Advertisment

ഇടത് മുന്നണിയിലെ രാജ്യസഭാ സീറ്റ് വിഭജന തർക്കത്തിൽ തീരുമാനം തിങ്കളാഴ്ച; എൽ.ഡി.എഫ് യോഗം ചേർന്ന് സീറ്റ് വിഭജനം പൂ‍ർത്തിയാക്കും; സീറ്റ് ആവശ്യത്തിൽ കടുകിടെ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് സി.പി.ഐയും കേരളാ കോൺഗ്രസ് എമ്മും; ലോക്‌സഭയിൽ പ്രാതിനിധ്യം ഇല്ലാത്തതിനാൽ സീറ്റ് കിട്ടിയേ തീരൂവെന്ന് ഇരുപാര്‍ട്ടികളും; രണ്ടിലൊരു സീറ്റ് സി.പി.എം എടുക്കും; പത്തനംതിട്ടയിൽ തോറ്റ ഡോ. ടി.എം. തോമസ് ഐസക്ക്, ദേശാഭിമാനി ചീഫ് എഡിറ്റർ‍ പുത്തലത്ത് ദിനേശൻ എന്നിവർ പരിഗണനയിൽ

സീറ്റ് കിട്ടിയേ തീരൂവെന്ന കടുംപിടുത്തവുമായി നിൽക്കുന്ന സി.പി.ഐയോടും കേരളാ കോൺഗ്രസ് എമ്മിനോടും തിങ്കളാഴ്ച വൈകിട്ട് നാലിന് ചേരുന്ന  ഇടതുമുന്നണി യോഗത്തിൽ തീരുമാനം അറിയിക്കാം എന്നാണ് സി.പി.എം  അറിയിച്ചിരിക്കുന്നത്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
cpi cpi kerala congress mani

തിരുവനന്തപുരം: ഇടത് മുന്നണിയിലെ രാജ്യസഭാ സീറ്റ് വിഭജനത്തിൽ തിങ്കളാഴ്ച അന്തിമ തീരുമാനമായേക്കും. തിങ്കളാഴ്ച ചേരുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃയോഗത്തിൽ സീറ്റ് വിഭജനത്തിൽ അന്തിമ ധാരണ രൂപപ്പെടുമെന്നാണ് നേതൃത്വത്തിൻെറ പ്രതീക്ഷ. സീറ്റ് ആവശ്യം ഉന്നയിച്ച് ശക്തമായി രംഗത്തുളള സി.പി.ഐ, കേരളാ കോൺഗ്രസ് എം എന്നീ പാർട്ടികളുമായി സി.പി.എം നേതൃത്വം ഇന്ന് ചർച്ച നടത്തിയെങ്കിലും ധാരണയായിരുന്നില്ല. തിങ്കളാഴ്ചത്തെ എൽ.ഡി.എഫ് നേതൃയോഗത്തിൽ സി.പി.എം തീരുമാനം ഘടകകക്ഷികളെ അറിയിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. ഇതോടെ സീറ്റ് തർക്കത്തിന് പരിഹാരം ആകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം മുന്നോട്ട് പോകുന്നത്.

Advertisment

ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ സീറ്റ് തർക്കം പരിധി വിട്ട് പോകരുതെന്ന് സി.പി.എം നേതൃത്വം ആഗ്രഹിക്കുന്നു. മൂന്ന് ഒഴിവുകളിലേക്ക് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ജയിപ്പിക്കാൻ കഴിയുന്നത് രണ്ട് സീറ്റുകൾ മാത്രമാണ്. എൽഡിഎഫിന് വിജയിക്കാൻ കഴിയുന്ന രണ്ട് സീറ്റുകളിൽ ഒന്ന് സി.പി.എം ഏറ്റെടുക്കും. ബാക്കിയുളള ഒരു സീറ്റിന് വേണ്ടിയാണ്  സി.പി.ഐയും കേരളാ കോൺഗ്രസ് എമ്മും തമ്മിൽ കടിപിടി കൂടുന്നത്. അതുകൊണ്ട് തന്നെ രാജ്യസഭാ സീറ്റ് വീതംവെയ്പ് നേതൃത്വത്തിന് മുന്നിൽ ഒരു കീറാമുട്ടിയായി കിടക്കുകയാണ്.


സീറ്റിനായി  ആ‍ർ‍.ജെ.ഡി, എൻ.സി.പി എന്നീ കക്ഷികളും അവകാശവാദം ഉന്നയിച്ചിരുന്നു. ആവശ്യം പരിഗണിക്കാനാവില്ലെന്ന് ആ പാ‍ർട്ടികളെ നിഷ്കരുണം അറിയിച്ചു കഴിഞ്ഞു.  എന്നാൽ സീറ്റ് ആവശ്യവുമായി രംഗത്തുളള സി.പി.ഐയോടും കേരളാ കോൺഗ്രസ് എമ്മിനോടും ഇതേ സമീപനം സ്വീകരിക്കാനാകില്ല.


 17 എം.എൽ.എമാരുളള സി.പി.ഐ മുന്നണിയിലെ രണ്ടാമത്തെ വലിയ പാർട്ടിയാണ്. 5 എം.എൽ.എമാരുളള കേരളാ കോൺഗ്രസ് എണ്ണത്തിൽ സി.പി.ഐയേക്കാൾ പിന്നിലാണെങ്കിലും ക്രൈസ്തവ വിഭാഗത്തിൻെറയും മലയോര കർഷകരുടെയും പാർട്ടി ആയതിനാൽ അവഗണിക്കാനാവില്ല. ഇതാണ് രാജ്യസഭാ സീറ്റ് വിഭജനത്തിൽ സി.പി.എം നേരിടുന്ന യഥാർത്ഥ പ്രതിസന്ധി. ഉഭയകക്ഷി ചർച്ചയിലും സീറ്റ് ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകാനാവില്ലെന്നാണ് സി.പി.ഐ അറിയിച്ചത്. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യസഭ സീറ്റിൽ വിട്ടു വീഴ്ച്ചയ്ക്കില്ലെന്നായിരുന്നു  ബിനോയ്‌ വിശ്വത്തിൻെറ പ്രതികരണം.

ലോക്സഭയിലേക്ക് സംസ്ഥാനത്ത് നിന്ന് മത്സരിച്ച നാല് സീറ്റും തോറ്റ സാഹചര്യത്തിൽ രാജ്യസഭാ സീറ്റ് നിർബന്ധമായും കിട്ടണമെന്നാണ് സി.പി.ഐയുടെ നിലപാട്. തൃശൂരിലെ തോൽവി സംബന്ധിച്ച് സംശയങ്ങൾ വെച്ചുപുലർത്തുന്ന സി.പി.ഐ, കടുത്ത പ്രതികരണങ്ങളിലേക്ക് പോയാൽ സി.പി.എം പ്രതിസന്ധിയിലാകും. മുന്നണിയിലേക്ക് വരുമ്പോൾ തന്നെ ഒരു രാജ്യസഭാ സീറ്റുമായി വന്ന കേരളാ കോൺഗ്രസ് എമ്മും സീറ്റ് കൂടിയേതീരു എന്ന നിലപാടിലാണ്. പാർട്ടി ചെയർമാൻ ജോസ്.കെ.മാണി ഉഭയകക്ഷി ചർച്ചയിൽ അത് വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയം സീറ്റിൽ പരാജയപ്പെട്ടതോടെ ലോക്സഭയിലും രാജ്യസഭയിലും കേരളാ കോൺഗ്രസിന് പ്രാതിനിധ്യമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേരളാ കോൺഗ്രസും സി.പി.എമ്മിന് മേൽ സമ്മർദ്ദം ചെലുത്തുന്നത്.

കോട്ടയത്തെ പ്രചരണ ഘട്ടത്തിലും മറ്റും സി.പി.എം നേതാക്കൾ സ്വീകരിച്ച സമീപനത്തെചൊല്ലി കേരളാ കോൺഗ്രസിന് അതൃപ്തിയുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം, കേരള കോൺഗ്രസിനെ മുന്നണിയിലേക്ക് കൊണ്ടു വരണമെന്ന താൽപര്യം യു.ഡി.എഫിൽ നിന്നും ഉയരുന്നണ്ട്. മുന്നണി വിടേണ്ട സാഹചര്യമില്ലെന്ന് കേരള കോൺഗ്രസ് ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും അക്കാര്യത്തിൽ സി.പി.എം നേതൃത്വത്തിന് ആശങ്കയുണ്ട്. കേരളാ കോൺഗ്രസ് എം മുന്നണിയിലേക്ക് വന്നപ്പോഴാണ് കോട്ടയം, ഇടുക്കി ജില്ലകളിലെ ക്രൈസ്തവരുമായി മുന്നണി അടുത്തത്.

കേരളാ കോൺഗ്രസ്  മുന്നണി വിട്ടുപോകുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ കനത്ത അടിയാകുമെന്ന് സി.പി.എം നേതൃത്വത്തിന് ബോധ്യമുണ്ട്. കേരള കോൺഗ്രസ് എം മുന്നണി വിട്ടേക്കും, മുന്നണിയുടെ കെട്ടുറപ്പിനായി വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്നായിരുന്നു ഉഭയകക്ഷി ചർച്ചയിൽ സി.പി.എം സി.പി.ഐക്ക് മുന്നിൽ വച്ച നിർദേശം. എന്നാൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം മറുപടി നൽകി.


 രാജ്യസഭാ സീറ്റ് വിഭജനം വലിയ തർ‍ക്കത്തിൽ കലാശിക്കുമോയെന്ന ആശങ്കയിൽ സി.പി.എം വിട്ടുവീഴ്ചക്ക് തയാറാകുമോ എന്നാണ് അറിയാനുളളത്. പാ‍‍ർട്ടി ഏറ്റെടുക്കാനിക്കുന്ന സീറ്റ് വിട്ടുകൊടുത്ത് പ്രശ്നം പരിഹരിക്കുമോ എന്നതാണ് ആകാംക്ഷ.  


കേന്ദ്ര നേതൃത്വവുമായി ച‍ർച്ച  നടത്തിയ ശേഷമാകും സി.പി.എം അന്തിമ തീരുമാനത്തിൽ എത്തിച്ചേരുക. സീറ്റ് സിപിഎം ഏറ്റെടുക്കുമെങ്കിൽ സ്ഥാനാർത്ഥിയെ തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ നിശ്ചയിക്കും. കേന്ദ്ര കമ്മിറ്റി അംഗം ഡോ.ടി.എം. തോമസ് ഐസക്ക്, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പുത്തലത്ത് ദിനേശൻ എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്.

ദേശിയ നേതൃത്വത്തിൽ ആർക്കെങ്കിലും സീറ്റ് നൽകുമോയെന്ന അഭ്യൂഹവും എ.കെ.ജി സെന്ററിനെ ചുറ്റിപ്പറ്റി പ്രചരിക്കുന്നുണ്ട്. സീറ്റ് കിട്ടിയേ തീരൂവെന്ന കടുംപിടുത്തവുമായി നിൽക്കുന്ന സി.പി.ഐയോടും കേരളാ കോൺഗ്രസ് എമ്മിനോടും തിങ്കളാഴ്ച വൈകിട്ട് നാലിന് ചേരുന്ന  ഇടതുമുന്നണി യോഗത്തിൽ തീരുമാനം അറിയിക്കാം എന്നാണ് സി.പി.എം  അറിയിച്ചിരിക്കുന്നത്.          

Advertisment