പി.വി.അൻവറിനെയും തൃണമൂൽ കോൺഗ്രസിനെയും യു.ഡി.എഫിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ കോൺഗ്രസ് തീരുമാനം ഉടൻ ഉണ്ടാകില്ല. അടിക്കടി രാഷ്ട്രീയ നിലപാടുകൾ മാറുന്ന അൻവറിൻെറ സവിശേഷ ശൈലിയിൽ വിശ്വാസമില്ല. മുന്നണി വിപുലീകരണം അടിയന്തിര അജണ്ടയായാൽ ആദ്യം പരിഗണിക്കേണ്ടത് നേരത്തെ യു.ഡി.എഫ് വിട്ടുപോയ കേരളാ കോൺഗ്രസ് എം അടക്കമുളളവരെയാണെന്ന് ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ

New Update
pv anwar2

തിരുവനന്തപുരം: നിയമസഭാംഗത്വം രാജിവെച്ച പി.വി.അൻവറിനെയും തൃണമൂൽ കോൺഗ്രസിനെയും യു.ഡി.എഫിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ കോൺഗ്രസ് തീരുമാനം ഉടൻ ഉണ്ടാകില്ല.

Advertisment

എല്ലാ വശങ്ങളും ചർച്ചചെയ്ത് സാവകാശം തീരുമാനം എടുത്താൽ മതിയെന്നാണ് കോൺഗ്രസിൻെറ ഉന്നത നേതൃത്വത്തിലെ ധാരണ.നിലമ്പൂ‍ർ ഉപതിരഞ്ഞെടുപ്പ് നടക്കുമോ എന്നതടക്കമുളള കാര്യങ്ങളും പരിശോധിക്കും.


നിയമസഭയുടെ കാലാവധി തീരാൻ ഒരു കൊല്ലവും 4 മാസവും മാത്രമേ ബാക്കിയുളളു.അതുകൊണ്ടുതന്നെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്നതിൽ സംശയം നിലനിൽക്കുന്നുണ്ട്.


നിലമ്പൂ‍ർ‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കിൽ അൻവറിൻെറയും തൃണമൂലിൻെറയും മുന്നണി പ്രവേശനം പിന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മാത്രമേ പരിഗണിക്കാൻ സാധ്യതയുളളു.

തിടുക്കപ്പെട്ട് അൻവറിൻെറ കാര്യത്തിൽ തീരുമാനം കൈക്കൊളേളണ്ടതില്ല എന്നാണ് ഈ ധാരണക്ക് പിന്നിലുളള കാര്യം.

രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നതിലും പ്രതികരണങ്ങളിലും ചാഞ്ചാട്ടം പ്രകടിപ്പിക്കുന്ന അൻവറിൻെറ സവിശേഷ ശൈലികൊണ്ടാണ് ഇങ്ങനെയൊരു ധാരണയിലെത്താൻ കാരണം.


മുന്നണി വിപുലീകരണം അടിയന്തിര അജണ്ടയായി പരിഗണിക്കാൻ തീരുമാനിച്ചാൽ നേരത്തെ യു.ഡി.എഫ് വിട്ടുപോയ കേരളാ കോൺഗ്രസ് എം അടക്കമുളളവരെയാണ് ആദ്യംപരിഗണിക്കേണ്ടതെന്നാണ് ഒരുവിഭാഗം കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം.


കോൺഗ്രസിലെ ധാരണ ഇതാണെങ്കിലും മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേർന്ന ആദ്യ ആഴ്ച തന്നെ യു.ഡി.എഫ് പ്രവേശനം ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നൽകിയിരിക്കുകയാണ് പി.വി അൻവർ.

ദേശിയ തലത്തിൽ ഇന്ത്യാ സഖ്യത്തിൻെറ ഭാഗമായ തൃണമൂൽ കോൺഗ്രസിനെ മുന്നണിയിൽ എടുക്കണമെന്നാണ് കത്തിലെ ആവശ്യം. കോൺഗ്രസിന്റെ പ്രധാന നേതാക്കൾക്കും, മുസ്ലിംലീഗ് നേതാക്കൾക്കും കത്ത് നൽകിയിട്ടുണ്ട്.

എന്നാൽ കത്ത് കിട്ടിയിട്ടും കോൺഗ്രസ് നേതൃത്വത്തിൽ കാര്യാമായ അനക്കമൊന്നുമില്ല. പി.വി അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തിൽ കൂട്ടായ തീരുമാനം മതിയെന്നാണ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഉയർന്ന അഭിപ്രായം.


ഹൈക്കമാൻഡ് പ്രതിനിധികൾക്കും സമാന നിലപാടാണുളളത്. തൃണമൂൽ കോൺഗ്രസിൻ്റെ ഭാഗമായതിനാൽ അൻവറിൻെറ മുന്നണി പ്രവേശനത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിൻെറ നിലപാട് ഏറെ നിർണായകമാണ്.


മുന്നണി പ്രവേശനം ആവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കൾക്ക് വളരെ വിശദമായ കത്താണ് പി.വി അൻവർ നൽകിയരിക്കുന്നത്. ഇടത് മുന്നണിയും സി.പി.എം സ്വതന്ത്ര എം.എൽ.എ സ്ഥാനവും ഉപേക്ഷിച്ചതും എന്തുകൊണ്ടാണെന്ന് കത്തിൽ വിശദമായി പറയുന്നുണ്ട്.

ഡി.എം.കെ വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേരാൻ ഉണ്ടായ സാഹചര്യവും കത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഏത് രാഷ്ട്രീയ സാഹചര്യത്തിലും താനും തൃണമൂൽ കോൺഗ്രസും യുഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന് കത്തിൽ പി.വി അൻവർ ഉറപ്പ് നൽകുന്നുമുണ്ട്.

സംഘടന ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, യു.ഡി.എഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർക്കാണ് അൻവ‍ർ കത്ത് നൽകിയത്.

എന്നാൽ അൻവറിൻെറ ചാഞ്ചാട്ട നിലപാടുകളെ എതിർത്തുപോരുന്ന യു.ഡി.എഫിലെ ഘടകകക്ഷി നേതാക്കൾക്ക് കത്ത് നൽകിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനാണ് കത്ത് നൽകാതിരുന്നത്.

Advertisment