Advertisment

പി. ശശിയേയും പൊലീസ് ഉന്നതരെയും പി.വി. അന്‍വര്‍ ലക്ഷ്യം വയ്ക്കുന്നതിന്‌ പിന്നിൽ സിപിഎം നേതൃത്വമോ ? സംശയങ്ങൾ ഉയർത്തുന്നത്‌ അൻവറിൻെറ പ്രതികരണങ്ങൾ. മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം സമവായ ലൈൻ സ്വീകരിച്ച അൻവർ, എം.വി. ഗോവിന്ദനെ കണ്ടതിന് പിന്നാലെ വിമ‍ർശനം കടുപ്പിച്ചത് ചൂണ്ടിക്കാട്ടി നേതാക്കൾ. റിയാസിനെ മുഖ്യമന്ത്രിയാക്കാനുളള നീക്കമെന്ന് പിണറായി വിരുദ്ധ വിഭാഗം

മുഖ്യമന്ത്രിയുടെ ഓഫീസിനെയും അദ്ദേഹം ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെയും പിടിച്ചുകുലുക്കിയ പി.വി. അൻവറിൻെറ തുറന്നു പറച്ചിലിന് പിന്നിലെ ലക്ഷ്യമെന്താണെന്ന് വ്യക്തമാകുന്നു

New Update
pv anvar p sasi mv govindan pinarayi vijayan muhammed riyas

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെയും അദ്ദേഹം ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെയും പിടിച്ചുകുലുക്കിയ പി.വി. അൻവറിൻെറ തുറന്നു പറച്ചിലിന് പിന്നിലെ ലക്ഷ്യമെന്താണെന്ന് വ്യക്തമാകുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണ് പി.വി.അൻവറിൻെറ ടാ‍ർഗറ്റെന്നാണ് പുറത്തുവരുന്ന സൂചന. ഈ നീക്കത്തിനുളള പിന്തുണ എവിടെനിന്നാണ് ലഭിക്കുന്നതെന്ന് കൂടി വ്യക്തമാക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ.

Advertisment

മുഖ്യമന്ത്രിയെ കണ്ടതിന് ശേഷവും സി.പി.എം സംസ്ഥാന സെക്രട്ടറിയെ കണ്ടതിന് ശേഷവും പി.വി. അൻവ‌ർ നടത്തിയ പ്രതികരണങ്ങളാണ് അതിൻെറ ഏറ്റവും നല്ല തെളിവ്.

മുഖ്യമന്ത്രിയെ കണ്ട് പുറത്തിറങ്ങിയ അൻവർ, എം.എൽ.എ ഹോസ്റ്റലിന് മുന്നിൽ വെച്ച് നൽകിയ പ്രതികരണത്തിൽ സമരസപ്പെടുന്നതിൻെറ സൂചനകളാണ് നൽകിയത്. എന്നാൽ ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ട് പുറത്തിറങ്ങിയ പി.വി. അൻവ‍ർ പോരാട്ടം തുടരുമെന്നതിൻെറ കൃത്യമായ സൂചനകളാണ് പ്രകടമാക്കിയത്.

മാത്രമല്ല തൻെറ പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടും എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയുളള എ.ഡി.ജി,പിയുടെ ചുമതലയിൽ നിന്ന് മാറ്റിനിർത്താത്തതിലുളള അതൃപ്തി പരസ്യമാക്കുകയും ചെയ്തു.

പരാതി അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘത്തിൽ അജിത് കുമാറിൻെറ കീഴുദ്യോഗസ്ഥരെ കുത്തിനിറച്ചതിനെ പരിഹസിക്കാൻ ഹെഡ് മാസ്റ്റർ പ്യൂൺ ഉദാഹരണം നിരത്തുകകൂടി ചെയ്തതോടെ അമർഷം കൂടുതൽ വെളിവാക്കപ്പെട്ടു.

പൊലീസിലെ   പുഴുക്കുത്തുകളും അതിന് സംരക്ഷണകവചം ഒരുക്കുന്നവരെയും തുറന്നുകാട്ടുന്നതിന് പിന്തുണ കിട്ടുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനിൽ നിന്നാണെന്നാണ് ഇത് വ്യക്തമാക്കിതരുന്നത്.


മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയാണ് ഇവരുടെ ഉന്നമെന്നും ഇതിലൂ‍ടെ പുറത്തുവരുന്നു പി. ശശിയെ മാറ്റാനുളള കൊട്ടാര വിപ്ലവമാണ്‌ സി.പി.എമ്മിലെ  ഒരു വിഭാഗം നേതാക്കളുടെ ആശിർവാദത്തോടെ അൻവർ നടത്തുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്.


പൊളിറ്റിക്കൽ സെക്രട്ടറി എന്ന നിലയിൽ പി. ശശിയുടെ പ്രവർത്തനത്തിന് എതിരെ സി.പി.എം സംസ്ഥാന നേതൃത്വത്തിൽ തന്നെ വലിയ എതിർപ്പുകളുണ്ട്. തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്ത സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റികളിലും ശശിക്കും പൊലീസ് ഭരണത്തിനും എതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.

കാര്യങ്ങൾ ഇത്രയൊക്കെയായിട്ടും ഒരു തിരുത്തൽ നടപടിക്കും മുഖ്യമന്ത്രി തയാറായിട്ടില്ല. ഇതാണ് പാ‍ർട്ടി ക്യാംപിലെ സ്വതന്ത്രരെ അണിനിരത്തി കൊണ്ടുളള നീക്കത്തിന് പ്രേരണയായതെന്നാണ് രാഷ്ട്രീയ ഉപശാലകളിലെ വർത്തമാനം.

പൊളിറ്റ് ബ്യൂറോ അംഗങ്ങൾ മുതൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ വരെ അൻവർ നടത്തുന്ന നീക്കങ്ങളെ രഹസ്യമായി പിന്തുണക്കുന്നുണ്ട്. ഇത് മനസിലാക്കിയാണ് അന്വേഷണം പ്രഖ്യാപിച്ചിട്ടും എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കാൻ മുഖ്യമന്ത്രി തയാറാകാത്തത്.


അജിത്തിനെ മാറ്റിയാൽ അത് അൻവറിൻെറയും അദ്ദേഹത്തെ പിന്തുണക്കുന്നവരുടെയും വിജയമായി വ്യാഖ്യാനിക്കപ്പെടും. അങ്ങനെയൊരു താരപദവി അൻവറിന് ലഭിക്കാൻ കാരണഭൂതനാകേണ്ടന്നാണ് മുഖ്യമന്ത്രി കരുതുന്നതെന്നാണ് സൂചന.


എന്നാൽ എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിനി‍ർത്താത്തതിൽ സി.പി.എം നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. എം.വി.ഗോവിന്ദനുമായുളള കൂടിക്കാഴ്ചയിൽ ഇത് ബോധ്യപ്പെട്ടത് കൊണ്ടാണ് അജിത് കുമാറിനെ മാറ്റിനിർത്താത്തിലുളള അതൃപ്തി വ്യക്തമാക്കി കൊണ്ട് പി.വി.അൻവർ പ്രതികരിച്ചതെന്നാണ് സൂചന.

പി.വി. അൻവർ നടത്തുന്ന നീക്കം മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസുകളോടെയാണെന്ന മറ്റൊരു പ്രചരണവും ഇപ്പോഴും ശക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെയും പൊലീസ് തലപ്പത്തെയും ശുദ്ധീകരണം ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി പി.വി. അൻവറിനെ കളത്തിൽ ഇറക്കിയതെന്ന തിയറി മാറി, ഇപ്പോൾ മറ്റൊരു വാദമാണ് മുൻപന്തിയിലുളളത്.

മുഖ്യമന്ത്രിയുടെ മരുമകനും ടൂറിസം-മരാമത്ത് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്നാണ് പുതിയ ഭാഷ്യം. എം.എൽ.എമാരായ പി.വി. അൻവറും ഡോ. കെ.ടി. ജലീലും മുൻ എം.എൽ.എ കാരാട്ട് റസാഖും ഒരുമിച്ച് രംഗത്തെത്തിയത് ഇതുകൊണ്ടാണെന്നും പ്രചരിപ്പിക്കുന്നുണ്ട്.

വർഗീയഛായയുളള ഈ വാദം പ്രത്യേക ലക്ഷ്യത്തോടെയുളളതാണെന്ന് സംശയമുണ്ട്. അന്വേഷണം പ്രഖ്യാപിച്ചിട്ടും അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി നിർത്താത്തത് മുഖ്യമന്ത്രിയുടെ വാശിയും ഈഗോയുമാണെന്ന പ്രചരണവും ഇതിനൊപ്പം ശക്തമാണ്.

Advertisment