തിരുവനന്തപുരം: പി.വി.അൻവറിനെ തള്ളിപ്പറയുകയും പരമാവധി ശക്തിയിൽ പ്രതിരോധിക്കുകയും ചെയ്യുന്നതിനിടയിലും പാർട്ടിക്കുള്ളിൽ അൻവറിന് പിന്തുണ കിട്ടുന്നത് സി.പി.എമ്മിനെ ആകുലപ്പെടുത്തുന്നു.
പാർട്ടിയെ തള്ളിപ്പറയാതെ, പാർട്ടി നേതൃത്വത്തിന്റെ കൊള്ളരുതായ്മകൾ തുറന്നു കാട്ടുന്ന അൻവറിന് പാർട്ടിയിൽ നിന്ന് നല്ല പിന്തുണയാണ് കിട്ടുന്നത്. പാർട്ടി സമ്മേളനങ്ങളിൽ അൻവർ ഉയർത്തി വിട്ട വിവാദങ്ങൾ ചൂടേറിയ ചർച്ചയാവുന്നതും പാർട്ടി നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.
ഏതാനും ബ്രാഞ്ച് സമ്മേളനങ്ങളിൽ അൻവറിനെ അനുകൂലിച്ച് പ്രതിനിധികൾ രംഗത്തെത്തിയിരുന്നു. ഒരു സമ്മേളനം നിർത്തിവയ്ക്കേണ്ട സ്ഥിതിയുമുണ്ടായി
അതിനിടെ, മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ പിവി അന്‍വറിന്‍റെ വാര്‍ത്താ സമ്മേളനത്തെക്കുറിച്ചുള്ള വാര്‍ത്ത പാർട്ടി പത്രമായ ദേശാഭിമാനി ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചതിൽ ഞെട്ടിയിപരിക്കുകയാണ് പാർട്ടി നേതൃത്വം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലെ രണ്ട് അംഗങ്ങൾ ദേശാഭിമാനിയുടെ ചുമതല വഹിക്കുമ്പോഴാണ് ഈ പിഴവുണ്ടായത്.
പാര്‍ട്ടി വിലക്ക് ലംഘിച്ച് അന്‍വര്‍ നടത്തിയ സൂദീര്‍ഘമായ വാര്‍ത്താസമ്മേളനം പിണറായി വിജയനേയും പാര്‍ട്ടി നേതൃത്വത്തെയുമെല്ലാം കീറിമുറിക്കുന്നതായിരുന്നു. വാര്‍ത്ത പിറ്റേന്ന് ഒന്നാം പേജില്‍ തന്നെ വന്നു. അന്‍വര്‍ ഇടതുപക്ഷ നിലപാടില്‍ നിന്ന് മാറുന്നുവെന്ന എംവി ഗോവിന്ദന്‍റെയും അന്‍വര്‍ പാര്‍ട്ടി ശത്രുക്കളുടെ കയ്യിലെന്ന എല്‍ഡിഎഫ് കണ്‍വീനറുടെയും പ്രസ്താവനക്കൊപ്പമാണ് ദേശാഭിമാനി അന്‍വറിനും സ്ഥാനം കൊടുത്തത്.
ടിപി രാമകൃഷ്ണന്‍റെ പ്രസ്താവന ഒരു കോളത്തില്‍ ഒതുക്കിയപ്പോള്‍ അന്‍വറിന് അതിനേക്കാള്‍ പ്രധാന്യവും നല്‍കി. ഇതോടെ പാർട്ടിക്കുള്ളിൽ നിന്ന് അൻവറിന് പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് പാർട്ടി നേതൃത്വം വിലയിരുത്തുന്നത്.
മുഖ്യമന്ത്രിക്കെതിരെ അൻവർ ആഞ്ഞടിച്ചപ്പോൾ പാർട്ടി സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം അംഗങ്ങളും പ്രതികരിച്ചു. പക്ഷെ പ്രതിരോധത്തിന് ശക്തി പോരായെന്ന ആക്ഷേപവും ഉയർന്നു. മുൻമന്ത്രി ഡോ.തോമസ് ഐസക്കിനെ പോലുള്ളവർ പ്രതികരണം നടത്തിയതായി കണ്ടില്ല.
'അൻവറിനൊപ്പം" എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടവരുമുണ്ട്. പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ രണ്ടുവട്ടം ദുർബ്ബലമായ പ്രതികരണം നടത്തിയിരുന്നു. അൻവറിനെ പാർട്ടിയുമായി അടുപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചനേതാവാണ് വിജയരാഘവൻ.
അൻവർ അടക്കം യു.ഡി.എഫിനെ പിന്തുണച്ച മുസ്ലിം ബെൽറ്റിൽ നിന്നും പലരെയും പാർട്ടിക്ക് അനുകൂലമായി പുറത്ത് ചാടിക്കുന്നതിൽ വിജയരാഘവനും മുൻ സ്പീക്കർ എ. ശ്രീരാമകൃഷ്ണനും വലിയ പങ്ക് വഹിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഈ നീക്കങ്ങളെ ആദ്യം പിന്തുണയ്ക്കുകയും പിന്നീട് നേരിട്ടു കാര്യങ്ങൾ നയിക്കുകയും ചെയ്യുകയായിരുന്നു. ശ്രീരാമകൃഷ്ണൻ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പാർട്ടി വിട്ട കെ.ആർ. ഗൗരി അമ്മയോ, എം.വി. രാഘവനെോ ആയി ഒരു താരതമ്യം പോലും അൻവറിനില്ല. പക്ഷെ അന്ന് സി.പി.എം സംഘടനാസംവിധാനം അതിശക്തമായിരുന്നു. പാർട്ടി ഭരണത്തിനെതിരെയോ പാർട്ടിക്കെതിരെയോ ഇന്നത്തെപ്പോലെ ആരോപണങ്ങളും ഉയർന്നിരുന്നില്ല. ഇന്ന് അതല്ല സ്ഥിതി. പാർട്ടി നേതൃത്വമാകെ ആരോപണങ്ങളിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണ്.
അൻവറിന്റെ വാർത്ത ദേശാഭിമാനി ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്
അൻവർ പരസ്യ പ്രസ്താവനകളിൽനിന്ന് പിന്തിരിയണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു. പാർട്ടി തീരുമാനം അംഗീകരിക്കുന്നതായി അൻവർ പ്രഖ്യാപിച്ചെങ്കിലും നാലാം ദിവസം അദ്ദേഹം അതു ലംഘിച്ചു. നിലമ്പൂരിൽ വിളിച്ചു ചേർത്ത ആ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയെ അൻവർ നേരിട്ട് ആദ്യമായി വിമർശിക്കുന്നത്. ഇതിൽ ‘മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം’ എന്ന ആവശ്യം ഉൾപ്പെടെ ദേശാഭിമാനിയുടെ ഒന്നാം പേജിൽ അച്ചടിച്ചു വന്നു.
അൻവറിനെതിരെ എം.വി.ഗോവിന്ദന്റെയും എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണന്റെയും പ്രതികരണത്തിനും ഒപ്പമാണ് അൻവർ പറഞ്ഞതും വന്നത്. 3 പേരുടെയും ചിത്രങ്ങളും വാർത്തയ്ക്കൊപ്പമുണ്ടായി. പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ അൻവറിനുണ്ടെന്ന വ്യക്തമായ സൂചനയാണ് ഇത് നൽകുന്നത്.
പാര്‍ട്ടി ശത്രുക്കളുടെ വാര്‍ത്തയും നന്നായി കൊടുക്കണമെന്നാണ് ദേശാഭിമാനിയുടെ എഡിറ്റോറിയൽ നയമെന്നാണ് വിശദീകരണം. എന്നാൽ ഇതിൽ പാർട്ടിക്ക് തൃപ്തിയില്ല. അതിനാലാണ് വാർത്ത വന്നതിനെക്കുറിച്ച് പാർട്ടിതലത്തിൽ അന്വേഷണം തുടങ്ങിയത്.