കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആഞ്ഞടിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ. മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന ആക്ഷൻ കമ്മിറ്റിയുടെ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മാണ് ഹിന്ദുത്വ ശക്തികളെ ഏറ്റവും ശക്തമായി നേരിട്ടതെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. അതിൽ തർക്കമില്ല. പക്ഷെ ഇപ്പോഴത്തെ സ്ഥിതി എന്താണ്. മലപ്പുറം ഏറ്റവും ക്രിമിനൽ സംഘങ്ങളുള്ള സ്ഥലമെന്നാണു മുഖ്യമന്ത്രി ദേശീയ പത്രത്തോട് പറഞ്ഞത്. ഈ വാർത്ത നേരെ ഡൽഹിയിലേക്കാണ് പോകുന്നത്. സദുദ്ദേശ്യപരമാണോ, ഇത് ദുരുദ്ദേശ്യപരമാണോയെന്ന് അന്‍വര്‍ ചോദിച്ചു.
പിടിക്കപ്പെട്ടവന്റെ പാസ്പോർട്ട് പരിശോധിച്ച് അവൻ ഏത് ജില്ലക്കാരനാണെന്നു നോക്കണം. ആ ജില്ലാക്കാരനാണ് പ്രതി എന്നാണ് മുഖ്യമന്ത്രി പറയേണ്ടത്. എന്നാൽ, അദ്ദേഹം ഒരു സമുദായത്തിനുമേൽ അടിച്ചേൽപ്പിക്കുന്നു. അപകടകരമായ പോക്കാണിത്. ശരിയായ രീതിയിലുള്ളതല്ല. ഇതാണ് ചോദ്യംചെയ്യപ്പെടുന്നതെന്ന് അന്‍വര്‍ പറഞ്ഞു.
'ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ച് ഇരിക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രി പറഞ്ഞതുകേട്ട് എൻ്റെ മുട്ടുകാൽ വിറയ്ക്കുമെന്ന് കരുതിയെങ്കിൽ മുഖ്യമന്ത്രിക്ക് തെറ്റി. എനിക്കൊരു ബാപ്പയുണ്ട്', അൻവർ കൂട്ടിച്ചേർത്തു.
ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ എന്റെ കാലുപിടിച്ചതു നിങ്ങൾ കണ്ടതാണ്. അടിമയായി നിൽക്കാമെന്ന് സുജിത്ത് ദാസ് പറഞ്ഞിട്ടും ഞാൻ കൂടെ നിന്നില്ല. എന്നെ ഒന്നു സമാധാനിപ്പിക്കാൻ നടത്തിയ ഇടപാടാണ് സുജിത്ത് ദാസിന്റെ സസ്പെൻഷൻ. എന്നെ സമാധാനിപ്പിക്കാമെന്ന് കരുതിയവരുടെ കണക്കുക്കൂട്ടലുകൾ തെറ്റി. കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾ പറ്റിക്കപ്പെടുന്നുവെന്ന് എനിക്ക് തോന്നി. വലിയ വലിയ ഓഫറുകൾ വന്നപ്പോൾ പോയി പണി നോക്കാനാണ് പറഞ്ഞതെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി.
ഈ നാട്ടിൽ നന്നായി ജീവിക്കാൻ കഴിയും എന്ന് നമ്മൾ വിചാരിക്കണ്ട. നൂറിലേറെ പേർ ഇല്ലാത്ത എംഡിഎംഎ കേസിൽ ഉൾപ്പെട്ടു. നിരവധി പൊലീസുകാർ ആണ് എംഡിഎംഎ കച്ചവടം ഇപ്പോൾ ചെയ്യുന്നതെന്നും അന്‍വര്‍ ആരോപിച്ചു.