കളക്ടർ ബ്രോ പ്രശാന്ത് രണ്ടും കൽപ്പിച്ച് ഇറങ്ങിയത് വെറുതേയല്ല. സസ്പെൻഷന് പിന്നാലെ ചാർജ്ജ് മെമ്മോ നൽകിയാൽ അഡി.ചീഫ്സെക്രട്ടറി ജയതിലകിനെതിരായ ആരോപണങ്ങൾ മറുപടിയിൽ നിറയ്ക്കും. സസ്പെൻഷനിലായി മൂന്നാഴ്ച കഴിഞ്ഞും നിർബന്ധമായി നൽകേണ്ട ചാർജ് മെമ്മോ പ്രശാന്തിന് നൽകാനാവാതെ ചീഫ്സെക്രട്ടറി. യുവ ഐ.എ.എസുകാർ പ്രശാന്തിന് പിന്നിൽ ഒറ്റക്കെട്ട്. ഐ.എ.എസിൽ ചേരിപ്പോര് മൂക്കുന്നു

സസ്പെൻഷനിലായ ശേഷവും അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലക്, കെ.ഗോപാലകൃഷ്ണൻ ഐ.എ.എസ് എന്നിവർക്കെതിരെ പ്രശാന്ത് വിമർശനം തുടർന്നിരുന്നു

New Update
f

തിരുവനന്തപുരം: സസ്പെൻഷനിലുള്ള കൃഷിവകുപ്പ് സ്‌പെഷൽ സെക്രട്ടറി എൻ.പ്രശാന്തിനെ സർക്കാരിന് ഭയമാണോ ? സസ്പെൻഡ് ചെയ്ത് 21 ദിവസം (മൂന്നാഴ്ച) കഴിഞ്ഞിട്ടും ഇതുവരെ പ്രശാന്തിന് കുറ്റാരോപണ മെമ്മോ നൽകാത്തതാണ് ഈ സംശയത്തിന് അടിസ്ഥാനം.

Advertisment

സസ്പെൻഷനിലാവുന്നവർക്ക് ചാർജ്ജ് മെമ്മോ നൽകുകയും അവരുടെ വിശദീകരണം കേട്ട ശേഷം വകുപ്പുതല അന്വേഷണമോ വകുപ്പുതല നടപടികളോ തീരുമാനിക്കുന്നതുമാണ് ചട്ടം. എന്നാൽ കുറ്റാരോപണ മെമ്മോ നൽകിയാൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ജയതിലകിനെതിരേ കൊള്ളരുതായ്മകൾ മുഴുവൻ പ്രശാന്ത് വിളിച്ചുപറയുമെന്നും അവ രേഖയിലാവുമെന്നുമുള്ള ഭയമാണ് പ്രശാന്തിന് കുറ്റാരോപണ മെമ്മോ നൽകാത്തതിന് പിന്നിലെന്നാണ് അറിയുന്നത്.


മെമ്മോയും അതിനുള്ള മറുപടിയും വിവാദം പുതിയൊരു തലത്തിലേക്ക് വഴിമാറ്റുമെന്നാണ് ഐ.എ.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പറയുന്നത്. അതിനാലാണ് പ്രശാന്തിന് മെമ്മോ നൽകുന്നതിൽ ചീഫ്സെക്രട്ടറി മെല്ലെപ്പോക്ക് തുടരുന്നത്. 


അതേസമയം, പ്രശാന്തിനൊപ്പം സസ്പെൻ‌ഡ് ചെയ്യപ്പെട്ട ഗോപാലകൃ‌ഷ്ണന് മെമ്മോ കഴിഞ്ഞയാഴ്ച നൽകിയിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥരെ ഹിന്ദു, മുസ്ലീം അടിസ്ഥാനത്തിൽ തിരിച്ച് വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിനാണ് ഗോപാലകൃഷണ്നെ സസ്പെൻഡ് ചെയ്തത്.

യുവ ഐ.എ.എസ് ഉദ്യോഗസ്ഥരടക്കം ഭൂരിഭാഗം പേരും പ്രശാന്തിനൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളതെന്നാണ് ലഭിക്കുന്ന വിവരം. അദ്ദേഹത്തിനെതിരെ എടുത്ത നടപടിയിലും ഉദ്യോഗസ്ഥർക്കിടയിൽ അതൃപ്തിയുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ചാർജ്ജ് മെമ്മോ വൈകിപ്പിക്കുന്നത്.


ഉന്നതി സി.ഇ.ഒ ആയി പ്രവർത്തിക്കുമ്പോൾ താൻ ഫയൽ മുക്കി എന്ന ആരോപണത്തിന് പിന്നിൽ എ.ജയതിലകാണെന്നായിരുന്ന് ആരോപിച്ചാണ് എൻ.പ്രശാന്ത് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെ ഗുരുതര ആരോപണങ്ങളുന്നയിച്ചതിനെത്തുട‌ർന്നാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.


സസ്‌പെൻഷൻ നടപടിയെ പരിഹസിച്ച് എൻ. പ്രശാന്ത് അന്നുതന്നെ രംഗത്തെത്തിയിരുന്നു. വാറോല കൈപ്പറ്റിയ ശേഷം കൂടുതൽ പ്രതികരിക്കുമെന്നും എല്ലാവരെയും സുഖിപ്പിച്ചു സംസാരിക്കൽ നടക്കില്ലെന്നുമായിരുന്നു പ്രതികരണം. ജീവിതത്തിൽ ആദ്യമായി കിട്ടിയ സസ്‌പെൻഷനാണ്. സ്‌കൂളിലോ കോളജിലോ പോലും സസ്‌പെൻഷൻ കിട്ടിയിട്ടില്ല.

പെരുമാറ്റച്ചട്ടം മാത്രമാണ് ഞങ്ങൾക്ക് ബാധകമായിട്ടുള്ളത്. ശരിയെന്നു തോന്നുന്ന കാര്യങ്ങൾ പറയുന്നത് ഭരണഘടന നൽകുന്ന അവകാശമാണ്. അഡി. ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ നടത്തിയ 'ചിത്തരോഗി' പരാമർശം ഭാഷാപരമായ പ്രയോഗം മാത്രമാണ്. മലയാളത്തിൽ ഇത്തരത്തിൽ നിരവധി പഴഞ്ചൊല്ലുകളും പ്രയോഗങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.


സസ്പെൻഷനിലായ ശേഷവും അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലക്, കെ.ഗോപാലകൃഷ്ണൻ ഐ.എ.എസ് എന്നിവർക്കെതിരെ പ്രശാന്ത് വിമർശനം തുടർന്നിരുന്നു. 'വള്ളത്തിന്റെ അമരത്തില്ലെങ്കിലും ഞാൻ കരയ്ക്കാണെങ്കിലും നമ്മുടെ കമ്പനിയുടെ യാത്രയിൽ കൂടെത്തന്നെ കാണും' എന്ന മട്ടിൽ കാംകോയിൽ നിന്ന് മാറിനിൽക്കുന്നത് സംബന്ധിച്ച കുറിപ്പിലാണ് കുത്തുവാക്കുമായി വീണ്ടുമെത്തിയത്.


വിവാദത്തിൽ ഒപ്പംനിന്നതിന് കേരളാ അഗ്രോ മെഷിനറി കോർപ്പറേഷൻ (കാംകോ) ജീവനക്കാർക്ക് നന്ദി പറഞ്ഞുള്ള ഫെയ്സ്ബുക്ക് പോസ്റ്റിൽ താൻ ഇനി എംഡി അല്ലെങ്കിലും തുടങ്ങിവച്ച ഓരോന്നും ഫലപ്രാപ്തിയിൽ എത്തിക്കണമെന്നുണ്ട്.

കാംകോ മാനേജിങ് ഡയറക്ടറായി ചുമതല ഏറ്റെടുത്തിട്ട് രണ്ടു മാസമേ ആയുള്ളൂ. ഡോ.ജയതിലകും ഗോപാലകൃഷ്ണനും ചേർന്ന് ഗൂഢാലോചന നടത്തി സൃഷ്ടിക്കാൻ ശ്രമിച്ച വ്യാജ നറേറ്റീവ് പൊളിച്ച് ചവറ്റ്കുട്ടയിലിടുന്ന കാംകോ ജീവനക്കാരോട് ഒന്നേ പറയാനുള്ളൂ ഞാൻ നിങ്ങളുടെ എംഡി അല്ലെങ്കിലും നമ്മൾ തുടങ്ങി വെച്ച ഓരോന്നും ഫലപ്രാപ്തിയിലേക്കെത്തണം.


ഈ ഘട്ടത്തിൽ സത്യത്തിന് വേണ്ടി നിലകൊള്ളാൻ തീരുമാനിച്ചതിന് സഹപ്രവർത്തകർക്ക് നന്ദിയും വള്ളത്തിന്റെ അമരത്തില്ലെങ്കിലും ഞാൻ കരയ്ക്കാണെങ്കിലും നമ്മുടെ കമ്പനിയുടെ യാത്രയിൽ കൂടെത്തന്നെ കാണുമെന്ന ഉറപ്പുമുണ്ട്.


ചാർജ്ജ് മെമ്മോയിലെ പ്രശാന്തിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ അന്വേഷണമുണ്ടാകും. അന്വേഷണം നടത്തിയില്ലെങ്കിൽ മൂന്നുമാസം വരെയേ സസ്‌പെൻഷൻ നിലനിൽക്കു. അന്വേഷണം പ്രഖ്യാപിച്ചാൽ ആദ്യഘട്ടത്തിൽ ആറുമാസവും പിന്നീട് കേന്ദ്രം സമ്മതിച്ചാൽ ആറുമാസവും കൂടി അന്വേഷണം നീട്ടാം.

കൃത്യവിലോപം തെളിഞ്ഞാൽ ശാസന മുതൽ പിരിച്ചുവിടൽ വരെയുള്ള നടപടികളും സർക്കാരിന് സ്വീകരിക്കാം. അതേസമയം സർക്കാർ നടപടി കടുപ്പിച്ചാൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ അപ്പീൽ പോകാനാണ് പ്രശാന്തിന്റെ നീക്കമെന്നാണ് അറിയുന്നത്.

പ്രശാന്തിനെതിരെ നിലവിലുള്ള കുറ്റങ്ങൾ ഇവയാണ്:

അഡിഷനൽ ചീഫ് സെക്രട്ടറി ഡോ.എ ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി. ഇതു മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കിടയാക്കി. പരാമർശങ്ങൾ കടുത്ത അച്ചടക്കലംഘനം; അവ ഭരണസംവിധാനത്തിന്റെ പ്രതിഛായ മോശമാക്കി. 

സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നിപ്പും അതൃപ്തിയുമുണ്ടാക്കാൻ കഴിയുന്ന പരാമർശങ്ങളാണു പ്രശാന്തിന്റേത്. അവ സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ പദവിക്കു ചേർന്നതല്ല. ജയതിലക് കൽപ്പിക്കുന്ന രീതിയിൽ ഫയലും റിപ്പോർട്ടും നോട്ടുമെഴുതാൻ വിസമ്മതിച്ച സത്യസന്ധരായ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും നശിപ്പിച്ചെന്ന ഗുരുതര ആരോപണവും പ്രശാന്ത് ഉന്നയിച്ചിട്ടുണ്ട്.

സെക്രട്ടേറിയറ്റ് ഇടനാഴിയിൽ വെറുതേ നടന്നാൽ ഇത് കേൾക്കാമെന്നും അദ്ദേഹം ജോലി ചെയ്ത എല്ലാ വകുപ്പിലും ഒന്ന് ചോദിച്ചാൽ തീരുന്ന സംശയമേ ഉള്ളൂവെന്നും പ്രശാന്ത് വ്യക്തമാക്കിയിരുന്നു. ഇതെല്ലാം രേഖയിൽ ഉൾപ്പെട്ടാൽ അടുത്ത ചീഫ്സെക്രട്ടറി ആവേണ്ട ജയതിലകിന്റെ കരിയറിന് ദോഷകരമാവും എന്നുകൂടി വിലയിരുത്തിയാണ് മെമ്മോ അടക്കം നടപടികൾ വൈകിപ്പിക്കുന്നത്.

publive-image

പ്രശാന്തിന്റെ വാക്കുകൾ ഇങ്ങനെ:

ഡോ.ജയതിലകുമായി സംസാരിച്ച് സന്ധിയാക്കണമെന്നും അപകടം വിളിച്ച് വരുത്താതിരിക്കാൻ അതാണ് നല്ലതും ഭീഷണി രൂപത്തിൽ ചിലർ ഉപദേശിക്കുന്നുണ്ട്. അദ്ദേഹം നശിപ്പിച്ച ജീവിതങ്ങളുടെ പട്ടിക ചൂണ്ടിക്കാണിച്ചാൽ, എനിക്ക് ഭയമല്ല ഇനിയെങ്കിലും ഇതിനൊരു അന്ത്യമുണ്ടാക്കി അവർക്കും നീതി നേടിക്കൊടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്.


ഐ.എ.എസുകാരുടെ സർവ്വീസ് ചട്ടപ്രകാരം സർക്കാറിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കരുതെന്നാണ്. അഞ്ച് കൊല്ലം നിയമം പഠിച്ച എനിക്ക് സർവ്വീസ് ചട്ടങ്ങളെക്കുറിച്ച് ഉപദേശം വേണ്ട. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19(1)(a) ഏതൊരു പൗരനുമെന്ന പോലെ എനിക്കുമുള്ളതാണ്.


പൊതുജനമദ്ധ്യത്തിൽ സിവിൽ സർവീസിന്റെ വില കളയാതിരിക്കാൻ മൗനം പാലിക്കണമെന്ന് തന്നെ ചിലർ ഉപദേശിക്കുന്നു. എന്നാൽ വ്യാജ റിപ്പോർട്ടുകൾ സൃഷ്ടിക്കുകയും, ഫയലുകൾ അപ്രത്യക്ഷമാക്കുകയും, വട്സാപ്പ് ഗ്രൂപ്പുകൾ സൃഷ്ടിക്കുകയും അപ്രത്യക്ഷമാക്കുകയും ചെയ്യുന്ന ഒരു ഗ്രൂപ്പ് സിവിൽ സർവീസിലുണ്ടെന്നത് ലജ്ജാവഹമാണ്.

എന്നാലത് ഒളിച്ച് വെക്കുകയാണോ വേണ്ടത്? പിന്തിരിപ്പൻ സമൂഹങ്ങളിലെ വലിയ ഉദ്യോഗസ്ഥരുടെയും പ്രമാണിമാരുടെ വീടുകളിൽ 'പീഡോഫീലിയ' (പ്രായപൂർത്തിയായ ആൾക്ക് പ്രായപൂർത്തിയാകാത്ത കുട്ടിയിലുണ്ടാകുന്ന ലൈംഗിക ആസ്കതി) പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ രഹസ്യമായി വെക്കാൻ ഉപദേശിക്കുന്ന അതേ ലോജികാണിത് ! വിവരങ്ങൾ പുറത്ത് വരുന്നതിൽ എന്തിനാണ് ഭയം ? പ്രശാന്ത് ചോദിക്കുന്നു.

Advertisment