മലപ്പുറം: ഇടത് മുന്നണിയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ പി.വി.അൻവറും സി.പി.എം ജില്ലാ സെക്രട്ടറിയും നേർക്കുനേർ. ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് മുസ്ലിം വിരുദ്ധനാണെന്നും ആർ.എസ്.എസ് വർഗീയ വാദിയാണെന്നും ആരോപിച്ച് പി.വി. അൻവർ തന്നെയാണ് നേരിട്ടുളള ഏറ്റുമുട്ടലിന് തുടക്കമിട്ടത്.
സി.പി.എം പ്രതിഷേധ പ്രകടനങ്ങളിൽ കൊലവിളി മുദ്രാവാക്യങ്ങൾ ഉയർന്നതാണ് അൻവറിനെ പ്രകോപിപ്പിക്കുന്നത്. പി.വി അൻവർ ഇപ്പോൾ നടത്തുന്ന പാർട്ടിക്കെതിരായ കടന്നാക്രമണം പുതിയരാഷ്ട്രീയ നിലപാടിൻെറ ഭാഗമാണെന്നും തന്നെ ആർ.എസ്.എസുകാരനായി ചിത്രീകരിക്കുന്നത് അദ്ദേഹം വലതുപക്ഷത്തിൽ തടവറയിലായതിന്റെ ഉദാഹരണമാണെന്നുമാണ് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് നൽകുന്ന മറുപടി.
പ്രതിഷേധ പ്രകടനങ്ങളിൽ അൻവറിനെതിരെ ഉയർന്ന കൊലവിളി മുദ്രാവാക്യങ്ങളോട് യോജിപ്പില്ലെന്നും പാർട്ടിയുടെ നയം അതല്ലെന്നും ഇ.എൻ.മോഹൻദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
മുന്നണിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ മലപ്പുറം ജില്ലയിൽ സി.പി.എം സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രതിഷേധ യോഗങ്ങൾക്കും നേതാക്കൾ ഉന്നയിക്കുന്ന മറുപടി നൽകുന്നതിനുമായി ഞായറാഴ്ച പി.വി.അൻവർ സ്വന്തം നിയോജക മണ്ഡലമായ നിലമ്പൂരിൽ വിശദീകരണ യോഗം സംഘടിപ്പിക്കുന്നുണ്ട്.
ഈ യോഗത്തിൽ പങ്കെടുക്കുന്നവരെ തടയാൻ സി.പി.എം ജില്ലാ നേതൃത്വം ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. സി.പി.എം പിന്തുണ പിൻവലിച്ചതോടെ അൻവറിന് നിലമ്പൂരിൽ ജനകീയതയില്ലെന്ന് തെളിയിക്കേണ്ടത് സി.പി.എമ്മിന് അനിവാര്യമാണ്. ഈ ലക്ഷ്യത്തോടെയാണ് വിശദീകരണയോഗത്തിൽ പങ്കെടുക്കാൻ സാധ്യതയുളളവരെ വിലക്കുന്നതെന്നാണ് ആക്ഷേപം.
എന്നാൽ പരിപാടിയിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന് പറയുന്ന രീതി പാർട്ടിക്കില്ലെന്നാണ് ഇതേപ്പറ്റിയുളള ചോദ്യങ്ങൾക്ക് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസിൻെറ മറുപടി.
പാർട്ടിയുമായും സർക്കാരുമായും കലഹത്തിനിറങ്ങിയതോടെ പി.വി.അൻവർ തീവ്ര വർഗീയതയുടെ തീപ്പന്തമായി മാറിയെന്നാണ് സി.പി.എമ്മിൻെറ ആരോപണം. ഗാന്ധി ജയന്തി ദിനത്തിൽ നിലപാട് പ്രഖ്യാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പി.വി. അൻവറിൻെറ പാതയിലേക്ക് ഡോ. കെ.ടി. ജലീൽ പോകില്ലെന്നാണ് സി.പി.എമ്മിൻെറ പ്രതീക്ഷ.
മുന്നണിയിൽ നിന്ന് പുറത്താക്കിയെങ്കിലും വീര്യം ചോരാതെ ജില്ലയിലെയും സംസ്ഥാനത്തെയും സി.പി.എം നേതൃത്വത്തെയും ഭരണ നേതൃത്വത്തിനെതിരെയും അൻവർ കനത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്. സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ആർ.എസ്.എസ് ആഭിമുഖ്യമുളളയാളാണെന്ന അൻവറിൻെറ ആരോപണം പാർട്ടിക്കുളളിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
'' പ്രതിഷേധങ്ങൾ ഒക്കെ പ്രതീക്ഷിച്ചതാണ്. പാർട്ടി സെക്രട്ടറി പറഞ്ഞത് അനുസരിച്ച് തന്നെ ഭയപ്പെടുത്താൻ നോക്കിയതാണ്. തന്നെ കൈകാര്യം ചെയ്യണമെന്ന് പാർട്ടി സെക്രട്ടറി ആഹ്വാനം ചെയ്തു. സാധുക്കൾക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നത്. തങ്ങൾ ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞാണ് അവരൊക്കെ തനിക്കെതിരെ മുദ്രവാക്യം വിളിക്കുന്നത്.
പാർട്ടി പ്രവർത്തകരും നേതൃത്വും നിസ്സഹായരാണ് കഴിഞ്ഞ ദിവസം വരെ തന്റെ കൂടെ നിന്നവരാണ് അവരൊക്കെ. മലപ്പുറം ജില്ലാ സെക്രെട്ടറിയെക്കുറിച്ച് നാളെ വിശദീകരിക്കും. ഇത്രത്തോളം തരം താഴാൻ ഒരു ജില്ലാ സെക്രട്ടറിക്ക് സാധിക്കുമോ ? പക്കാ ആര്‍എസ്എസുകാരനാണ് ഇ.എൻ. മോഹൻദാസ്. താൻ നിസ്കരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല.
മുസ്ലിം ആയതിനാലാണ് തന്നോട് വിരോധം. മുസ്ലിം വിരോധിയാണ് ഇ എൻ മോഹൻദാസ്. സുജിത് ദാസ് മലപ്പുറത്തെ ക്രിമിനൽ ജില്ലയാക്കാൻ ശ്രമിച്ചപ്പോൾ മോഹൻദാസ് അതിനു കൂട്ടുനിന്നു. മതന്യുനപക്ഷങ്ങൾക്ക് ഫണ്ട് കൊടുക്കലല്ല സർക്കാർ നിലപാട് എന്ന് മോഹൻദാസ് പറഞ്ഞു. ക്രിസ്ത്യൻ ന്യുനപക്ഷങ്ങളോടും മോഹൻദാസിന് എതിർപ്പാണ്. ഒരു സഹായവും സഭയുടെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് നൽകിയില്ല. ആർ.എസ്.എസ് ബന്ധത്തിൻെറ പേരിൽ ഒരു പാർട്ടി ജില്ലാ സെക്രെട്ടറിയേറ്റ് അംഗം ജില്ലാ സെക്രട്ടറിയെ ചിവിട്ടാൻ വരെ തുനിഞ്ഞു.'' അൻവർ തുറന്നടിച്ചു.
അൻവറിൻെറ ആക്രമണത്തിൽ ഉലഞ്ഞെങ്കിലും ആരോപണങ്ങളെ പുച്ഛത്തോടെ തളളുന്നുവെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിൻെറ പ്രതികരണം. വർഗീയവാദിയായി ചിത്രീകരിക്കാനുളള ശ്രമത്തിന് കൃത്യമായ മറുപടിനൽകി മറികടക്കാനാണ് ശ്രമം.
'' ഇപ്പോൾ പറയുന്നത് എല്ലാം അൻവറിന്റെ അജണ്ടയാണ്. പാർട്ടിയെ വെല്ലുവിളിക്കുമ്പോൾ ജില്ലാ സെക്രട്ടറിക്ക് പ്രതിരോധിക്കേണ്ടി വരും. തന്നെ നേരിട്ടറിയുന്നവരാണ് മലപ്പുറം ജില്ലയിലുള്ളവർ. വർഗീയവാദിയാണെന്ന് അൻവർ അല്ലാതെ മറ്റാരും അത് പറയില്ല. ഒരു ലീഗുകാരൻ പോലും താൻ വർഗീയ വാദിയാണെന്ന് പറയില്ല.
ലീഗ്പ്രവർത്തകർ വിളിച്ചു സംസാരിച്ചിട്ടുണ്ട്. 1970 മുതൽ പാർട്ടിയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്. സംഘപരിവാർ ഉൾപ്പെടെയുളളവർക്കെതിരെ ശക്തമായ ആശയ സമരം നടത്തുന്ന വ്യക്തിയാണ്. വിരോധം ഉണ്ടെങ്കിലും പി.വി.അൻവർ ഇത്രത്തോളം തരം താഴരുത്.
തെളിവുകൾ ഉണ്ടെങ്കിൽ അൻവർ പുറത്തു വിടട്ടെ. അൻവർ പച്ച നുണയാണ് പറയുന്നത്. ഹജ്ജ് ചെയ്യുന്ന, നിസ്കരിക്കുന്ന പ്രവർത്തകരുണ്ട് ഈ പാർട്ടിക്ക്. താൻ ആരുടെയും നിസ്കാരം മുടക്കിയിട്ടില്ല.വിശ്വാസിയാണെന്നല്ലേ അവകാശപ്പെടുന്നത്. ഇത്രത്തോളം നുണ പറയുമ്പോൾ അൻവർ ആത്മപരിശോധന നടത്തണം.
അൻവറിന് കോൺഗ്രസ്സിലെ പരിചയമാണുള്ളത്. ആ അനുഭവത്തിലാണ് തനിക്ക് നേരെ ആക്രമണം ഉണ്ടായെന്ന് അൻവർ പറയുന്നത്. അൻവർ പറയുന്നതിൽ സത്യത്തിന്റെ അംശമുള്ള ഒന്നുമില്ല. എൻെറ രാഷ്ട്രീയം കച്ചവടമല്ല , ബഹുജന സേവനമാണ്. അൻവറിൻെറ ആർ.എസ്.എസ് ആരോപണത്തിൽ നിയമ നടപടിയിലേക്ക് പോകണമോ എന്നത് പാർട്ടി തീരുമാനിക്കും'' സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് വിശദീകരിച്ചു.
ഞായറാഴ്ചത്തെ പി.വി. അൻവറിൻെറ വിശദീകരണയോഗത്തോടെ ജില്ലയിലെ സി.പി.എമ്മുമായുളള ഏറ്റുമുട്ടൽ ഒന്നുകൂടി കടുക്കാനാണ് സാധ്യത.