്ങളിലൂടെ പാർട്ടിയുടെ ഉന്നത ശ്രേണിയിലേക്ക് തിരിച്ചുവരാൻ ശശിക്ക് കഴിയും. എന്നാൽ അതിനും നേതൃത്വത്തിൻെറ പച്ചക്കൊടി വേണം. അതുണ്ടാകുമോ എന്നാണ് അറിയാനുളളത്.