നിലമ്പൂര്‍: മുഖ്യമന്ത്രി തന്നെ സ്വര്‍ണക്കടത്തുകാരനും കുറ്റവാളിയുമാക്കി മനഃപൂര്‍വ്വം ചിത്രീകരിച്ചെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. എസ്പി ഓഫിസിലെ മരംമുറി കേസിൽ അന്വേഷണം തൃപ്തികരമല്ല. സ്വർണക്കടത്ത് കേസിലും റിദാന്റെ കൊലപാതകത്തിലും അന്വേഷണം കാര്യക്ഷമമല്ലെന്നും അന്‍വര്‍ ആരോപിച്ചു.
പാര്‍ട്ടിയുടെ അഭ്യര്‍ത്ഥനമാനിച്ച് പരസ്യപ്രസ്താവന ഒഴിവാക്കിയതായിരുന്നു. അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായി പരിശോധിക്കുന്നുണ്ടെന്ന് പാര്‍ട്ടി പറഞ്ഞത് വിശ്വസിച്ചുകൊണ്ടാണ് നിര്‍ദേശം മാനിച്ചത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആ രീതിയിലുള്ള പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ, കേസ് അന്വേഷണം കൃത്യമായ രീതിയിലല്ല നടക്കുന്നതെന്ന് ബോധ്യപ്പെടുകയാണെന്ന് അന്‍വര്‍ പറഞ്ഞു.
പി.വി.അൻവർ കള്ളക്കടത്ത് കേസിലെ ആളാണോയെന്ന സംശയം മുഖ്യമന്ത്രി കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ ഇട്ടു കൊടുക്കുകയായിരുന്നു. കള്ളക്കടത്തുകാരെ ഞാൻ മഹത്വവൽകരിക്കുന്നുവെന്ന പ്രസ്താവനയെും എനിക്ക് ഡാമേജുണ്ടാക്കി. മുഖ്യമന്ത്രി ഇത്രയും കടന്നു പറയേണ്ടിയിരുന്നില്ലെന്ന് അന്‍വര്‍ പറഞ്ഞു.
മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുകയായിരുന്നു. പാർട്ടി തിരുത്തുമെന്ന് കരുതിയിട്ടും തിരുത്തിയില്ല. പാർട്ടി പ്രവർത്തകർക്ക് ഒപ്പമാണ് താൻ. അജിത്ത് കുമാർ പറഞ്ഞ രീതിയിലാണ് മുഖ്യമന്ത്രി വാർത്ത സമ്മേളനം നടത്തിയത്. എ.ഡി.ജി.പി എം ആർ അജിത്ത് കുമാർ എഴുതി കൊടുക്കുന്നതാണ് മുഖ്യമന്ത്രി വായിക്കുന്നതെന്നും അന്‍വര്‍ ആരോപിച്ചു.