Advertisment

നിനച്ചിരിക്കാത്ത നേരത്ത് പ്രതിപക്ഷത്തിന് രാഷ്ട്രീയായുധം സമ്മാനിച്ച് കെ. കൃഷ്ണന്‍കുട്ടിയും, മാത്യു ടി. തോമസും കർണാടകയിലെ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ ! ദേവെഗൗഡയുടെ മരുമകന്‍ മഞ്ജുനാഥിന്റെ പോസ്റ്ററിൽ പടം വന്നതോടെ വെട്ടിലായി ദൾ കേരള ഘടകം; ചിത്രം വെച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് കൈകഴുകി മാത്യു ടി തോമസും കൃഷ്ണൻകുട്ടിയും;  ബി.ജെ.പിയിലേക്കുളള സി.പി.എമ്മിൻെറ പാലമാണ് ജനതാദളെന്ന് കോൺഗ്രസ്; മിണ്ടാട്ടം മുട്ടി സി.പി.എം

 എൻ.കെ.പ്രേമചന്ദ്രൻ പാർലമെൻ്റ് കാൻ്റീനിൽ പ്രധാനമന്ത്രിക്ക് ഒപ്പം ഭക്ഷണം കഴിച്ചതിൻ്റെ പേരിൽ പോലും ഹാലിളക്കിയ സി.പി.എം നേതൃത്വമാണ് മുന്നണിയിലെ ഒരു ഘടകകക്ഷി ബി.ജെ.പി സഖ്യത്തിലായിട്ടും മിണ്ടാതിരിക്കുന്നത്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
mathew t thomas k krishnankutty

തിരുവനന്തപുരം: ദേശിയ തലത്തിൽ സാങ്കേതികമായി ബി.ജെ.പി സഖ്യത്തിനൊപ്പം നിൽക്കുന്ന പാർട്ടിയെന്ന ബുദ്ധിമുട്ട് നേരിട്ടുകൊണ്ടിരിക്കെ കേരളത്തിലെ ജനതാദൾ എസ് നേതൃത്വത്തെ വെട്ടിലാക്കി കർണാടകയിലെ തിരഞ്ഞെടുപ്പ് പോസ്റ്റർ. ബി.ജെ.പി മുന്നണിയുടെ ഭാഗമായി ബംഗളരു റൂറൽ മണ്ഡലത്തിൽ മത്സരിക്കുന്ന ജനതാദൾ എസ് സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ കേരളത്തിലെ നേതാക്കളുടെ ചിത്രം വന്നതാണ് കൂനിന്മേൽ കുരു പോലെ പ്രശ്നമായിരിക്കുന്നത്.

Advertisment

ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു.ടി.തോമസ് എം.എൽ.എ, മന്ത്രി കെ.കൃഷ്ണൻകുട്ടി എന്നിവരുടെ ചിത്രങ്ങളാണ് ബി.ജെ.പി മുന്നണിയിൽ മത്സരിക്കുന്ന  ബംഗളൂരു റൂറൽ സ്ഥാനാർഥി ഡോ.സി മഞ്ജുനാഥിന്റെ പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

എൻ.ഡി.എയുമായി സഖ്യം ഉണ്ടാക്കിയ ജനതാദൾ എസ് ദേശിയ നേതൃത്വവുമായി ഒരു ബന്ധവുമില്ലെന്ന് കേരള ഘടകത്തിലെ നേതാക്കൾ ആണയിടുന്നതിനിടെയാണ് പോസ്റ്ററിൽ ചിത്രം വന്നിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ബി.ജെ.പി സഖ്യത്തിലേക്ക് പോയശേഷം ദൾ ദേശിയ നേതൃത്വം കേരള ഘടകത്തെയും സി.പി.എമ്മിനെയും വെട്ടിലാക്കുന്നത് ഇതാദ്യമല്ല. നേരത്തെ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻെറ അനുമതി വാങ്ങിയ ശേഷമാണ് ബി.ജെ.പി സഖ്യത്തിലേക്ക് പോയതെന്ന ദേവെഗൗഡയുടെ മകൻ എച്ച്.ഡി.കുമാരസ്വാമി പറഞ്ഞത് വിവാദമായിരുന്നു

കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യമിടുന്ന ബി.ജെ,.പിയും സി.പി.എമ്മും തമ്മിലുളള അവിശുദ്ധ സഖ്യത്തിൻെറ ഇടനില ജനതാദൾ എസ് നേതാക്കളാണെന്ന ആരോപണം ശരിവെയ്ക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇത്രയുമൊക്കെ പ്രകടമായി മുന്നിൽ വന്നിട്ടും ജനതാദൾ എസ് സംസ്ഥാന ഘടകം ഇപ്പോഴും  കേരളത്തിൽ ഇടത് മുന്നണിയുടെ സഖ്യകക്ഷി ആണ് എന്നതും ശ്രദ്ധേയമാണ്.


ബി.ജെ.പി സഖ്യത്തിലുളള സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ കേരളത്തിലെ ഇടത് മുന്നണി നേതാക്കളുടെ ചിത്രം വന്നതിനോട് സി.പി.എം നേതൃത്വം എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയാനുളളത്.


ദേവെഗൗഡ നേതൃത്വം നൽകുന്ന ജനതാദൾ എസ് ദേശിയ ഘടകം ബി.ജെ.പിയുമായി സഖ്യം ഉണ്ടാക്കിയശേഷവും കേരള ഘടകം ആ പാ‍ർട്ടിയിൽ നിന്ന് വിഘടിച്ച് മാറുകയോ മറ്റ് വഴികൾ തേടുകയോ ചെയ്തിട്ടില്ല. ഇതേപ്പറ്റി ചോദിച്ചാൽ ദേശിയ നേതൃത്വവും ആയുള്ള ബന്ധമെല്ലാം വിഛേദിച്ചു എന്ന വായ്ത്താരിയാണ് ജനതാദൾ എസ്. സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസ് എം.എൽ.എയും മന്ത്രി കെ. കൃഷ്ണൻകുട്ടിയും നൽകുക. എന്നാൽ ബന്ധം ഉപേക്ഷിച്ചു എന്ന് പറയുമ്പോഴും  കേരളത്തിലെ ജനതാദൾ എസ് ഘടകം സാങ്കേതികമായി ഇപ്പോഴും ദേശിയ ഘടകത്തിന്റെ കീഴിലാണ്.  മാത്രമല്ല ജനതാദൾ ദേശിയ ഘടകവും അധ്യക്ഷനും നൽകിയ പദവികളൊന്നും മാത്യു.ടി. തോമസും കെ . കൃഷ്ണൻകുട്ടിയും രാജി വെച്ചിട്ടുമില്ല.

ഈ വസ്തുത മറച്ചുവെച്ചാണ് ദേശിയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചുവെന്ന് പറഞ്ഞു നടക്കുന്നത്. ബി.ജെ.പിയുടെ കൂട്ടാളികളായി മത്സരിക്കുന്ന ജനതാദൾ സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ ചിത്രങ്ങൾ വന്നതിനെപ്പറ്റി ചോദിക്കുമ്പോഴും കേരള നേതാക്കൾ കൈമലർത്തുകയാണ്. സംസ്ഥാന അധ്യക്ഷൻെറയും മന്ത്രിയുടെയും ചിത്രം വെച്ച് പോസ്റ്റർ‍ അച്ചടിച്ചത് തങ്ങളുടെ അറിവോടെയല്ലെന്നാണ് സംസ്ഥാന നേതൃത്വത്തിൻെറ പ്രതികരണം. ജനതാദൾ ദേശിയ നേതൃത്വവുമായി ഒരു ബന്ധവും ഇല്ലെന്നും അക്കാര്യം നേതൃത്വത്തെ ഔദ്യോഗികമായി തന്നെ അറിയിച്ചതാണെന്നും സംസ്ഥാന പ്രസിഡൻറ് മാത്യു ടി തോമസ്  ആവ‍ർത്തിക്കുന്നുണ്ട്.

കേരളത്തിലെ മന്ത്രിസ്ഥാനവും എം.എൽ.എ സ്ഥാനവും നഷ്ടപ്പെടാതിരിക്കാൻ വേണ്ടി നടത്തുന്ന ഈ വിഛേദിക്കൽ നാടകം സി.പി.എമ്മിൻെറയും ഇടത് മുന്നണിയുടെയും ബി.ജെ.പി വിരുദ്ധ നിലപാടുകളുടെ അന്തസത്ത തന്നെ ചോദ്യം ചെയ്യുന്നതാണ്. ഒരുവശത്ത് ബി.ജെ.പി വിരുദ്ധത പറയുകയും മറുവശത്ത് ബി.ജെ.പി മുന്നണിയിലെ ഘടക കക്ഷികളുമായി ചേർന്ന് സംസ്ഥാനം ഭരിക്കുകയും ചെയ്യുകയാണ് വാസ്തവത്തിൽ സി.പി.എം ചെയ്യുന്നത്. സാങ്കേതികമായി ജനതാദൾ ദേശിയ നേതൃത്വത്തിൻെറ ഭാഗമായി നിൽക്കുന്നതിലെ രാഷ്ട്രീയ ധാർമ്മിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജനതാദൾ എസ് സംസ്ഥാന ഘടകത്തിലെ മുതിർന്ന നേതാക്കളായ സി.കെ. നാണുവും ഡോ. എ. നീലലോഹിത ദാസും സ്വതന്ത്ര നിലപാട് സ്വീകരിച്ച് പാർട്ടി വിട്ടത്.

സി.കെ. നാണു ദേവെ ഗൗഡക്ക് എതിരായി കൂട്ടായ്മ ഉണ്ടാക്കി പ്രവർത്തിക്കുമ്പോൾ നീലൻ ആർ.ജെ.ഡിയിൽ ലയിച്ചു. രാഷ്ട്രീയ എതിരാളികൾ ആരെങ്കിലും ബി.ജെ.പിയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടാൽ അവരെ നിശിതമായി വിമർശിച്ച് ആക്രമിക്കുന്ന ശൈലി പിന്തുടരുന്ന സി.പി.എം ഇക്കാര്യത്തിൽ പുലർത്തുന്ന മൗനമാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ദേശിയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന ജനതാദൾ എസ് സംസ്ഥാന ഘടകത്തിന്റെ വാദത്തിൻ്റെ പൊള്ളത്തരം മനസിലാക്കാൻ കഴിയാഞ്ഞിട്ടല്ല ഒന്നും മിണ്ടാതിരിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും വാ പൂട്ടി ഇരിക്കുമ്പോൾ അതിനെ കുറ്റകരമായ മൗനം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല.


 കൊല്ലത്തെ എം.പിയും ആർ.എസ്.പി നേതാവുമായ  എൻ.കെ.പ്രേമചന്ദ്രൻ പാർലമെൻ്റ് കാൻ്റീനിൽ പ്രധാനമന്ത്രിക്ക് ഒപ്പം ഭക്ഷണം കഴിച്ചതിൻ്റെ പേരിൽ പോലും ഹാലിളക്കിയ സി.പി.എം നേതൃത്വമാണ് മുന്നണിയിലെ ഒരു ഘടകകക്ഷി ബി.ജെ.പി സഖ്യത്തിലായിട്ടും മിണ്ടാതിരിക്കുന്നത് എന്ന് തിരിച്ചറിയുമ്പോഴാണ് സി.പി.എം നിലപാടിലെ കള്ളി വെളിച്ചത്താകുന്നത്.


മാത്യു ടി തോമസിൻ്റെയും കെ. കൃഷ്ണൻകുട്ടിയുടെയും എം.എൽഎ സ്ഥാനം സംരക്ഷിക്കാനാണ് ജനതാദൾ എസ് സംസ്ഥാന ഘടകം ബി.ജെ.പി സഖ്യത്തിലുള്ള ദേശിയ നേതൃത്വത്തെ  പിണക്കി പുതിയ പാർട്ടി രൂപീകരണം ഉൾപ്പെടെ സ്വതന്ത്ര നിലപാട് സ്വീകരിക്കാതിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പാർട്ടി സ്ഥാനാർഥിയായി നിർദ്ദേശിച്ച് കൊണ്ട് ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയത് എച്ച്.ഡി. ദേവെഗൗഡയാണ്. പുതിയ പാർട്ടി രൂപീകരിക്കുന്നത് അടക്കമുള്ള സ്വതന്ത്ര നിലപാട് സ്വീകരിച്ചാൽ ദേവെഗൗഡ ഇടയുമെന്നാണ് സംസ്ഥാന  ഘടകത്തിൻ്റെ ആശങ്ക.

പ്രകോപിതനായി ദേവെഗൗഡ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കാൻ തുടങ്ങിയാൽ മാത്യു ടി തോമസിൻ്റെയും കെ.കൃഷ്ണൻകുട്ടിയുടെയും എം.എൽ.എ സ്ഥാനത്തിന് ഭീഷണിയാകും. ഈ അപകടം ഭയന്നാണ് ഫാസിസ്റ്റ് വിരുദ്ധ - വർഗീയ വിരുദ്ധ രാഷ്ട്രീയ നിലപാടിൽ വിട്ടുവീഴ്ച ചെയ്ത് ബി.ജെ.പി പാളയത്തിലുളള ദേവെഗൗഡ ക്ക് കീഴിലുള്ള നേതൃത്വത്തിന് കീഴിൽ മുന്നോട്ടു പോകുന്നത്. പുറത്ത് ബിജെപി വിരുദ്ധ വായ്ത്താരി മുഴക്കുന്ന സി.പി.എം മൗനം പാലിക്കുന്നതും ഇതുകൊണ്ട് തന്നെ.

Advertisment