തിരുവനന്തപുരം: ചൂട് അസഹ്യമാകുമ്പോള്‍, മഴയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് പലരും. ഒറ്റപ്പെട്ടയിടങ്ങളില്‍ മാത്രമായി മഴ എത്തുമ്പോള്‍ ഒട്ടും പെയ്യാത്ത സ്ഥലങ്ങളും ഏറെ. അടുത്ത ദിവസങ്ങളിലെ മഴസാധ്യത ഇങ്ങനെ (കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏപ്രില്‍ മൂന്നിന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുവിച്ച സാധ്യതാ പ്രവചനം പ്രകാരം)
ഇന്ന് (ഏപ്രില്‍ മൂന്ന്) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ (ഏപ്രില്‍ മൂന്ന് വൈകിട്ട് നാല് മുതല്‍ ഏഴ് വരെ) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഏപ്രില്‍ നാലിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഏപ്രില്‍ 5, 6 തീയതികളില്‍ ഒരു ജില്ലയിലും മഴയ്ക്ക് സാധ്യതയില്ലെന്നാണ് നിലവിലെ മുന്നറിയിപ്പ്. ഏപ്രില്‍ ഏഴിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
താപനില
ഏപ്രിൽ 3 മുതൽ ഏപ്രിൽ 7 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഏപ്രിൽ 3 മുതൽ ഏപ്രിൽ 7 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.