തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം, തൃശൂർ പൂരം അലങ്കോലമാക്കൽ പോലെ മണ്ഡലകാലത്ത് ഓൺലൈനിൽ ബുക്ക് ചെയ്തെത്തുന്നവരെ മാത്രം ദർശനത്തിന് അനുവദിക്കാനുള്ള തീരുമാനം സർക്കാരിന് തിരിച്ചടിയാവും.
തിരക്ക് നിയന്ത്രിക്കാനെന്ന പേരിലാണ് ദർശനം ഓൺലൈൻ ബുക്കിംഗുള്ളവർക്ക് മാത്രമാക്കുന്നത്. ഇത് കഴിഞ്ഞ തീർത്ഥാടന കാലത്തു തന്നെ എ.ഡി.ജി.പി എം.ആർ അജിത്കുമാർ ആവശ്യപ്പെടുന്നതാണ്. ഇതിന്റെ പേരിൽ ദേവസ്വം ബോർഡ് പ്രസിഡന്റുമായും മറ്റ് അധികൃതരുമായും യോഗങ്ങളിൽ പരസ്യമായ ഉടക്കുമുണ്ടായിരുന്നു.
തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര അടക്കം സംസ്ഥാനങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ഭക്തരാണ് ശബരിമലയിലെത്തുന്നത്.
ഇവരെല്ലാം ഓൺലൈൻ ബുക്കിംഗ് നടത്തി മാത്രം എത്തണമെന്ന നിർദ്ദേശം അപ്രായോഗികവും തീർത്ഥാടനം അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതുമാണ്. 50 ലക്ഷം ഭക്തന്മാർ കഴിഞ്ഞ തീർത്ഥാടന കാലത്ത് എത്തിയെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക്.
തീരുമാനം ബി.ജെ.പി, ആർ.എസ്.എസ് അടക്കം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ സാദ്ധ്യതയേറെയാണ്. എന്നിട്ടും ഓൺലൈൻ ബുക്കിംഗ് മാത്രമേ അനുവദിക്കൂ എന്ന കടുംപിടുത്തത്തിലാണ് സർക്കാർ.
മുൻ വർഷങ്ങളിൽ ഓൺലൈനായി ബുക്ക് ചെയ്യാതെ എത്തിയിരുന്ന ഭക്തരെ നിലയ്ക്കലിലും പമ്പയിലും സ്പോട്ട് ബുക്കിംഗ് നടത്തിയാണ് സന്നിധാനത്തേക്ക് പോകാൻ അനുവദിച്ചിരുന്നത്.
കഴിഞ്ഞ തീർത്ഥാടനകാലത്ത് തിരക്കേറിയ ദിവസങ്ങളിൽ പതിനായിരം പേരെ വരെ സ്പോട്ട് ബുക്കിംഗിലൂടെ ദർശനത്തിന് അനുവദിച്ചിരുന്നു. ഈ സംവിധാനമാണ് ഇക്കൊല്ലം പൂർണമായി അവസാനിപ്പിച്ചത്.
എരുമേലിയിൽ നിന്ന് പരമ്പരാഗത പാത വഴി ഉൾവനത്തിലൂടെ നടന്നെത്തുന്ന സംഘങ്ങളും ഓൺലൈനിൽ ബുക്ക് ചെയ്ത് എത്തുന്നവരല്ല. കഴിഞ്ഞ തീർത്ഥാടന കാലത്ത് ധനു, മകര മാസങ്ങളിലായി ഇരുപതിനായിരത്തിലേറെ ഭക്തർ ഇങ്ങനെയെത്തിയിരുന്നു.
പമ്പയിൽ സ്പോട്ട് ബുക്കിംഗ് നടത്തിയാണ് ഇവർ മല ചവിട്ടിയത്. ഇവരെയൊന്നും ഇത്തവണ ദർശനത്തിന് അനുവദിക്കില്ലെന്ന നിലപാടിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.
സ്പോട്ട് ബുക്കിംഗ് നിർത്തലാക്കുമ്പോൾ നിലയ്ക്കലും പമ്പയിലും നേരിട്ട് എത്തുന്ന ഭക്തരെ തടഞ്ഞാൽ പ്രതിഷേധത്തിന് ഇടയായേക്കും. സ്ത്രീ പ്രവേശന കാലത്തെന്ന പോലെ ഇത് വലിയ രാഷ്ട്രീയ പ്രശ്നമായി വളരാനാണ് എല്ലാ സാദ്ധ്യതയും.
എന്നാൽ ഇക്കാര്യം സർക്കാർ പരിഗണിക്കുന്നതേയില്ല. സ്പോട്ട്ബുക്കിംഗ് ഒഴിവാക്കി തീർത്ഥാടകരുടെ എണ്ണം ക്രമീകരിച്ചത് സുഗമമായ തീർത്ഥാടനം ഉറപ്പാക്കാനാണെന്നാണ് മന്ത്രി വി.എൻ. വാസവൻ പറയുന്നത്.
സ്പോട്ട്ബുക്കിംഗ് ഏർപ്പെടുത്തിയാൽ തീർത്ഥാടകർ 80,000ൽ കവിയും. അത് സൗകര്യങ്ങളൊരുക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും മറ്റ് മുന്നൊരുങ്ങളെയും പ്രതികൂലമായി ബാധിക്കും. സുഗമമായ തീർത്ഥാടനത്തിന് അത് തടസമാവും.
കഴിഞ്ഞതവണ ആദ്യഘട്ടത്തിൽ 90,000 പേരെ ഓൺലൈൻ ബുക്കിംഗിലൂടെയും 10,000 പേരെ സ്പോട്ട് ബുക്കിംഗിലും അനുവദിച്ചിരുന്നു. രണ്ടാംഘട്ടത്തിൽ ഇത് 80,000ഉം 10,000വുമായി കുറച്ചു. മൂന്നാംഘട്ടത്തിൽ 70,000ഉം 10,000വുമാക്കി. ഈ അനുഭവംകൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ നടപടി.
തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ മുൻകൂട്ടി സ്വീകരിക്കുന്നതിനായി തീർത്ഥാടകർ ഏത് പാതയാണ് തിരഞ്ഞെടുക്കുന്നതെന്ന വിവരം കൂടി വെർച്വൽ ക്യൂവിൽ ഉൾപ്പെടുത്തുന്നുണ്ട്. വെർച്വൽ ക്യൂവിലെ സ്ലോട്ടിന് കളർ കോഡിംഗ് നൽകി കൂടുതൽ ബുക്കിംഗുള്ള സ്ലോട്ടുകൾ എളുപ്പത്തിൽ മനസിലാക്കുന്ന തരത്തിൽ സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തും.
ക്രമീകരണങ്ങൾ സുഗമമാക്കാൻ ഓരോദിവസവും വെർച്വൽ ക്യൂവഴി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ജില്ലാ ഭരണകൂടത്തിനും പോലീസിനും മുൻകൂട്ടി നൽകുമെന്നും മന്ത്രി വാസവൻ പറഞ്ഞു.
കഴിഞ്ഞ വർഷം 1.05 ലക്ഷം പേർക്ക് നിത്യേന ദർശനം അനുവദിച്ചിരുന്നിടത്ത് ഇത്തവണ 80,000 പേർക്ക് മാത്രമാണ് അവസരം. വെർച്ച്വൽ ക്യൂ ബുക്കിംഗിൽ സമയത്ത് തന്നെ ഭക്തർക്ക് യാത്രാ വഴി തിരഞ്ഞെടുക്കാം.
നിലയ്ക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് സൗകര്യമൊരുക്കും എന്നിങ്ങനെ പ്രയോജനങ്ങളെക്കുറിച്ച് സർക്കാർ പറയുന്നുണ്ടെങ്കിലും ആശങ്കകളാണ് ഏറെയും.
ഓൺലൈൻ ബുക്കിംഗിനെപ്പറ്റി ധാരണയില്ലാതെ അന്യസംസ്ഥാനത്തു നിന്ന് ആയിരക്കണക്കിന് ഭക്തർ എത്തുന്നുണ്ട്. ഓൺലൈനിൽ ദർശന ദിവസവും സമയവും ബുക്ക് ചെയ്യുന്നവർ ഗതാഗതക്കുരുക്കിലും മറ്റു കാരണങ്ങളാലും വൈകിയെത്തിയാൽ എന്തു ചെയ്യുമെന്ന് വ്യക്തതയില്ല.
സ്പോട്ട് ബുക്കിംഗ് നിർത്തലാക്കുമ്പോൾ നേരിട്ട് പമ്പയിൽ എത്തുന്ന ഭക്തരുടെ ദർശനം എങ്ങനെയായിരിക്കുമെന്നതിൽ വ്യക്തതയില്ല. ബുക്കിംഗില്ലാതെ എരുമേലി വഴി പരമ്പരാഗത പാതയിലൂടെ നടന്നെത്തുന്ന സംഘങ്ങളെ സന്നിധാനത്തേക്ക് കടത്തിവിടുമോയെന്നതിലും ആശയക്കുഴപ്പമാണ്.
ശബരിമലയിൽ മണ്ഡലകാലത്ത് ഓൺലൈൻ ബുക്കിംഗിലൂടെ പ്രതിദിനം 80,000 തീർത്ഥാടകരെ മാത്രമായി പരിമിതപ്പെടുത്തുന്നത് ഗുരുതര പ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്നും നിയന്ത്രണം അപകടകരമായ നിലയിലേക്ക് പോവുമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു.
കഴിഞ്ഞതവണ 1.05 ലക്ഷം ഭക്തർക്ക് ദർശനം കിട്ടിയിരുന്നതാണ്. 41 ദിവസത്തെ വ്രതം നോറ്റ് ഭക്തിനിർഭരമായി എത്തുന്ന പതിനായിരക്കണക്കിന് ഭക്തർ ഓൺലൈൻ ബുക്കിംഗില്ലെന്ന പേരിൽ ദർശനം കിട്ടാതെ മടങ്ങിപ്പോവേണ്ടി വരും. അതിനാൽ അടിയന്തരമായി സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്താനുള്ള തീരുമാനം സർക്കാർ എടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
"കഴിഞ്ഞ വർഷം ഓൺലൈൻ ബുക്കിംഗിൽ 90,000, സ്പോട്ട് ബുക്കിംഗിൽ 15,000 പേരെ അനുവദിച്ചിരുന്നു. എന്നിട്ടും നിരവധി പേർക്ക് പമ്പയിലും വഴിയിലുമിറങ്ങി മാലയൂരി ദർശനം കിട്ടാതെ തിരിച്ചുപോവേണ്ടി വന്നു".
"ഓൺലൈൻ ബുക്കിംഗ് മാത്രമാക്കിയത് ഗുരുതരമായ പ്രശ്നങ്ങൾക്ക് വഴിതെളിക്കും. മറ്റ് സംസ്ഥാനങ്ങളിലെ പതിനായിരക്കണക്കിന് ഭക്തർക്ക് ഓൺലൈൻ ബുക്കിംഗിനെക്കുറിച്ച് അറിയില്ല. എല്ലാവർക്കും ഇന്റർനെറ്റ് സാക്ഷരതയുണ്ടാവണമെന്നില്ല".
"പരമാവധി ആളുകൾക്ക് ദർശനത്തിന് സൗകര്യമൊരുക്കണം. എല്ലാവർക്കും ദർശനം കിട്ടാത്ത നിലയിലേക്ക് പോവുന്നത് വേറെ തരത്തിലുള്ള ചർച്ചകൾക്ക് വഴിതെളിക്കും. ഓൺലൈൻ ബുക്കിംഗ് നടത്തുന്നതിൽ 20 ശതമാനം പേർ വരാറില്ല. ഈ 20 ശതമാനം സ്പോട്ട് ബുക്കിംഗാക്കണം.
"ഭക്തരെ തടഞ്ഞുനിറുത്തുന്ന സ്ഥലങ്ങളിൽ ഭക്ഷണ, പ്രാഥമിക സൗകര്യങ്ങൾ ഒരുക്കണം. സർക്കാർ ഗൗരവതരമായി ഇടപെട്ട് സ്പോട്ട് ബുക്കിംഗ് പുനരാരംഭിക്കണം. തീർത്ഥാടകരുടെ എണ്ണം കൂട്ടണം" - സതീശൻ ആവശ്യപ്പെട്ടു.