Advertisment

'വിരട്ടലും, വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വേറെയാണ്'; പിണറായിയുടെ പഴയ ഡയലോഗ് ഓര്‍മ്മിപ്പിച്ച് അന്‍വറിന്റെ വീടിന് മുന്നില്‍ സിപിഎം ഫ്ലക്സ് ബോർഡ്; പിണറായിയുടെയും, ഗോവിന്ദന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഫ്ലക്സ് സ്ഥാപിച്ചത് പാര്‍ട്ടി ഒതായി ബ്രാഞ്ചിന്റെ പേരില്‍; ആരോപണശരങ്ങള്‍ തൊടുത്ത അന്‍വറിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ താക്കീത് ?

മുഖ്യമന്ത്രിക്ക് എതിരെ ഗുരുതര ആക്ഷേപങ്ങൾ ഉന്നയിച്ചതിന് പിന്നാലെ പി.വി.അൻവറിൻെറ വീടിന് മുന്നിൽ സി.പി.എം ഫ്ലക്സ് ബോർഡ്

New Update
anvar othayi

മലപ്പുറം : മുഖ്യമന്ത്രിക്ക് എതിരെ ഗുരുതര ആക്ഷേപങ്ങൾ ഉന്നയിച്ചതിന് പിന്നാലെ പി.വി.അൻവറിൻെറ വീടിന് മുന്നിൽ സി.പി.എം ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. വിരട്ടലും, വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വേറെയാണ് എന്ന പിണറായിയുടെ പഴയ പരാമർശമാണ് ഫ്ലക്സ് ബോർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സി.പി.എം ഒതായി ബ്രാഞ്ചിൻെറ പേരിലാണ് ഫ്ളക്സ്.

Advertisment

മുഖ്യമന്ത്രി പിണറായി വിജയൻെറയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും ചിത്രങ്ങളും ഫ്ലക്സ് ബോർഡിലുണ്ട്. അൻവറിൻെറ ആരോപണങ്ങൾക്കെതിരായ താക്കീതായാണ് രാത്രിതന്നെ ഫ്ലക്സ് സ്ഥാപിച്ചതെന്നാണ് പ്രാദേശിക പാർട്ടി പ്രവർത്തകരുടെ പ്രതികരണം.

എന്നാൽ മുന്നോട്ട് വെച്ച കാൽ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് പി.വി.അൻവർ. പല വിഷയങ്ങൾ ചൂണ്ടിക്കാട്ടി സി.പി.എമ്മിന് മുൻപ് നൽകിയ പരാതികൾ എല്ലാം വെളളിയാഴ്ച പുറത്തു വിടാനാണ്  പിവി അൻവർ എംഎൽഎയുടെ തീരുമാനം.

ഒൻപത് മാസങ്ങൾക്ക് മുൻപ് പാർട്ടിക്ക്  നൽകിയ പരാതികളിൽ ഒന്നും തുടർനടപടികൾ ഉണ്ടായില്ലെന്ന ആരോപണത്തിന് തെളിവെന്ന നിലയിലാണ്  പകർപ്പുകൾ പുറത്തുവിടുന്നത്.   ഞായറാഴ്ച്ച സ്വന്തം നിലപാട് വിശദീകരിക്കാൻ പി.വി. അൻവർ   പൊതുസമ്മേളനവും സംഘടിപ്പിക്കുന്നുണ്ട്.

Advertisment