മലപ്പുറം: വിദേശത്തുനിന്ന് കൊണ്ടുവന്ന സ്വര്‍ണ്ണം പൊലീസ് തട്ടിയെടുത്തെന്ന് ഒരു കുടുംബം ആരോപിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പി.വി. അന്‍വര്‍ എംഎല്‍എ. താനുമായി ഒരു കുടുംബം നടത്തിയ സംഭാഷണത്തിന്റെ വീഡിയോയാണ് വാര്‍ത്താസമ്മേളനത്തിനിടെ അന്‍വര്‍ പുറത്തുവിട്ടത്.
2023ല്‍ വിദേശത്തു നിന്നെത്തിയ കുടുംബം അനുഭവം വ്യക്തമാക്കുന്നതിന്റെ ദൃശ്യങ്ങളാണ് അന്‍വര്‍ പുറത്തുവിട്ടത്. വിമാനത്താവളത്തിന് പുറത്തുവച്ചാണ് സ്വര്‍ണ്ണം പൊലീസ് പിടികൂടിയത്. 900 ഗ്രാം സ്വര്‍ണ്ണത്തില്‍ 500 ഗ്രാമിലേറെ പൊലീസ് മുക്കി. 300 ഗ്രാമിന് മുകളില്‍ സ്വര്‍ണ്ണം മാത്രമാണ് കണക്കിലുണ്ടായിരുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഫോണും പാസ്‌പോര്‍ട്ടും പിടിച്ചുവെച്ചു. പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ട് ഒന്നര മാസത്തിനുശേഷം സ്റ്റേഷനിലെത്തി. മഞ്ചേരി കോടതിയില്‍ ചെല്ലാനാണ് അവിടെ നിന്നും ആവശ്യപ്പെട്ടത്. തുടര്‍ന്ന് അവിടെ വച്ച് രേഖകള്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണത്തിലെ അളവ് കുറഞ്ഞത് മനസിലാകുന്നതെന്നും കുടുംബം ആരോപിച്ചു.