/sathyam/media/media_files/2025/02/03/2fxaX1beUTGqXH0bPqUf.jpeg)
തിരുവനന്തപുരം: എലപ്പുള്ളിയിലെ വൻകിട മദ്യനിർമ്മാണശാലക്ക് പ്രാരംഭാനുമതി നൽകിയതിനെതിരായ എതിരായ എതിർപ്പ് വീണ്ടും പരസ്യമാക്കി എം.വി.ശ്രേയാംസ് കുമാർ നേതൃത്വം നൽകുന്ന ആർ.ജെ.ഡി.
തലസ്ഥാനത്ത് ചേർന്ന ആർ.ജെ.ഡി നേതൃയോഗത്തിലെ വിശദമായ ചർച്ചക്ക് ശേഷമാണ് വൻകിട മദ്യനിർമാണശാലക്ക് എതിരായെ എതിർപ്പ് കടുപ്പിച്ചത്.
വിഷയം ചർച്ച ചെയ്യാൻ അടിയന്തരമായി ഇടത് മുന്നണി നേതൃ യോഗം വിളിക്കണമെന്നാണ് ആർ.ജെ.ഡിയുടെ ആവശ്യം.
മന്ത്രിസഭ നടപ്പിലാക്കേണ്ടത് ഇടത് മുന്നണിയുടെ നയമാണ്. അല്ലാതെ മന്ത്രിസഭ തീരുമാനിച്ച് നടപ്പിലാക്കിയ ശേഷം എൽഡിഎഫ് അംഗീകരിക്കണമെന്നല്ല.
ഡിസ്റ്റിലറിക്ക് അനുമതി നൽകുന്നത് മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും ആർജെഡി സെക്രട്ടറി ജനറൽ ഡോ.വർഗീസ് ജോർജ് പറഞ്ഞു.
മന്ത്രിസഭ പ്രാരംഭാനുമതി നൽകിയ ബ്രൂവറി പദ്ധതിയോട് എതിർപ്പുളള സി.പി.ഐ പോലും പരസ്യ പ്രതികരണത്തിൽ നിന്ന് മാറി നിൽക്കുമ്പോൾ ശ്രേയാംസ് കുമാർ നയിക്കുന്ന ആർ.ജെ.ഡി തുറന്ന പോരിലേക്ക് വരുന്നതിനെ ഇടത് മുന്നണിയിലെ ഘടകകക്ഷികൾ അമ്പരപ്പോടെയാണ് കാണുന്നത്.
ഒരു എം.എൽ.എ മാത്രമുളള പഴയ എൽ.ജെ.ഡി ആയിരുന്ന ഇപ്പോഴത്തെ ആർ.ജെ.ഡി പാർട്ടിക്ക് മന്ത്രിസഭാ പ്രാതിനിധ്യമില്ല. അതുകൊണ്ടുതന്നെ മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തെ പിന്തുണക്കാൻ തങ്ങൾക്ക് ധാർമിക ബാധ്യതയില്ല എന്നാണ് ആർ.ജെ.ഡിയുടെ നിലപാട്.
ഒരു എം.എൽ.എ മാത്രമുളള മറ്റ് പാർട്ടികൾക്കെല്ലാം രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകിയപ്പോൾ ആർ.ജെ. ഡിയെ പരിഗണിച്ചതേയില്ല. അതിലുളള എതിർപ്പ് കൂടി ബ്രൂവറിക്ക് എതിരായ നിലപാടിനെ സ്വാധീനിച്ചിട്ടുണ്ട്.
എന്നാൽ മന്ത്രിസ്ഥാനം നിഷേധിച്ചതല്ല, പ്ളാച്ചിമടയിലെ കൊക്കകോള കമ്പനിക്കെതിരായ സമരത്തിന് നേതൃത്വം കൊടുത്ത എം.പി.വീരേന്ദ്രകുമാറിൻെറ പാരമ്പര്യം പിൻപറ്റുന്ന പാർട്ടി എന്ന നിലയിലാണ് എലപ്പുളളിയിലെ വിവാദ ബ്രൂവറിയെ എതിർക്കാൻ കാരണമെന്നാണ് ആർ.ജെ.ഡി നേതൃത്വത്തിൻെറ വിശദീകരണം.
വൻതോതിൽ ജല ഉപയോഗമുളളതാണ് മൾട്ടി സീഡ് ഡിസ്റ്റിലറിയും ബ്രൂവറിയും. ജലലഭ്യത കുറവുളള എലപ്പുളളി മേഖലയിൽ പദ്ധതി വരുന്നതിനോട് പ്ലാച്ചിമടയിൽ ലോക ജല സമ്മേളനം സംഘടിപ്പിച്ച് ജലചൂഷണത്തെ കുറിച്ച് ജനങ്ങളോട് പറഞ്ഞ പാർട്ടിക്ക് യോജിക്കാൻ കഴിയില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
പത്രസമ്മേളനത്തിൽ പങ്കെടുക്കാതെ മാറിനിന്നെങ്കിലും പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാറിൻെറ എതിർപ്പാണ് ബ്രൂവറി പ്ലാന്റ് സ്ഥാപിക്കുന്നതിന് എതിരായ പാർട്ടി നിലപാടിനെ സ്വാധീനിച്ചതെന്ന് വ്യക്തമാണ്.
പിതാവ് ഏറ്റെടുത്ത് വിജയപ്പിച്ച കൊക്കകോള കമ്പനിക്കെതിരായ സമരത്തോടുളള വൈകാരികമായ സമീപനമാണ് ശ്രേയാംസിനെ എലപ്പുളളിയിലെ മദ്യനിർമാണശാലത്ത് എതിരെ തിരിച്ചതെന്നും ഏറെക്കുറെ വ്യക്തമാകുന്നുണ്ട്.
പാലക്കാട് എലപ്പുളളിയിൽ വൻകിട മദ്യനിർമാണശാലയും ബ്രൂവറിയും സ്ഥാപിച്ചാൽ സംഭവിക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് വിശദമായി ചർച്ച ചെയ്തശേഷമാണ് ആർ.ജെ.ഡി പദ്ധതിയെ എതിർക്കാൻ തീരുമാനിച്ചത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നാൽ മദ്യഉപഭോഗം പടിപടിയായി കുറച്ചുകൊണ്ടുവരുമെന്നായിരുന്നു പ്രകടന പത്രികയിൽ അടക്കം വ്യക്തമാക്കിയിരുന്നത്. എന്നാൽ സംസ്ഥാനത്തെ മദ്യഉപഭോഗവും മദ്യാസക്തിയും കൂടുന്നതിന് സഹായകമാകുന്ന നിലപാടാണ് കണ്ടുവരുന്നത്.
മദ്യലഭ്യത കുറയ്ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നിരിക്കെ മദ്യലഭ്യത കൂട്ടാനുളള നടപടികൾ ഉദാരമാക്കുന്ന നീക്കങ്ങളോട് യോജിക്കേണ്ടതില്ലെന്നാണ് ആർ.ജെ.ഡി തീരുമാനം.
മദ്യനയം ഇടത് മുന്നണി നേതൃയോഗത്തിൽ ചർച്ച ചെയ്തിട്ടില്ല. ചർച്ചചെയ്യാത്ത നയത്തിൽ മന്ത്രിസഭയിൽ പോയി തീരുമാനമെടുക്കുകയാണ്. അത് തങ്ങൾക്ക് സ്വീകാര്യമല്ലെന്നാണ് ആർ.ജെ.ഡിയുടെ സമീപനം.
എൽ.ഡി.എഫിൽ ചർച്ച ചെയ്ത് തീരുമാനിക്കുന്നത് വരെ ബ്രൂവറി പദ്ധതി നിർത്തി വെയ്ക്കണമെന്നതാണ് ആർ.ജെ.ഡിയുടെ നിലപാട്.
11 പാർട്ടികളുള്ള മുന്നണിയാണ് ഇടത് മുന്നണി. എല്ലാവരുടെയും അഭിപ്രായം കേട്ട് ചർച്ച ചെയ്ത് വേണം മുന്നോട്ട് പോകാൻ.
കഴിഞ്ഞ കുറെ വർഷങ്ങളായി ഇടതുമുന്നണി യോഗങ്ങളിൽ മദ്യ നയം ചർച്ചക്ക് വന്നിട്ടില്ല. സമഗ്രമായ ചർച്ച നടക്കുന്നത് വരെ മദ്യനിർമാണശാല അനുമതിയിൽ തുടർ നീക്കങ്ങൾ നിർത്തിവക്കണമെന്ന് ആർ.ജെ.ഡി സെക്രട്ടറി ജനറൽ ഡോ.വർഗീസ് ജോർജ് ആവശ്യപ്പെട്ടു
സർക്കാർ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ആർ.ജെ.ഡി കരുതുന്നില്ല. രാഷ്ട്രീയമായി എതിർപ്പുയർന്ന പദ്ധതിയുമായി നീങ്ങാൻ തദ്ദേശ തിരഞ്ഞെടുപ്പ് അടക്കം നടക്കുന്ന വർഷത്തിൽ സർക്കാർ തയാറാകില്ലെന്നും പുന:പരിശോധിക്കാൻ നിർബന്ധിതമാകുമെന്നുമാണ് ആർ.ജെ.ഡിയുടെ വിലയിരുത്തൽ.
എതിർപ്പ് അവഗണിച്ച് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോയാൽ പ്രത്യക്ഷ സമരത്തിനിറങ്ങാനാണ് ആർ.ജെ.ഡിയുടെ തീരുമാനം.