തിരുവനന്തപുരം: സിപിഎം നേതൃത്വതത്തെ വിമര്‍ശിച്ച് 'പോരാളി ഷാജി'യുടെ ഫേസ്ബുക്ക് പോസ്റ്റ്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ മകനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് പോരാളി ഷാജി സിപിഎം നേതൃത്വത്തെ വിമര്‍ശിച്ചത്.
ചടയന്‍ ഗോവിന്ദന്റെ ഇളയ മകന്‍ സുഭാഷ് ഇന്ന് ഹോട്ടല്‍ നടത്തിയാണ് ജീവിക്കുന്നതെന്നും, എന്തുകൊണ്ടാണ് മകനെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ തലപ്പത്തോ പാർട്ടി സ്ഥാപനങ്ങളിലോ പ്രതിഷ്ടിക്കാൻ ചടയന് കഴിയാതെ പോയതെന്നും പരോക്ഷമായി പാര്‍ട്ടി നേതൃത്തെ വിമര്‍ശിച്ചുകൊണ്ടുള്ള കുറിപ്പില്‍ പോരാളി ഷാജി ചോദിക്കുന്നു.
പിന്നാലെ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് മറ്റൊരു പോസ്റ്റിലൂടെ പോരാളി ഷാജി പാര്‍ട്ടിയെ വിമര്‍ശിക്കുന്നുണ്ട്. 'ശ്രദ്ധിക്കണം അമ്പാനെ, അൻവറിനൊപ്പം ജനങ്ങളുണ്ട്' എന്നായിരുന്നു ഒറ്റവരി പോസ്റ്റിലൂടെ ഷാജിയുടെ ഓര്‍മപ്പെടുത്തല്‍.
ഫേസ്ബുക്ക് പോസ്റ്റ്:
ഇത് സുഭാഷ് ചടയൻ....
സി.പി ഐ എം സംസ്ഥാന സെക്രട്ടറിയും
അഴികോട് എം.എൽ എ യുമായിരുന്ന
ചടയൻ ഗോവിന്ദൻ്റെ ഇളയ മകൻ
കമ്പിൽ ടൗണിൽ " ഗായത്രി "ഹോട്ടൽ
നടത്തുകയാണ്.
ദേശാഭിമാനി കണ്ണൂർ എഡിഷൻ തുടങ്ങിയ നാളുകളിൽ ബിരുദധാരിയായ സുഭാഷിന് ദേശാഭിമാനിയിൽ ജോലികിട്ടി. എന്നാൽ പെട്ടുന്നനേയായിരുന്നു കാര്യങ്ങൾ അടിമറിഞ്ഞത്.
നേതാവിൻ്റെ മകന് ജോലി നല്കിയതിൽ പ്രതിഷേധം പാർട്ടിക്കുള്ളിൽ ഉരുണ്ടുകൂടി.
അണിയറയിലെ പ്രതിഷേധംമനസിലാക്കിയ ചടയൻ മകനോട് ജോലി മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോകാൻ അവശ്യപ്പെടുകയായിരുന്നു.
അന്ന് പാർട്ടിക്കുള്ളിൽ പ്രതിഷേധം കുത്തി പൊക്കിയവരുടെ മക്കളെല്ലാം ഇന്ന് പാർട്ടി സ്ഥാപനത്തിൽ കഴകക്കാരണെന്നത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസം.
പിന്നീട് സുഭാഷ് നീണ്ടയാത്രയിലായിരുന്നു. ജോലി തേടിയുള്ള യാത്ര, ഒടുവിലാണ് കമ്പിൽ ടൗണിൽ സുഹൃത്തുമായി ചേർന്ന് ഹോട്ടൽ തുടങ്ങിയത്.
ഇടതു വലതു നേതാക്കളിൽ വലിയൊരു വിഭാഗം ഇന്ന് ഉത്കണ്ഠാകുലരാണ് മക്കളുടെ ഭാവിയോർത്ത്. മക്കളെ എങ്ങനെയെങ്കിലും ഉന്നതങ്ങളിൽ എത്തിക്കണം.
ചടയനെ പോലെ ഇങ്ങനെയും ഒരു കമ്മ്യൂണിസ്റുകാരനുണ്ടായിരുന്നു.
പാർട്ടി ലോക്കൽ കമ്മറ്റി നിർമ്മിച്ചു കൊടുത്ത വീട്ടിലായിരുന്നു ജീവിതാന്ത്യംവരെ ചടയൻ താമസിച്ചത്.
രാഷ്ട്രീയ - ചരിത്ര വിദ്യാർത്ഥികൾ ചടയൻ്റെ രാഷ്ട്രീയ കാലഘട്ടത്തെ സി പി ഐ എം ൻ്റെ ചരിത്രത്തിലെ വഴിത്തിരിവായിട്ടാണ് അടയാളപ്പെടുത്തുക. വൈദേശീയ കോർപ്പറേറ്റ് മൂലധനത്തിൻ്റെ കടന്നു വരവിനെ പ്രതിരോധിച്ചു എന്നതാണ് ചരിത്രത്തിൽ ചടയൻ്റെ സ്ഥാനം. ചടയൻ്റെ കാലത്തിന് ശേഷമാണ് വൻതോതിലുള്ള വൈദേശീക മൂലധനം സമസ്ത മേഖലകളിലേക്കും കടന്നു കയറിയത്.
എന്തുകൊണ്ടാണ് ചടയൻ്റെ മകനെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ തലപ്പത്തോ പാർട്ടി സ്ഥാപനങ്ങളിലോ പ്രതിഷ്ടിക്കാൻ ചടയന് കഴിയാതെ പോയത്.
അത് ചടയൻ്റെ ദൗർബല്യമായിരുന്നില്ല ,
ചടയൻ്റെ രാഷ്ട്രീയ മൂല്യബോധമായിരുന്നു അതിന് തടസമായത്. പാലോളി സഖാവിനേയും ഇക്കാര്യത്തിൽ മറക്കാനാകില്ല (കടപ്പാട്)