ശബരിമല യുവതീപ്രവേശന വിഷയത്തില്‍ മാര്‍ച്ച് 14നകം സര്‍ക്കാര്‍ അടക്കമുള്ളവര്‍ നിലപാട് അറിയിക്കണം. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം നിലവില്‍ വരും. പെരുമാറ്റചട്ടം നേരത്തെ നിലവില്‍ വന്നാല്‍ നിലപാട് അറിയിക്കുക അടുത്ത സര്‍ക്കാര്‍.

ഏപ്രില്‍ ഏഴിനു വാദം തുടങ്ങും. ഏഴു മുതല്‍ ഒമ്പതു വരെ മൂന്നു ദിവസം വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെടുന്നവരുടെയും ഏപ്രില്‍ 14 മുതല്‍ 16 വരെ പുനഃപരിശോധനയെ എതിര്‍ക്കുന്നവരുടെയും വാദം നടക്കും

New Update
supreme

കോട്ടയം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ പുനഃപരിശോധനാ ഹരജികളില്‍ ഏപ്രില്‍ ഏഴു മുതല്‍ വാദം കേള്‍ക്കാനാണു സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്. 

Advertisment

ഈ വിഷയത്തില്‍ മാര്‍ച്ച് 14നകം സര്‍ക്കാര്‍ അടക്കമുള്ളവര്‍ നിലപാട് അറിയിക്കണമെന്നും വിധിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും വാദങ്ങള്‍ എഴുതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ഏപ്രില്‍ ഏഴിനു വാദം തുടങ്ങും. ഏഴു മുതല്‍ ഒമ്പതു വരെ മൂന്നു ദിവസം വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെടുന്നവരുടെയും ഏപ്രില്‍ 14 മുതല്‍ 16 വരെ പുനഃപരിശോധനയെ എതിര്‍ക്കുന്നവരുടെയും വാദം നടക്കും. 

21ന് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാം.

 ഏപ്രില്‍ 22ന് വാദം കോടതി പൂര്‍ത്തിയാക്കും. ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ അറിയിക്കും.

അതേസമയം, കേരളത്തില്‍ മാര്‍ച്ച് പകുതിയോടെ തെരഞ്ഞെടുപ്പ പെരുമാറ്റചട്ടം നിലവില്‍ വരുമെന്നാണു സൂചന.

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍, കമ്മിഷ്ണര്‍മാരായ എസ്.എസ്.സന്ധു, വിവേക് ജോഷി എന്നിവര്‍ കേരളത്തില്‍ എത്തും. 

മാര്‍ച്ച് ആദ്യ വാരം  തന്നെ സമ്പൂര്‍ണ കമ്മിഷന്‍ കേരളത്തിലെത്തി തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നുണ്ട്.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട് കമ്മിഷന്‍ ആരായും.

മാര്‍ച്ച് മധ്യത്തില്‍ തന്നെ  പെരുമാറ്റചട്ടം നിലവില്‍ വന്നേക്കും.

അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ നിലപാട് അറിയക്കുന്നതിനു തെരഞ്ഞെടുപ്പിനു ശേഷമേ ഉണ്ടാകാനിടയുള്ളൂ.

പി.എസ്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായപ്പോള്‍, യുവതീപ്രവേശനത്തില്‍ സത്യവാങ്മൂലം തിരുത്തുമെന്നു പറഞ്ഞിരുന്നു. 

അത് ഇപ്പോള്‍ പരിഗണിക്കേണ്ട കാര്യമല്ലെന്നാണ് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ അന്നു പറഞ്ഞത്. അയ്യപ്പസംഗമം നടത്താന്‍ തീരുമാനിച്ചപ്പോള്‍, അതുമായി സഹകരിക്കണമെങ്കില്‍ പ്രതിപക്ഷം മുന്നോട്ടുവെച്ച നിബന്ധന യുവതീപ്രവേശനത്തെ അനുകൂലിച്ച് നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്നതായിരുന്നു. 

എന്നാല്‍, സര്‍ക്കാര്‍ ഒന്നും പറഞ്ഞില്ല. പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ നോക്കാം എന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചത്. പെട്ടെന്നു നിലപാട് പറയേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണു സര്‍ക്കാരിന്റെ വിലയിരുത്തല്‍.

അതേസമയം, അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും യു.ഡി.എഫ് സര്‍ക്കാരാകും സത്യവാങ്മൂലം നല്‍കുകയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു.

ശബരിമല യുവതീപ്രവേശനത്തില്‍ നിലപാട് അറിയിക്കാന്‍ ഇനിയും സമയമുണ്ടെന്ന് നിയമ മന്ത്രി പി രാജീവ് പറഞ്ഞു.

യേസ് ഓര്‍ നോ പറയേണ്ട സാഹചര്യം അല്ല. എല്ലാ വശങ്ങളും ആലോചിച്ച് സര്‍ക്കാര്‍ തീരുമാനിക്കും.

സര്‍ക്കാര്‍ അന്ന് ചെയ്തത് സുപ്രീം കോടതി വിധി അനുസരിക്കലാണെന്നും പി രാജീവ് പറഞ്ഞു. 

സങ്കീര്‍ണമായ ഭരണഘടന പ്രശ്‌നങ്ങളാണെന്നും ഒരു മിനിറ്റ് കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ലെന്നും പി രാജീവ് വ്യക്തമാക്കി. വിശ്വാസവും സാമൂഹിക പരിഷ്‌കരണവും ഒപ്പം പോകണം. ഇതേ നിലപാട് സര്‍ക്കാര്‍ സത്യവാങ്മൂലത്തിലുള്ളതെന്നും പി രാജീവ് പറഞ്ഞു.

Advertisment