അപമാനിക്കാനായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു, പി.പി. ദിവ്യയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ അജ്ഞാതനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത്‌ പൊലീസ്; പ്രതി സമൂഹത്തില്‍ സമാധാനഭംഗം വരുത്താന്‍ ശ്രമിച്ചെന്ന് എഫ്‌ഐആറില്‍

എ.ഡി.എം കെ.നവീൻ ബാബുവിൻെറ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണ കേസിൽ പ്രതിയായ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി ദിവ്യയുടെ ഭർത്താവിൻെറ പരാതിയിൽ കേസെടുത്ത് പൊലീസ്

New Update
P P Divya

കണ്ണൂർ : എ.ഡി.എം കെ.നവീൻ ബാബുവിൻെറ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണ കേസിൽ പ്രതിയായ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി ദിവ്യയുടെ ഭർത്താവിൻെറ പരാതിയിൽ കേസെടുത്ത് പൊലീസ്.

Advertisment

നവീൻ ബാബുവിൻെറ മരണത്തിന് പിന്നാലെ പി.പി. ദിവ്യക്കും കുടുംബത്തിനും എതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കണ്ണപുരം പൊലീസ് കേസെടുത്തത്.


പി.പി. ദിവ്യയുടെ ഭർത്താവ്  വി.പി.അജിത്തിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നവീൻ ബാബുവിൻെറ മരണത്തിന് പിന്നാലെ  തന്നെയും കുടുംബത്തെയും അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിച്ചുവെന്നാണ് പരാതി.


ഇതിൻെറ അടിസ്ഥാനത്തിൽ സ്ത്രീകൾക്ക് സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കേസെടുത്തെങ്കിലും പൊലീസിൻെറ എഫ്.ഐ.ആറിൽ പ്രതിയാരാണെന്ന് രേഖപ്പെടുത്തിയിട്ടില്ല.

അ‍ജ്ഞാതൻ അഥവാ അൺനോൺ എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. തെറ്റായ കാര്യങ്ങൾ തയാറാക്കി മര്യാദക്ക് ദോഷം വരുത്തുന്നതും ശല്യം ഉണ്ടാകുന്നതുമായ സന്ദേശങ്ങൾ  സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. അതുവഴി പ്രതി വിവിധ രാഷ്ട്രീയ സംഘടനകൾ തമ്മിൽ വെറുപ്പും വിദ്വേഷവും ഉണ്ടാക്കി സമൂഹത്തിൽ സമാധാനഭംഗം വരുത്താൻ ശ്രമിച്ചുവെന്നാണ് എഫ്.ഐ.ആറിൻെറ ഉളളക്കടക്കത്തിൽ വിശദീകരിക്കുന്നത്.

divya fir


തന്നെയും കുടുംബത്തെയും അപമാനിക്കാനുള്ള ബോധപൂർവമായ ശ്രമം ഉണ്ടായെന്ന് നേരത്തെ ദിവ്യ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ്  ദിവ്യയുടെ ഭർത്താവ് വി.പി അജിത്ത് നൽകിയ പരാതിയിൽ കണ്ണപുരം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം  കേസെടുത്തത്.


നവീൻ ബാബുവിൻെറ മരണത്തിന് പിന്നാലെ പി.പി. ദിവ്യയെ സഹായിക്കാൻ ശ്രമിച്ചുവെന്ന ആരോപണം നേരിടുന്ന വിജിലൻസ് ഇൻസ്പെക്ടർ ബിനുമോഹൻ പരിഹാസം കലർന്ന ഫേസ് ബുക്ക് പോസ്റ്റുമായി രംഗത്തെത്തി.

സ്ഥലം മാറ്റത്തിന് പിന്നാലെയാണ് ഫേസ്ബുക്കിൽ പരിഹാസ പോസ്റ്റുമായി കണ്ണൂർ വിജിലൻസ് ഇൻസ്പെക്ടറായിരുന്ന ബിനു മോഹൻ എഫ് ബി പോസ്റ്റിട്ടത്. പന്നികളോട് ഗുസ്തി പിടിക്കരുതെന്ന ബർണാഡ് ഷായുടെ ഉദ്ധരണിയാണ് പോസ്റ്റിലുളളത്.

നവീൻബാബുവിന് എതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പെട്രോൾ പമ്പ് സംരംഭകൻ ടി.വി. പ്രശാന്തനിൽ നിന്ന് വിജിലൻസ് മൊഴിയെടുത്തുവെന്ന പ്രചരണം ബിനു മോഹൻ തയാറാക്കിയ കഥയാണെന്ന് നവീൻബാബുവിൻെറ കുടുംബം ആരോപിച്ചിരുന്നു.

ഇതിൽ ഗൂഢാലോചനയുണ്ടെന്നും കുടുംബത്തിൻെറ അഭിഭാഷകൻ ജാമ്യ ഹർജി സംബന്ധിച്ച വാദത്തിൽ ആരോപിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ബിനു മോഹനെ വിജിലൻസിൽ നിന്ന് മാറ്റിയത്.

Advertisment