Advertisment

പി.എസ്.സി കോഴയാരോപണം തള്ളുമ്പോഴും അന്വേഷണം ഒഴിവാക്കാനാകാത്ത സ്ഥിതിയില്‍ സര്‍ക്കാര്‍; അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചാല്‍ കോടതിയില്‍ 'തിരിച്ചടി'യുണ്ടാകുമെന്ന് സര്‍ക്കാരിന് തിരിച്ചറിവ്; അന്വേഷണം നടത്തി പരാതി കഴമ്പില്ലാത്തതെന്നും പറഞ്ഞ് തള്ളിക്കളയുക അടുത്ത നീക്കം ? പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ അന്വേഷണം നടത്തി ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് തള്ളിക്കളയുക എന്ന തന്ത്രവും സർക്കാർ സ്വീകരിച്ചേക്കുമെന്നാണ് അറിയുന്നത്.

New Update
psc

തിരുവനന്തപുരം: പി.എസ്.സി അംഗമായി നിയമിക്കപ്പെടാൻ കോഴിക്കോട്ടെ ഡോക്ടറിൽ നിന്ന് സി.പി.എം നേതാവ് 60 ലക്ഷം ആവശ്യപ്പെടുകയും 22 ലക്ഷം കൈപ്പറ്റുകയും ചെയ്തെന്ന ആരോപണം വെറും മാദ്ധ്യമ വാർത്ത മാത്രമാണെന്നും പറഞ്ഞ്‌ സർക്കാർ അവഗണിക്കുകയാണെങ്കിലും ആരെങ്കിലും കോടതിയെ സമീപിച്ചാൽ കേസെടുക്കേണ്ട സ്ഥിതിയുണ്ടാവും.

Advertisment

ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയിലെ അംഗമാവാൻ 60 ലക്ഷം കോഴ ആവശ്യപ്പെട്ടെന്ന പരാതി യൂത്ത് കോൺഗ്രസ്, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയിട്ടുണ്ട്. ഇതിൽ അന്വേഷണം നടത്താതിരിക്കാൻ പൊലീസിനോ വിജിലൻസിനോ നിയമപ്രകാരം കഴിയില്ല. എന്നാൽ അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചാൽ ഏതൊരു പൗരനും കോടതിയെ സമീപിക്കാനാവും. യൂത്ത് കോൺഗ്രസ് തന്നെ കോടതിയിൽ ഹർജി നൽകുമെന്നാണ് സൂചന.


 അതേസമയം, ഇപ്പോഴത്തെ യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ അന്വേഷണം നടത്തി ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് തള്ളിക്കളയുക എന്ന തന്ത്രവും സർക്കാർ സ്വീകരിച്ചേക്കുമെന്നാണ് അറിയുന്നത്.


വാങ്ങിയ പണം തിരികെ നൽകി സംഭവം ഒതുക്കിതീ‌ർക്കാനാണ് ശ്രമമെന്നാണ് ആക്ഷേപം. ഇന്ന് നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇക്കാര്യം ഉന്നയിച്ചു. എന്നാൽ മുഖ്യമന്ത്രി ഇതിനെ തള്ളിക്കളയുകയാണ്. കോഴയാരോപണം മാദ്ധ്യമ സൃഷ്ടി മാത്രമാണെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും, പരാതികളിൽ ഗൗരവമായ അന്വേഷണത്തിന് സർക്കാർ സന്നദ്ധമാണെന്നും ഒരു തരത്തിലുള്ള വഴിവിട്ട നടപടികളും അംഗീകരിക്കില്ലെന്നും പറയുന്നത് പരസ്പര വിരുദ്ധമായി.

 മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പേരുപറഞ്ഞാണ് പണം വാങ്ങിയതെന്നും പൊലീസിൽ പരാതി നൽകാതെ പണം തിരികെനൽകി ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയാണെന്നുമുള്ള പ്രതിപക്ഷ ആരോപണം അടുത്തദിവസങ്ങളിൽ കത്തിപ്പടരാനാണ് സാദ്ധ്യത.

പണംനൽകി പി.എസ്.സി അംഗമാവുന്നവർ നടത്തുന്ന ഇന്റർവ്യൂവിന് എന്ത് വിശ്വാസ്യതയാണുള്ളതെന്നും ലക്ഷക്കണക്കിന് ചെറുപ്പക്കാർ പി.എസ്.സിയെ പ്രതീക്ഷയോടെ കാണുന്ന കാലത്ത് അംഗത്വം ലേലത്തിന് വയ്ക്കുന്നത് സംസ്ഥാനത്തിന് തന്നെ അപമാനകരമാണെന്നും സതീശൻ പറയുന്നത് റാങ്ക് ലിസ്റ്റിലുള്ളവരെക്കൂടി സമരത്തിനിറക്കുകയെന്ന ലക്ഷ്യത്തോടെയാണ്.

പ്രതിപക്ഷ നേതാവിന് സബ്മിഷൻ ഉന്നയിക്കാൻ ഇന്നലെ രാവിലെ 8.21ന് കോഴിക്കോട് പൊലീസ് കമ്മിഷണർക്ക് യൂത്ത്കോൺഗ്രസ് ജനറൽ സെക്രട്ടറി ഇ-മെയിൽ അയച്ചതായും ഇതാണ് ആദ്യം കിട്ടിയ പരാതിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ പരാതി വേണമല്ലോ എന്ന കൃത്യമായ ധാരണയോടെ തയ്യാറാക്കിയതാണ് അതെന്ന് ആർക്കും മനസിലാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യൂത്ത്കോൺഗ്രസിന്റെ പരാതി താൻ അറിഞ്ഞിട്ടില്ലെന്ന് സതീശൻ പറഞ്ഞു. കോഴയാരോപണം ഇല്ലെങ്കിൽ പൊലീസ് തിങ്കളാഴ്ച ഡോക്ടർ ദമ്പതികളുടെ മൊഴിയെടുത്തത് എന്തിനാണ് ? ഇങ്ങനെ ഒരു സംഭവം ഇല്ലെങ്കിൽ പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ എന്തിനാണ് ഈ ആരോപണം പാർട്ടിയും സർക്കാരും അന്വേഷിക്കുമെന്ന് പറഞ്ഞത് ? സതീശൻ തിരിച്ചടിച്ചു.

വാങ്ങിയ പണം തിരിച്ചു നൽകി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമമെന്നും സതീശൻ പറഞ്ഞു. ഗുരുതരമായ കുറ്റമാണത്. മുഖ്യമന്ത്രിയാണ് പി.എസ്.സിയെ കരിവാരിത്തേച്ച് വിശ്യാസ്യത ഇല്ലാക്കുന്നത്. കാശ് വാങ്ങിയ പാർട്ടിക്കാരെ സംരക്ഷിക്കുന്നതാണ് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നിലപാട്- സതീശൻ കുറ്റപ്പെടുത്തി.

ഒരുതരം ഒത്തുതീർപ്പുമില്ലെന്നും തെറ്റുകാർക്കെതിരേ കർശന നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാദ്ധ്യമവാർത്തകളല്ലാതെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകളുണ്ടായതായി ഇതുവരെ ശ്രദ്ധയിൽപെട്ടിട്ടില്ല. സതീശൻ പറയുന്നത് കോൺഗ്രസിന്റെ രീതിയാണെന്നും അതൊന്നും എൽ.ഡി.എഫിനും സർക്കാരിനും ബാധകമല്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.

ഭരണഘടനാസ്ഥാപനമായ പി.എസ്.സിയെ സംശയത്തിന്റെ നിഴലിൽ നിറുത്തുന്ന ഗുരുതര ആരോപണമായിട്ടും കേസെടുക്കുന്നില്ലെന്നാണ് സതീശൻ പറഞ്ഞത്. മന്ത്രിമാരുടെയും എം.എൽ.എമാരുടെയും സന്തതസഹചാരിയായ ആളാണ് തട്ടിപ്പ് നടത്തിയ യുവനേതാവ്.

വാർത്തകൾ പ്രകാരം മന്ത്രി റിയാസ് തന്നെ ഇത്തരമൊരു കോക്കസിനെതിരേ പരാതി നൽകി. കണ്ണൂരിലേതു പോലെ കോഴിക്കോടും ഒരു കോക്കസ് ഉണ്ടെന്നതാണ് ഇതിന്റെ അർത്ഥം. പി.എസ്.സി അംഗത്തിന്റെ നിയമനം ലേലത്തിൽ വയ്ക്കുകയാണോയെന്ന് മുഖ്യമന്ത്രി പറയണം. മുൻപും സമാന ആരോപണമുണ്ടായിട്ടുണ്ട്. മന്ത്രി എ.കെ ശശീന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ബിജു ആബേൽ ജേക്കബിന്റെ ഫോൺ സംഭാഷണത്തിൽ ലക്ഷങ്ങളുടെ കോഴക്കണക്കുണ്ട്.

ജനതാദൾ-എസ് നിയമനം നടത്താതെ തസ്തിക ലേലത്തിന് വച്ചിരിക്കുന്നു. ഐ.എൻ.എല്ലിനെതിരേയും ആരോപണമുണ്ടായി. പാർട്ടിയിലെ ആഭ്യന്തരകാര്യം പോലെ കൈകാര്യം ചെയ്താൽ പോരാ. മന്ത്രിമാർക്കും നേതാക്കൾക്കും കിട്ടിയ പരാതി എന്തുകൊണ്ടാണ് പൊലീസിന് കൊടുക്കാത്തത്. ഗൗരവതരമായ കുറ്റമാണിത്. അടിയന്തരമായി എഫ്.ഐ.ആറിട്ട് അന്വേഷണം നടത്തണം.

എന്നാൽ പരാതികളിൽ ഗൗരവമായ അന്വേഷണത്തിന് സർക്കാർ സന്നദ്ധമാണെന്നും ഒരു തരത്തിലുള്ള വഴിവിട്ട നടപടികളും അംഗീകരിക്കില്ല, വകവച്ചു കൊടുക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരാശങ്കയും അക്കാര്യത്തിലുണ്ടാവേണ്ട. കടുത്ത നടപടിക്ക് തയ്യാറാണ്. ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയെ ഇതിന്റെ ഭാഗമായി കരിവാരി തേയ്ക്കാൻ ശ്രമിക്കരുത്. മാനദണ്ഡങ്ങൾ പാലിച്ചാണ് പി.എസ്.സി അംഗങ്ങളുടെ നിയമനം.

സർവഥാ യോഗ്യരായ, അർഹതയുള്ളവരെ മാത്രം നിശ്ചയിക്കുകയാണ് സർക്കാരിന്റെ രീതി. തെറ്റായ രീതികളോ ദു:സ്വാധീനങ്ങളോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പിച്ച് പറയാം. ഇവർ കൃത്യമായി ചുമതല നിറവേറുന്നു. യു.ഡി.എഫ് കാലത്താണ് അംഗങ്ങളുടെ എണ്ണമുയർത്തിയത്. 1982ൽ 9 പേരായിരുന്നു. 1983ൽ-13, 1984ൽ-15, 2005ൽ-18, 2013ൽ-21 ആക്കി. ഇതെല്ലാം യു.ഡി.എഫ് ഭരണകാലമാണ്. 2016ൽ 21അംഗങ്ങൾ വേണോയെന്ന് പരിശോധിച്ചു. ധാരാളം റിക്രൂട്ട്മെന്റുകളുണ്ടെന്ന വാദഗതി അംഗീകരിക്കുകയായിരുന്നു.

പി എസ് സി അംഗങ്ങളെക്കുറിച്ച് വലിയ ആക്ഷേപങ്ങളൊന്നും ഉയർന്നുവന്നിട്ടില്ല. 2004ലെ വലിയ വിവാദം കെ.കരുണാകരൻ, ഉമ്മൻചാണ്ടി, ആര്യാടൻമുഹമ്മദ്, വക്കം പുരുഷോത്തമൻ എന്നിവരുമായി ബന്ധപ്പെട്ടതായിരുന്നു. കുറ്റമറ്റതും സുതാര്യവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നത്. ഭരണഘടനാ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ആരോപണങ്ങൾ നിർഭാഗ്യകരമാണ്- മുഖ്യമന്ത്രി പറഞ്ഞു.

Advertisment