മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ മത്സരിക്കും. തിങ്കളാഴ്ച നാമനിർദ്ദേശപത്രിക സമർപ്പിക്കാനാണ് അൻവറിന്റെ തീരുമാനം. മലയോര ജനതയിൽ നിന്നുള്ള ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് മത്സര രംഗത്തിറങ്ങുന്നത് എന്നാണ് അൻവറിന്റെ വിശദീകരണം.
ഇന്ന് രാവിലെ വരെ മത്സരിക്കണോ വേണ്ടയോ എന്നതിൽ ആശയ കുഴപ്പത്തിലായിരുന്ന അൻവർ വൈകുന്നേരത്തോടെയാണ് നിലപാട് മാറ്റിയത്. മത്സരിക്കാൻ താല്പര്യമുണ്ടെങ്കിലും അതിനുള്ള കഴിവില്ല എന്നായിരുന്നു രാവിലെ അൻവർ വിശദീകരിച്ചത്.
എന്നാൽ സഹപ്രവർത്തകരിൽ നിന്നും മലയോരവാസികളിൽ നിന്നും ഉയരുന്ന ആവശ്യം കണക്കിലെടുത്ത് മത്സരിക്കാൻ ആലോചിക്കുന്നു എന്നായിരുന്നു വൈകുന്നേരത്തെ വിശദീകരണം.
ഇതിനുശേഷം തിരക്കിട്ട കൂടിയാലോചനകളിലേക്ക് കടന്ന അൻവർ, തൃണമൂൽ കോൺഗ്രസിൻ്റെ കേരളത്തിലെ മറ്റു നേതാക്കന്മാരോടെല്ലാം തിങ്കളാഴ്ച രാവിലെ നിലമ്പൂരിൽ എത്താൻ നിർദ്ദേശം നൽകി.
പിന്നാലെ ടെലിവിഷൻ ചർച്ചകളിൽ തൃണമൂൽ നേതാക്കൾ അൻവർ മത്സരിക്കുന്ന കാര്യം വെളിപ്പെടുത്തുകയും ചെയ്തു.
രാവിലെ സാമ്പത്തിക പരാധീനതകൾ ചൂണ്ടിക്കാട്ടിയാണ് ഉപ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് പറഞ്ഞത്. സാമ്പത്തിക വിഷമതകളെക്കുറിച്ച് സമയമെടുത്ത് വിശദീകരിച്ച അൻവറിന്റെ പ്രതികരണങ്ങൾ അറിഞ്ഞ ചിലർ മത്സരിക്കാൻ സഹായങ്ങൾ വാഗ്ദാനം ചെയ്തു.
ചെറിയ തുകകളായി പലരും അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയും ചെയ്തു. മലപ്പുറം ജില്ലയിലെ വേങ്ങരയിലെ ഒരു വ്യക്തി തൻറെ അഞ്ചു സെൻറ് സ്ഥലവും വീടും വിറ്റ് അൻവറിന് മത്സരിക്കാൻ സംഭാവന നൽകുമെന്നും പ്രഖ്യാപിച്ചു.
ഇത്തരം സഹായ വാഗ്ദാനങ്ങളിൽ ആവേശഭരിതനായാണ് അൻവർ വെെകുന്നേരത്തോടെ മത്സരിക്കാനുള്ള തീരുമാനമെടുത്തത്.
ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിന്നാൽ അത് രാഷ്ട്രീയ അബദ്ധമായി മാറുമെന്ന് ചിലർ ഉപദേശിച്ചതനുസരിച്ചാണ് അൻവറിന്റെ മനംമാറ്റം എന്നും സൂചനയുണ്ട്.
തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കുമ്പോൾ മാധ്യമ ശ്രദ്ധ പോലും ലഭിക്കാതെ ആകും എന്ന് അൻവറിനും ബോധ്യമുണ്ട്.
രണ്ട് മുന്നണികളോട് എതിരിട്ട് ജയിക്കാനായില്ലെങ്കിലും ഇരുവർക്കും ശക്തമായ വെല്ലുവിളി ഉയർത്താനാകും എന്നാണ് അൻവറിന്റെ വിശ്വാസം.
മലയോരമേഖലയിലെ ജനങ്ങളെ ബാധിക്കുന്ന വന്യമൃഗ ശല്യം അടക്കമുള്ള വിഷയങ്ങളിൽ നടത്തിയ ഇടപെടലുകൾ ഗുണം ചെയ്യുമെന്നും അൻവർ കരുതുന്നുണ്ട്. വനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പിന്തുണ നൽകിയ ക്രൈസ്തവ സഭകളിൽ നിന്നും അൻവർ സഹായം പ്രതീക്ഷിക്കുന്നു.
സഭാ നേതൃത്വത്തിൽ ചിലർ അൻവറും യുഡിഎഫ് നേതൃത്വവുമായി ഉള്ള പ്രശ്നത്തിൽ ഇടപെടുകയും ചെയ്തിരുന്നു. എന്നാൽ ഇത് എത്രത്തോളം വോട്ടായി മാറും എന്ന് കണ്ടുതന്നെ അറിയണം.
ഇടത് വലത് മുന്നണികൾക്ക് ഭീഷണി ഉയർത്തി മത്സര രംഗത്ത് നിൽക്കുന്നതോടെ തന്റെയും പാർട്ടിയുടെയും പ്രസക്തി വർദ്ധിക്കുമെന്നാണ് പി.വി. അൻവറിന്റെ കണക്കുകൂട്ടൽ.
തന്നെ പിന്തുണയ്ക്കുന്നവരുടെ വോട്ട് മറ്റ് മുന്നണികൾക്ക് പോകരുതെന്ന് താല്പര്യവും മത്സര രംഗത്ത് ഇറങ്ങാൻ അൻവറിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
മത്സരിക്കാൻ സാമ്പത്തിക പ്രയാസം ഉണ്ടെന്ന് വ്യക്തമാക്കിയതോടെ സമൂഹമാധ്യമങ്ങളിൽ പി വി അൻവറിന് അനുകൂലമായ ചില നീക്കങ്ങൾ പ്രകടമായിരുന്നു.
പണമാണ് തടസ്സമെങ്കിൽ അത് നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച് നിരവധി പേർ മുന്നോട്ടുവന്നു എന്നാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും അൻവറും അവകാശപ്പെടുന്നത്.
"മത്സരിക്കാൻ ആളുകൾ പൈസ കൊണ്ട് വരുന്നു എന്നോട് മത്സരിക്കാൻ ആവശ്യപ്പെടുന്നു.രണ്ട് ദിവസം സമയം ഉണ്ടല്ലോ ഞാൻ നോക്കട്ടെ"ഇതായിരുന്നു വൈകുന്നേരത്തെ അൻവറിന്റെ പ്രതികരണം.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ഇല്ലെന്ന് പി വി അൻവർ പ്രഖ്യാപിച്ചതോടെ അൻവറിന്റെ വോട്ട് ബാങ്ക് ആരെ തുണയ്ക്കും എന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരുന്നു.
പിണറായിസത്തിന് അറുതി വരുത്തുമെന്ന് പറഞ്ഞ് കൊണ്ടാണ് എംഎൽഎ സ്ഥാനം രാജി വെച്ചതെങ്കിലും ഇപ്പോൾ യുഡിഎഫും അൻവറിൻ്റെ ശത്രു പക്ഷത്താണ്. രണ്ടു കൂട്ടരേയും ഒരുപോലെ എതിർക്കേണ്ട അവസ്ഥയിലാണ് അൻവർ.
ഇരു മുന്നണികളിലും ഇടം കിട്ടാതെ പോയ സാഹചര്യത്തിൽ അൻവറിൻ്റെ രാഷ്ട്രീയ ഭാവിയെന്തെന്നത് ഒരു ചോദ്യ ചിഹ്നമായിരുന്നു.
ആ ചോദ്യത്തിന് മറുപടി നിൽക്കുക എന്ന ഉദ്ദേശത്തിൽ കൂടിയാണ് പി വി അൻവർ മത്സരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് കൂടെയില്ലെങ്കിൽ യുഡിഎഫ് എങ്ങനെ ജയിക്കുമെന്നാണ് അൻവറിൻ്റെ വെല്ലുവിളി.