/sathyam/media/media_files/2024/10/16/h4AmWpH740oYV2FTxbok.jpg)
കണ്ണൂര്‍: പെട്രോള്‍ പമ്പ് വിഷയത്തില്‍ എന്‍ഒസി ലഭിക്കാന്‍ പ്രശാന്തനെ സിപിഐ സഹായിച്ചിരുന്നതായി റിപ്പോര്‍ട്ട്. വിജിലന്‍സിനും, ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ക്കും പ്രശാന്തന്‍ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രശാന്തന്റെ അഭ്യര്‍ത്ഥനപ്രകാരം എഡിഎം നവീന്‍ ബാബുവിനെ വിളിച്ചിരുന്നുവെന്ന് സിപിഐ ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍ ഒരു മാധ്യമത്തോട് സ്ഥിരീകരിച്ചു.
എന്‍ഒസി ലഭിക്കാന്‍ സിപിഐ സഹായിച്ച വിവരം പ്രശാന്തന്‍ അന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയോടും പറഞ്ഞിരുന്നു. താന്‍ ആവശ്യപ്പെട്ടിട്ടും നടക്കാത്ത കാര്യം, സിപിഐ നേതാക്കളുടെ ഇടപെടലില്‍ നടന്നതാണ് ദിവ്യയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ അദ്ദേഹത്തിനെതിരെ കടുത്ത അധിക്ഷേപം നടത്താന്‍ ദിവ്യയെ പ്രേരിപ്പിച്ചതും ഇതാണെന്നാണ് സൂചന.
പത്തനംതിട്ടയിലേക്കുള്ള തന്റെ സ്ഥലംമാറ്റത്തിനുള്ള ശ്രമങ്ങള്‍ സിപിഎം അനുകൂല സംഘടന ഇടപെട്ട് വിലക്കിയെന്ന് ചൂണ്ടിക്കാട്ടി നവീന്‍ ബാബു സുഹൃത്തിനയച്ച വാട്‌സാപ്പ് സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. പത്തനംതിട്ടയിലേക്കുള്ള തന്റെ സ്ഥലംമാറ്റത്തിന് സിപിഐ പിന്തുണച്ചിരുന്നു എന്നും നവീന്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.