/sathyam/media/media_files/c4snwDn9OzcR3cgsoHMo.jpg)
കോട്ടയം: അധ്യാപക തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയും സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള പരിശീലനവും ഒരു ദിവസം, വെട്ടിലായി ഉദ്യോഗാര്‍ഥികള്‍. 27നു നടക്കേണ്ടിയിരുന്ന ക്ലസ്റ്റര്‍ ശനിയാഴ്ചത്തേക്കു മാറ്റിയതോടെയാണ് ഉദ്യോഗാര്‍ഥികള്‍ വെട്ടിലായത്. എന്നാല്‍, 27നു നിശ്ചയിച്ചിരുന്ന ക്ലസ്റ്റര്‍ ഭരണാനുകൂല അധ്യാപക സംഘടനയുടെ മാര്‍ച്ച് അന്നു നടക്കുക്കന്നതിനെ തുടര്‍ന്നാണു ശനിയാഴ്ചത്തേക്കു മാറ്റിയതെന്നാണു പ്രതിപക്ഷ സംഘടനകള്‍ ആരോപിക്കുന്നത്.
ശനിയാഴ്ച എല്‍.പി.എസ്.ടി. തസ്തികയിലേക്കുള്ള പി.എസ്.സി. പരീക്ഷയാണു നടക്കുന്നുണ്ട്. എയ്ഡഡ് വിദ്യാലയങ്ങളില്‍ ജോലിചെയ്യുന്ന പുതിയ അധ്യാപകര്‍, സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉള്‍പ്പെടെ ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവര്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം അധ്യാപകര്‍ ഈ പരീക്ഷ എഴുതുന്നുണ്ട്. കൂടാതെ പി.എസ്.സി. പരീക്ഷ നടക്കുന്ന വിദ്യാലയങ്ങളില്‍ ഇന്‍വിജിലേറ്റര്‍ ഡ്യൂട്ടിയുള്ള അധ്യാപകരും ഒട്ടേറെയുണ്ട്.
അവര്‍ക്കൊന്നും ക്ലസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യങ്ങള്‍ വ്യക്തമായി അറിഞ്ഞിട്ടും തിടുക്കത്തില്‍ ക്ലസ്റ്റര്‍ പരിശീലനം നടത്തി തീര്‍ക്കാനുള്ള ആവേശത്തിനു പിന്നിലുള്ളതു രാഷ്ട്രീയ താല്പര്യങ്ങളാണെന്നു പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ആരോപിക്കുന്നു.
ഉദ്യോഗാര്‍ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കാതെ ക്ലസ്റ്റര്‍ യോഗത്തില്‍ വരാന്‍ നിര്‍ബന്ധിക്കുന്നത് അവരുടെ ജോലി അവസരങ്ങള്‍ നിഷേധിക്കുകയാണെന്ന ആരോപണമാണു പ്രതിപക്ഷ സംഘടനകള്‍ ഉന്നയിക്കുന്നത്. അധ്യാപക പരിശീലനം മാറ്റിയതിനു യുക്തമായ ഒരു കാരണവും ഇതു വരെ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിട്ടില്ല.
കൂടാതെ ക്ലസ്റ്റര്‍ പരിശീലനം അപ്രതീക്ഷിതമായി നേരത്തെ ആക്കിയതു മൂലം കൃത്യമായ ആസൂത്രണങ്ങള്‍ നടത്താനായിട്ടില്ലാത്തത് മൂലം ക്ലസ്റ്റര്‍ പരീശീലനം കൊണ്ട് എന്താണോ ഉദ്ദേശിച്ചത് അതിന്റെ ഫലം ഉണ്ടാവാത്ത അവസ്ഥയാണുള്ളത്. ഇതു ഭരണാനുകൂല സംഘടനയുടെ ഭീഷണിക്കു മുന്നില്‍ വിദ്യാഭ്യാസ മന്ത്രിയും വകുപ്പും കീഴടങ്ങിയ ലജ്ജാകരമായ അവസ്ഥ ആണെന്നും സംഘടനാ ഭാരവാഹികള്‍ പറയുന്നു.
വിദ്യാഭ്യാസ കലണ്ടറില്‍ 27ന് ക്ലസ്റ്റര്‍ പരിശീലനം നിശ്ചയിച്ചിരുന്നു. ഇത് അട്ടിമറിച്ചാണു ശനിയാഴ്ച പരിശീലനം നിശ്ചയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച സൂചന നല്‍കിയെങ്കിലും ഔദ്യോഗിക അറിയിപ്പ് വെള്ളിയാഴ്ചയാണു നല്‍കുക. വ്യാഴാഴ്ച ഉച്ചയോടെയാണു പരിശീലനത്തിനു നേതൃത്വം നല്‍കുന്ന അധ്യാപകര്‍ക്ക് ക്ലസ്റ്റര്‍ ശനിയാഴ്ചയെന്ന വിവരം ലഭിച്ചത്. പ്രതിപക്ഷ അധ്യാപക സംഘടനകള്‍ നേരത്തെതന്നെ സമരം പ്രഖ്യാപിക്കുകയും ക്ലസ്റ്റര്‍ ബഹിഷ്‌കരണം ഉള്‍പ്പെടെ വിവിധ സമരമാര്‍ഗങ്ങളിലൂടെ ശക്തമായി നിലയുറപ്പിക്കുകയും ചെയ്തിട്ടുണ്ട്.