/sathyam/media/media_files/QTXVb4BlZYvo3WGsscm2.jpg)
തിരുവനന്തപുരം: ബംഗാളി നടിയിൽ നിന്ന് ലൈംഗികാരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൻെറ രാജി ആസന്നമായി. ലൈംഗിക ആരോപണം നേരിടുന്ന രഞ്ജിത്തിനെ സർക്കാർ കൈവിടുന്നുവെന്നാണ് സൂചന. ഇന്ന് രാജി ഉണ്ടായേക്കും. അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ പുറത്താക്കാൻ സർക്കാരിനും സി.പി.ഐ.എമ്മിനും മേൽ സമ്മർദ്ദം ഏറുന്ന പശ്ചാത്തലത്തിലാണ് നിലപാടിലേക്ക് മാറ്റം.
ആരോപണം വന്നിട്ടും രാവിലെ രഞ്ജിത്തിനെ സംരക്ഷിക്കുന്ന സമീപനമാണ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ സ്വീകരിച്ചത്.ഇടതുപക്ഷത്ത് നിന്ന് തന്നെ പ്രതിഷേധം ശക്തമായതോടെ സജി ചെറിയാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ നിലപാട് തിരുത്തി.
രഞ്ജിത്തിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ മുന്നണി നേതൃത്വത്തെ സമീപിച്ചിരുന്നു. ആരോപണം നേരിടുന്നയാളെ അക്കാദമി അധ്യക്ഷസ്ഥാനത്ത് ഇരുത്തി മുന്നോട്ട് പോകുന്നതിൽ യോജിപ്പില്ലെന്നാണ് സി.പി.ഐ നിലപാട്. ഇക്കാര്യം മുന്നണി നേതൃത്വത്തെ അറിയിച്ച സി.പി.ഐ നേതൃത്വം രഞ്ജിത്തിനെ സംരക്ഷിക്കരുതെന്നും ആവശ്യപ്പെട്ടു.
രാഷ്ട്രീയ സമ്മർദ്ദത്തിനൊപ്പം മുന്നണിയിലും സിനിമാ രംഗത്തുമുളള സ്ത്രീകൾ അടക്കം രഞ്ജിത്തിനെതിരെ കർശന നിലപാട് സ്വീകരിച്ചതും രഞ്ജിത്തിനെ കൈവിടാൻ സി.പി.എമ്മിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
പരാതി ഉന്നയിച്ച ബംഗാളി നടിയുമായി പൊലീസ് ഫോണിലോ ഇമെയിൽ വഴിയെ ബന്ധപ്പെട്ട് പരാതി സ്ഥിരീകരിക്കും. നേരിട്ട ദുരനുഭവം പൊതുവേദികളിൽ ഉന്നയിച്ച സാഹചര്യത്തിൽ പരാതി ഇല്ലെങ്കിലും നടപടി എടുക്കാമെന്ന് വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കണക്കിലെടുത്ത് നിയമവിദഗ്ധരുടെ അഭിപ്രായം തേടുന്നതിനും ആലോചനയുണ്ട്.
പരാതി ഉണ്ടായാലും ഇല്ലെങ്കിലും ആരോപണത്തിൻെറ ഗുരുതര സ്വഭാവവും അതുണ്ടായ സാഹചര്യവും സർക്കാരിന് ഉണ്ടാകുന്ന പ്രതിഛായ നഷ്ടവും കണക്കിലെടുത്ത് രഞ്ജിത്തിനോട് സ്വയം രാജിവെയ്ക്കാൻ നിർദ്ദേശം നൽകിയേക്കും. രാജി അല്ലാതെ മറ്റ് പോംവഴിയില്ലെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി എന്നാണ് പൊതുവെയുളള നിഗമനം.
എന്നാൽ രാജിസാഹചര്യം രഞ്ജിത്തിനെ കൂടി ബോധ്യപ്പെടുത്തിക്കൊണ്ട് വേണം നടപടിയിലേക്ക് പോകാൻ എന്നാണ് ഭരണതലത്തിലെ തീരുമാനം. സ്ത്രീപക്ഷ - പുരോഗമന നിലപാട് ഉയർത്തിപ്പിടിക്കുന്ന സർക്കാർ എന്ന ഖ്യാതി നിലനിർത്താൻ രഞ്ജിത്തിൻെറ രാജി കൂടിയേ തീരുവെന്നാണ് വിലയിരുത്തൽ.
ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ ഒഴിവാക്കിയില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്നാണ് സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫിൻെറ തീരുമാനം. എറണാകുളത്ത് ഹേമാ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിലാണ് രഞ്ജിത്ത് രാജിവെച്ചില്ലെങ്കിൽ സമരത്തിലേക്ക് പോകാൻ തീരുമാനിച്ചത്.