/sathyam/media/media_files/ecWvo70DWdfIlJEuZD1s.jpg)
മലപ്പുറം: മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം വീണ്ടും വിവാദത്തിൽ. വിവാദങ്ങളുടെ സഹയാത്രികനായ പി.എം.എ സലാം ഇക്കുറി ഏറണാകുളത്ത് നടന്ന മുസ്ലീംലീഗ് ജില്ലാ ക്യാംപിലെ പ്രസംഗത്തിൻെറ പേരിലാണ് വിവാദത്തിലായിരിക്കുന്നത്. ലീഗ് ക്യാംപിൽ സലാം നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ സുന്നികളെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമസ്തയുടെ വിദ്യാർത്ഥി സംഘടനയായ എസ്.കെ.എസ്. എസ്.എഫ് രംഗത്ത് വന്നതോടെയാണ് സലാം വീണ്ടും കുഴപ്പത്തിലായത്.
എസ്.കെ.എസ്.എസ്.എഫിന് പിന്നാലെ സമസ്ത കൂടി പ്രതിഷേധം അറിയിച്ചു. ഇതോടെ നിൽക്കക്കളളിയില്ലാതായ പി.എം.എ സലാം ഒടുവിൽ ഖേദം പ്രകടിപ്പിച്ച് വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിക്കുകയാണ്. പ്രസംഗത്തിന് ഇടയിലെ പ്രയോഗങ്ങൾക്ക് മറ്റൊരു വ്യാഖ്യാനം വന്നതിൽ ഖേദം പ്രകടിപ്പിക്കുന്നതായി പി.എം.എ സലാം ഫേസ്ബുക്കിൽ കുറിച്ചു.
പ്രസംഗത്തിലെ ചില ഭാഗങ്ങൾമാത്രം പ്രചരിപ്പിച്ചതാണ് വിവാദം ഉണ്ടാക്കിയതെന്നും സലാം ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. പാർട്ടിയിൽ ഗ്രൂപ്പിസം ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന് പറഞ്ഞു വരുന്നതിനിടെ സലാം നടത്തിയ നാടൻ പ്രയോഗമാണ് സമസ്തയുടെയും സുന്നികളുടെയും എതിർപ്പ് ക്ഷണിച്ചു വരുത്തിയത്.
'' സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്ന ഗ്രൂപ്പ്, അതിനപ്പുറം ഒരു ത്വരീഖത്തിൻെറ ഇമാമുമാരും നമുക്ക് ആവശ്യമില്ല, ഒരു ജില്ലയിലും. എന്തിനാ എത്ര മുരീദന്മാരാ ഈ നടക്കണെ. എന്തിനാ അതിൻെറ ആവശ്യം, നേരിട്ട് പടച്ചോനോട് പറഞ്ഞാൽ പോരെ. ഞാൻ അയിൻെറ ആളാ. അപ്പോ അതുകൊണ്ട്, നാസർ സാഹിബ് ദേ മലയാളത്തിൽ പറഞ്ഞു. ഇടയാളന്മാര് വേണ്ട.'' പ്രസംഗത്തിലെ ഈ പരാമർശമാണ് വിവാദമായത്.
നേരത്തെ തന്നെ സമസ്തയുടെ അപ്രീതിക്കിരയായിട്ടുളള സലാമിൻെറ വായിൽ നിന്ന് വീണ പ്രയോഗത്തെ ആദ്യം വിദ്യാർത്ഥി സംഘടനയും പിന്നീട് സമസ്ത തന്നെയും ഏറ്റെടുക്കുകയായിരുന്നു. ലീഗുമായുളള ഭിന്നതയ്ക്കിടെ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് പി.എം.എ സലാമും സമസ്തയും തമ്മിൽ തെറ്റിയത്. സമസ്ത നേതൃത്വത്തിന് എതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ സലാമിനെ ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണം എന്ന ആവശ്യം വരെ ഉയർന്നിരുന്നു.
ലീഗ്-സമസ്ത തർക്കത്തിലെ ഒത്തുതീർപ്പ് ഫോർമുലയായി പോലും സലാമിനെ മാറ്റണമെന്ന ആവശ്യം ഉയർന്നു വന്നതാണ്. ഇതിൻെറ അടിസ്ഥാനത്തിൽ രാജ്യസഭാംഗത്വം കൊടുത്തുകൊണ്ട് പി.എം.എ സലാമിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനും ആലോചിച്ചിരുന്നു.
എന്നാൽ രാജ്യസഭാ സീറ്റ് സുപ്രിംകോടതി അഭിഭാഷകൻ ഹാരിസ് ബീരാന് നൽകണമെന്ന് ലീഗ് അദ്ധ്യക്ഷൻ സാദിഖലി തങ്ങൾ നിലപാട് എടുത്തതോടെ ആ നീക്കം ഫലം കണ്ടില്ല. തിരഞ്ഞെടുപ്പിന് ശേഷം സമസ്ത-ലീഗ് ഭിന്നതയ്ക്ക് അയവ് വന്നതോടെ സലാമിനെ മാറ്റണമെന്ന ആവശ്യത്തിന് ശക്തി കുറഞ്ഞ് വരികയായിരുന്നു. അതിനിടയിലാണ് എറണാകുളം ലീഗ് ക്യാംപിലെ പ്രസംഗം വിവാദമാകുകയും സലാമിനെതിരെ സമസ്ത നേതൃത്വം രംഗത്തുവരികയും ചെയ്തത്.
സുന്നികളുടെ വിശ്വാസ- ആദര്‍ശങ്ങളെ പരസ്യമായി അധിക്ഷേപിക്കുന്നതാണ് എറണാകുളം പ്രസംഗത്തിലെ സലാമിന്റെ വാക്കുകളെന്നാണ് സമസ്ത നേതാക്കളുടെ കുറ്റപ്പെടുത്തൽ. സുന്നി നേതൃത്വത്തെ നിരന്തരം ആക്ഷേപിക്കുന്ന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെ നിയന്ത്രിക്കാന്‍ ലീഗ് നേതൃത്വം തയ്യാറാവണമെന്നായിരുന്ന എസ്.കെ.എസ്.എസ്.എഫിൻെറ ആവശ്യം.
പാർട്ടിയുടെ വോട്ടടിത്തറയായി കണക്കാക്കുന്ന സുന്നി സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആദര്‍ശങ്ങളെ അംഗീകരിക്കുന്നവരാണ് മുസ്ലിം ലീഗിലെ ഭൂരിപക്ഷം നേതാക്കളും പ്രവര്‍ത്തകരും. അവരെക്കൂടി പ്രകോപിപ്പിക്കുന്ന പരാമർശമാണ് എറണാകുളം പ്രസംഗത്തിൽ ഉണ്ടായത് എന്നാണ് സമസ്തയുടെ വിമർശനം. നേരത്തെയും സമസ്തയുടെയും, എസ് കെ എസ് എസ് എഫിന്റെയും അധ്യക്ഷന്മാരെ മാധ്യമങ്ങളിലൂടെ സലാം അധിക്ഷേപിച്ചിട്ടുണ്ട്.
അന്നൊന്നും ലീഗ് നേതൃത്വം സലാമിനെതിരെ നടപടിയെടുത്തിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഇനിയും ഇത്തരക്കാരെ നേതൃ പദവികളിൽ കൊണ്ടുനടക്കുകയും നിയന്ത്രിക്കുകയും ചെയ്തില്ലെങ്കിൽ വലിയ പ്രത്യാഘാതമാകും ഉണ്ടാകുക എന്നാണ് സമസ്തയുടെ വിദ്യാർത്ഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫിൻെറ മുന്നറിയിപ്പ്.
സമസ്തയുടെ യുവജന സംഘടനയായ എസ്.വൈ.എസും സലാമിനെതിരെ രംഗത്ത് വരികയും നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സുന്നി നേതൃത്വത്തെ നിരന്തരം അധിക്ഷേപിക്കുന്ന പി.എം.എ സലാം മുജാഹിദ് വിഭാഗക്കാരൻ ആണെന്നാണ് സുന്നി പ്രവർത്തകർ ഫേസ്ബുക്കിലൂടെ ഉന്നയിക്കുന്ന ആരോപണം.
ഫേസ്ബുക്കിലൂടെയുളള ഏറ്റുമുട്ടൽ അതിര് കടക്കുകയും സമസ്ത നേതൃത്വം അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് ഫേസ്ബുക്കിലൂടെ തന്നെ ഖേദം പ്രകടിപ്പിക്കാൻ സലാം നിർബന്ധിതനായത്.