/sathyam/media/media_files/yXpMPJJ62nRphb5ewH3C.jpg)
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന ഘടകത്തിൽ വീണ്ടും ഗ്രൂപ്പുകളുടെ കളിയാട്ടം. രാജ്യസഭാ തിരഞ്ഞെടുപ്പിൻെറ സ്ഥാനാർത്ഥി നിർണയത്തിലാണ് വീണ്ടും ഗ്രൂപ്പുകൾ തലപൊക്കിയത്. അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീറിനെ രാജ്യസഭാ സ്ഥാനാർത്ഥിയായി തീരുമാനിച്ചത് പഴയ കാനം പക്ഷത്തിൻെറ ഏകോപനത്തിലായിരുന്നു. സുനീറിൻെറ പേര് നിർദ്ദേശിച്ചത് മുതൽ പിന്തുണച്ച് സംസാരിച്ചവർ ഒരേ സ്വരത്തിലായിരുന്നു. ഇതാണ് കാനം പക്ഷം വീണ്ടും ഉയിർത്തെഴുന്നേറ്റെന്നും പഴയത് പോലെ ഏകോപനം നടന്നുവെന്നും വ്യക്തമായത്. ബിനോയ് വിശ്വം, പി.പി.സുനീർ , സത്യൻ മൊകേരി, പി. പ്രസാദ്, കെ. രാജൻ എന്നിവരാണ് ഒരെ സ്വരത്തിൽ സംസാരിച്ചത്. എന്നാൽ എതിർ ശബ്ദങ്ങളില്ലാതെ പി.പി. സുനീറിനെ രാജ്യസഭാ സ്ഥാനാർത്ഥി ആയി തീരുമാനിക്കാനുളള നീക്കം നടന്നില്ല.
സംസ്ഥാന നേതൃത്വം നിർദ്ദേശിച്ച സുനീറിൻെറ പേരിന് ബദലായി ദേശിയ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബുവിൻെറ പേരും ഉയർന്നു. മുതിർന്ന നേതാവ് മുല്ലക്കര രത്നാകരനാണ് പ്രകാശ് ബാബുവിൻെറ പേര് രാജ്യസഭയിലേക്ക് നിർദ്ദേശിച്ചത്. മുൻ മന്ത്രിയും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ ഇ. ചന്ദ്രശേഖരൻ അതിനെ പിന്താങ്ങി. തിരുവനന്തപുരത്ത് നിന്നുളള സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എൻ. രാജനും പ്രകാശ് ബാബുവിൻെറ പേരിനെ പിന്തുണച്ചു. യോഗത്തിൽ പങ്കെടുത്ത മന്ത്രി ജി.ആർ. അനിൽ പ്രകാശ് ബാബുവിനെ പിന്തുണച്ച് രംഗത്ത് വന്നതാണ് ഏറെ ശ്രദ്ധേയമായത്. നേരത്തെ ഇസ്മയിൽ പക്ഷക്കാരാനായ അനിൽ പിന്നീട് കാനം പക്ഷത്തേക്ക് മാറിയ നേതാവാണ്.
കാനത്തിൻെറ നിര്യാണത്തിന് ശേഷമാണ് അനിൽ പഴയ ഇസ്മയിൽ പക്ഷമായ ഇപ്പോഴത്തെ കാനം വിരുദ്ധ പക്ഷത്തേക്ക് മടങ്ങിയത്. മുല്ലക്കര രത്നാകരൻ നിർദ്ദേശിച്ച പേരിനെ താനും പിന്തുണയ്ക്കുന്നുവെന്നായിരുന്നു മന്ത്രി ജി.ആർ. അനിലിൻെറ പ്രതികരണം.
ഇപോഴത്തെ ദേശിയ രാഷ്ട്രീയ സാഹചര്യത്തിൽ ദേശിയ എക്സിക്യൂട്ടിവ് അംഗം പ്രകാശ് ബാബുവിനെ രാജ്യസഭയിലേക്ക് അയക്കുന്നതാണ് നല്ലത്. ദേശിയ സെന്ററിൽ പ്രവർത്തിക്കാൻ കഴിയുന്ന നേതാവിനെ സംഭാവന ചെയ്യാൻ ഇതിലൂടെ കഴിയുമെന്നും മന്ത്രി ജി.ആർ. അനിൽ ചൂണ്ടിക്കാട്ടി. എന്നാൽ എക്സിക്യൂട്ടീവ് അംഗങ്ങളായ മന്ത്രി കെ. രാജനും പി. പ്രസാദും കാനം പക്ഷത്തിൻെറ ശക്തരായ വക്താക്കളായിട്ടാണ് സംസാരിച്ചത്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായ പി.പി. സുനീറിനെ തന്നെ രാജ്യസഭയിലേക്ക് അയക്കുന്നതാണ് ഉചിതമെന്നായിരുന്നു അവരുടെ നിലപാട്. മന്ത്രി ജെ.ചിഞ്ചുറാണി ഇന്നത്തെ എക്സിക്യൂട്ടിവിൽ പങ്കെടുത്തിരുന്നില്ല.
ന്യൂനപക്ഷത്ത് നിന്നുളള നേതാവ് എന്നതായിരുന്നു പി.പി. സുനീറിൻെറ അനുകൂല ഘടകമായി നേതൃത്വം ഉയർത്തിക്കാട്ടിയത്. പാർട്ടി നേതൃത്വത്തിലെ ന്യൂനപക്ഷ മുഖമായ സുനീറിന് അർഹമായ സ്ഥാനം നൽകണം എന്നതിൻെറ അടിസ്ഥാനത്തിലാണ് രാജ്യസഭയിലേക്ക് പരിഗണിക്കുന്നതെന്ന് ആയിരുന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻെറ വിശദീകരണം. സംസ്ഥാന എക്സിക്യൂട്ടിവിൽ ഭൂരിപക്ഷമുളള കാനം പക്ഷത്തിൻെറ പൂർണ പിന്തുണലഭിക്കുന്നതിനായി കാനത്തിൻെറ ഓർമകൾ ഉണർത്തുന്ന ചില വൈകാരിക പ്രതികരണങ്ങളും നേതൃത്വം നടത്തി.
കാനം ജീവിച്ചിരുന്ന കാലത്ത് തന്നെ സുനീറിനെ രാജ്യസഭയിലേക്ക് അയക്കാൻ ആലോചിച്ചിരുന്നു എന്നതായിരുന്നു തന്ത്രപരമായ പരാമർശം. ഇതോടെ കാനം പക്ഷത്തിൻെറ ഏകോപനത്തിൻെറ ഭാഗം ആകാതിരുന്ന മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളും പി.പി. സുനീറിനെ പിന്തുണച്ചു. അങ്ങനെ വളരെ ആസൂത്രിതമായ നീക്കത്തിലൂടെയാണ് പഴയ കാനം പക്ഷം ബിനോയ് വിശ്വത്തിൻെറ നേതൃത്വത്തിൽ മുതിർന്ന നേതാവ് പ്രകാശ് ബാബുവിനെ തഴഞ്ഞ് സുനീറിനെ രാജ്യസഭാംഗമായി നിശ്ചയിച്ചത്. എന്നാൽ സുനീറിന് വേണ്ടി നടത്തിയ നീക്കം സംസ്ഥാന എക്സിക്യൂട്ടിവിൽ അനാവൃതമാക്കപ്പെട്ടു.
മുസ്ലീം കേഡർ എന്നതിൽ ഉപരി കാനം പക്ഷത്ത് ഉറച്ച് നിന്നതിൻെറ പ്രതിഫലമാണ് പി.പി. സുനീറിന് ലഭിച്ച രാജ്യസഭാ സീറ്റ് എന്നാണ് സി.പി.ഐയിൽ ഉയരുന്ന വിമർശനം. കാനത്തിൻെറ വിശ്വസ്തനായി നിന്ന് ഗ്രൂപ്പിൻെറ ഗോൾ മുഖം കാത്തത് സുനീറായിരുന്നു. അതാണ് മാനദണ്ഡമായതെന്നാണ് യോഗത്തിന് ശേഷം ഒരു മുതിർന്ന നേതാവ് ചൂണ്ടിക്കാട്ടിയത്. തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിന് ശേഷം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷവും സുനീർ ഭവനനിർമാണ ബോർഡ് വൈസ് ചെയർമാൻ പദവിയിൽ തുടരുകയായിരുന്നു. ഇത് സുനീറിന് കാനം നൽകിയ പ്രത്യേക ഇളവായിരുന്നു.
സാധാരണ സംഘടനാ ചുമതല വഹിക്കുന്ന നേതാക്കൾ ബോർഡ് കോർപ്പറേഷൻ സ്ഥാനമാനങ്ങളിൽ നിന്ന് ഒഴിവാകുകയാണ് പതിവ്. എന്നാൽ സുനീർ രണ്ട് പദവികളും കൊണ്ടുനടന്നു. പാർട്ടിയിൽ കാനം പക്ഷത്തിൻെറ അപ്രമാദിത്വം നിലനിൽക്കുന്നതിനാൽ ചോദ്യം ചെയ്യാനും ആരും ചോദ്യം ചെയ്യാനും ഉണ്ടായില്ല. ചോദ്യം ചെയ്തവരെ പൂർണമായും അവഗണിക്കുകയും ചെയ്തു. പാർട്ടിയുടെ ധനസമാഹരണത്തിന് നേതൃത്വം കൊടുക്കുന്നത് ഒഴിച്ചാൽ നല്ല പ്രാസംഗികനോ സംഘാടകനോ ആയ നേതാവല്ല പി.പി. സുനീർ. പാർലമെന്ററി സ്ഥാനങ്ങൾ വഹിച്ച് പരിചയമില്ലാത്തതിനാൽ ഉപരിസഭയായ രാജ്യസഭയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമോ എന്ന ആശങ്കയും നേതാക്കൾക്കുണ്ട്.