പ്രധാനമന്ത്രി വയനാട് സന്ദർശിക്കും. സന്ദർശന തീയതി അന്തിമമായി തീരുമാനിച്ചിട്ടില്ലെങ്കിലും ശനിയാഴ്ചയോ ഞായറാഴ്ചയോ പ്രധാനമന്ത്രി വയനാട്ടിൽ എത്തിയേക്കും. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനും നിർദേശങ്ങൾ നൽകുന്നതിനും എസ്.പി.ജി ഉദ്യോഗസ്ഥർ നാളെ സംസ്ഥാനത്തെത്തും. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശന തീരുമാനം വിമർശനം ശക്തമാകുന്നതിനിടെ

വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ സ്ഥലങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നു

New Update
narendra modi-4

തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ സ്ഥലങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നു. സന്ദർശന തീയതി അറിയിച്ചിട്ടില്ലെങ്കിലും ശനിയാഴ്ചയോ ഞായറാഴ്ചയോ ദുരന്തസ്ഥലങ്ങളായ മുണ്ടക്കൈ - ചൂരൽമല സന്ദർശിക്കുമെന്നാണ് സംസ്ഥാന സ‍ർക്കാരിന് ലഭിച്ചിരിക്കുന്ന അനൗദ്യോഗിക വിവരം.

Advertisment

എന്നാൽ ദുരന്തസ്ഥലം സന്ദർശിക്കാൻ പ്രധാനമന്ത്രി എത്തുന്നു എന്ന വിവരം  ഔദ്യോഗികമായി തന്നെ  അറിയിച്ചിട്ടുണ്ട്. സന്ദർശനത്തിന് മുന്നോടിയായുളള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ( എസ്.പി.ജി) ഉദ്യോഗസ്ഥർ വ്യാഴാഴ്ച കേരളത്തിൽ എത്തുമെന്നും സംസ്ഥാനത്തെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. 


എസ്.പി.ജി ഉദ്യോഗസ്ഥർ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും പ്രധാനമന്ത്രിയുടെ സന്ദർശന തീയതി അന്തിമമായി നിശ്ചയിക്കുക.


കുന്നുകളും താഴ്വരകളും മലകളും നിറഞ്ഞ ഭൂപ്രകൃതിയായതിനാൽ ഉയർന്ന മേഖലകളിലൊക്കെ പൊലിസുകാരെ നിയോഗിക്കേണ്ടി വരും. ഏതെല്ലാം സ്ഥലങ്ങളിൽ പൊലിസിനെ വിന്യസിക്കണം എന്നത് അടക്കമുളള കാര്യങ്ങൾ എസ്.പി.ജി ഉദ്യോഗസ്ഥർ വിലയിരുത്തും. ദുരന്തം നടന്ന സ്ഥലത്തേക്ക് റോഡ് മാർഗമുളള യാത്ര ഒഴിവാക്കാൻ ഹെലികോപ്റ്ററിൽ എത്തുന്നതും പരിഗണനയിലുണ്ട്.

ദുരന്തബാധിതരെ പാ‍‍ർപ്പിച്ചിരിക്കുന്ന ക്യാംപുകളിൽ പ്രധാനമന്ത്രി എത്തുമോയെന്ന കാര്യത്തിലും സ്ഥിരീകരണമില്ല. സുരക്ഷക്രമീകരണങ്ങൾ വിലയിരുത്താൻ എത്തുന്ന എസ്.പി.ജി ഉദ്യോഗസ്ഥർ പരിശോധനക്ക് ശേഷമേ ക്യാംപുകൾ സന്ദർശിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

മിക്കവാറും ശനിയാഴ്ച പ്രധാനമന്ത്രി കേരളത്തിലെത്താനാണ് സാധ്യത. വ്യോമസേനാ വിമാനത്തിൽ കരിപ്പൂ‍രോ, കണ്ണൂരോ വിമാനമിറങ്ങിയശേഷം ഹെലികോപ്റ്റർ മാർഗം വയനാട്ടിലെ കൽപ്പറ്റയിലോ മേപ്പാടിയിലോ ഇറങ്ങുന്നതാണ് പരിഗണിക്കുന്നത്.


പ്രധാനമന്ത്രി ദുരന്തസ്ഥലം സന്ദർശിക്കാൻ എത്തുന്നതിനെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രിസഭാ ഉപസമിതി സ്വാഗതം ചെയ്തു.


എല്ലാവരും വരണം, പരമാവധി സഹായം ലഭിക്കണം എന്നാണ് സംസ്ഥാന സർക്കാർ താൽപര്യപ്പെടുന്നതെന്ന് റവന്യുമന്ത്രി കെ.രാജൻ പ്രതികരിച്ചു. ഗൗരവ സ്വഭാവത്തിലുളള ദുരന്തങ്ങളെ ഉൾപ്പെടുത്തുന്ന എല്‍ 3 വിഭാഗത്തിൽ ഉൾപ്പെടുത്തി വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും മന്ത്രി കെ. രാജൻ ആവ‍ർത്തിച്ചു.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കണെമന്ന് ആവശ്യപ്പെടുന്നത് സർക്കാരിന് വേണ്ടിയല്ല, നാടിന് ആകെ വേണ്ടിയാണ്. ദുരന്തത്തിന് ഇരയായവർക്ക് കൂടുതൽ സഹായം ലഭിക്കുന്നതിനും പുനരധിവാസത്തിന് വേണ്ടി രൂപം കൊടുക്കുന്ന ടൗൺഷിപ്പ് എന്ന ആശയത്തെ കൂടുതൽ സമൂർത്തമാകുന്നതിന് അത് ഉപകരിക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.

വയനാട് ദുരന്തത്തേക്കാൾ വളരെ കുറവ് മരണസംഖ്യ ഉണ്ടായ ഇതര സംസ്ഥാനങ്ങളിലെ ദുരന്തങ്ങളെ ദേശീയ  ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ദുരന്തസ്ഥലം സന്ദർശിക്കാൻ എത്തുമ്പോൾ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണെമന്ന ആവശ്യം സംസ്ഥാനം ആവ‍ർത്തിക്കും.

 ചെറിയ കാര്യങ്ങൾക്ക് പോലും കേരളത്തിലേക്ക് പറന്നിറങ്ങുന്ന പ്രധാനമന്ത്രി  വയനാട് സന്ദർശിക്കാൻ കൂട്ടാക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ദുരന്തസ്ഥലത്ത് എത്താതിനെതിരായ വിമ‍ർശനങ്ങളും ശക്തമാകുന്നതിനിടയിലാണ് നരേന്ദ്രമോദി സന്ദർശനം പ്രഖ്യാപിച്ചിരിക്കുന്നത്.

ദുരന്തം ഉണ്ടായി ഒരാഴ്ച കഴിഞ്ഞിട്ടും പ്രധാന മന്ത്രി വയനാട് സന്ദർശിക്കാത്തതിന് എതിരായ വിമ‍ർശനം സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിരുന്നു. രക്ഷാപ്രവർത്തനത്തിലുും തിരച്ചിലിലും വ്യാപൃതരായ പൊലീസിൻെറ ശ്രദ്ധമാറുമെന്ന് കരുതിയാണ് പ്രധാനമന്ത്രി സന്ദർശനം നീട്ടിവെയ്ക്കുന്നതെന്ന് ന്യായീകരിച്ച് നോക്കിയെങ്കിലും കോൺഗ്രസ് നേതാക്കൾ കൂടി വിമർശനം കടുപ്പിച്ചതോടെ ബി.ജെ.പി വെട്ടിലായിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുൻപ് നിരന്തരം കേരളം സന്ദർശിച്ചിരുന്ന പ്രധാനമന്ത്രി, സംസ്ഥാനത്തെ ഞെട്ടിച്ച ദുരന്തം ഉണ്ടായിട്ടും തിരിഞ്ഞു നോക്കാത്തത് വിവേചനമാണെന്നാണ് പൊതുവിൽ  ഉയർന്ന വിമർശനം.

പ്രളയം, പുറ്റിങ്ങൽ വെടിക്കെട്ട് അപകടം എന്നിങ്ങനെയുളള എല്ലാ അപകടഘട്ടങ്ങളിലും കേരളം സന്ദർശിച്ചിട്ടുളള പ്രധാനമന്ത്രി വയനാട് ദുരന്തസ്ഥലത്ത് മാത്രം എത്താത്തതാണ് ചർച്ചകൾക്ക് വഴിവെച്ചത്. വിമർശനങ്ങൾ കണക്കിലെടുത്ത് വയനാട് സന്ദർശന വേളയിൽ പ്രധാനമന്ത്രി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Advertisment