Advertisment

അനുരഞ്ജനം കഴിഞ്ഞിട്ടും സമസ്തയിലെ ഭിന്നത തീരുന്നില്ല; ഇ.കെ. അബൂബക്കർ മുസലിയാര്‍ അനുസ്മരണത്തിനായി വ്യത്യസ്ത പരിപാടികൾ പ്രഖ്യാപിച്ച് ലീഗ് വിരുദ്ധരും ലീഗ് അനുകൂലികളും; ഒരേ വിഷയത്തിൽ പ്രവർത്തകർ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചതോടെ സമസ്ത നേതൃത്വം വെട്ടില്‍ ! വിവാദമായതോടെ രണ്ട് പരിപാടികളും നിർത്തിവെപ്പിച്ചു; സംഘടനയുടെ നേതൃത്വത്തിൽ ഒറ്റ പരിപാടി നടത്താൻ ധാരണ

ശംസുൽ ഉലമ എന്നറിയപ്പെടുന്ന  ഇ.കെ. അബൂബക്കർ മുസലിയാരെ അനുസ്മരിക്കാൻ സമസ്തയിലെ ലീഗ് അനുകൂലികളും ലീഗ് വിരുദ്ധരും വ്യത്യസ്ത പരിപാടികൾ പ്രഖ്യാപിച്ചതോടെയാണ് ഇടവേളക്ക് ശേഷം വീണ്ടും ഭിന്നത വെളിവായത്

New Update
Samastha muslim league

കോഴിക്കോട്: തിരഞ്ഞെടുപ്പ് കാലത്തെ ചേരിതിരിഞ്ഞുളള പോരാട്ടത്തിന് ശേഷം ശാന്തമായിരുന്ന സമസ്തയിൽ വീണ്ടും പടലപ്പിണക്കം രൂപപ്പെട്ടു. സമസ്തയുടെ ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത സാന്നിധ്യമായിരുന്ന ഇ.കെ. അബൂബക്കർ മുസലിയാരുടെ അനുസ്മരണ പരിപാടിയെ ചൊല്ലിയാണ് സമസ്തയിൽ വീണ്ടും ചേരിതിരിവ് രൂപപ്പെട്ടത്.

Advertisment

ശംസുൽ ഉലമ എന്നറിയപ്പെടുന്ന  ഇ.കെ. അബൂബക്കർ മുസലിയാരെ അനുസ്മരിക്കാൻ സമസ്തയിലെ ലീഗ് അനുകൂലികളും ലീഗ് വിരുദ്ധരും വ്യത്യസ്ത പരിപാടികൾ പ്രഖ്യാപിച്ചതോടെയാണ് ഇടവേളക്ക് ശേഷം വീണ്ടും ഭിന്നത വെളിവായത്.


സംഘടനയിലെ മുസ്ലിം ലീഗ് അനുകൂലികൾ നാഷണൽ കോൺഫറൻസും ലീഗ് വിരുദ്ധർ ദേശീയ സെമിനാറുമാണ് സംഘടിപ്പിച്ചത്. ഒരേ വിഷയത്തിൽ ഒരേ സംഘടന രണ്ട് പരിപാടി സംഘടിപ്പിക്കുന്നത് പുറത്തുവന്നതോടെ സമസ്ത നേതൃത്വം വെട്ടിലായി.


ആരെയും തളളിപ്പറയും ആരെ കൊളളും എന്ന ആശയക്കുഴപ്പത്തിലായിരുന്നു നേതൃത്വം. പരിപാടിക്ക് വിവാദ ഛായ വന്നതോടെ  ഇടപെടാൻ നി‍ർബന്ധിതരായ നേതൃത്വം  രണ്ട് പരിപാടികളും നിർത്തിവെപ്പിച്ചു. അനുസ്മരണ പരിപാടിക്കായി ഇരുകൂട്ടരും രൂപീകരിച്ച  രണ്ട് സംഘാടക സമിതിയും പിരിച്ചുവിടാനും നിർദ്ദേശിച്ചിട്ടുണ്ട്. സമസ്ത നേതൃത്വത്തിൻെറ ഇടപെടൽ വന്നതോടെ നാഷണൽ കോൺഫറൻസ് പ്രഖ്യാപിച്ച ലീഗ് അനുകൂല വിഭാഗവും  ദേശീയ സെമിനാർ പ്രഖ്യാപിച്ച ലീഗ് വിരുദ്ധ വിഭാഗവും പരിപാടികൾ ഉപേക്ഷിച്ചതായി അറിയിച്ചിട്ടുണ്ട്.

ഇനി ഒരുമിച്ച് പരിപാടികൾ സംഘടിപ്പിക്കും എന്നാണ് നേതൃത്വത്തിൻെറ അറിയിപ്പ്. തിരഞ്ഞെടുപ്പിന് ശേഷം ലീഗ്‌ അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും സമസ്ത നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് സമസ്തയും ലീഗും തമ്മിലുളള പ്രശ്നങ്ങൾക്ക് പരിഹാരമായത്. സംഘടനയും പാർട്ടിയും യോജിപ്പോടെ പോകുന്നുവെന്ന ധാരണ നിലനിൽക്കുമ്പോഴാണ്  അനുസ്മരണ പരിപാടിയെ ചൊല്ലി വീണ്ടും പ്രശ്നങ്ങൾ തലപൊക്കിയത്.

ദീർഘകാലം സമസ്തയുടെ ജനറൽ സെക്രട്ടറിയായിരുന്നു ശംസുൽ ഉലമാ എന്നറിയപ്പെടുന്ന ഇകെ അബൂബക്കർ മുസ്ലിയാർ. കാന്തപുരം എ.പി അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിൽ ഒരു വിഭാഗം സംഘടനയിൽ നിന്ന് പിളർന്ന് പോയശേഷം  സമസ്തയ്കക്ക്  ഇ.കെ.അബൂബക്കർ മുസലിയാർ നേതൃത്വം നൽകുന്ന വിഭാഗം എന്ന നിലയിൽ സമസ്ത ഇ,കെ.വിഭാഗം സുന്നികളെന്ന പേരിലും അറിയപ്പെട്ടിരുന്നു. ഇങ്ങനെ സമസ്തയുടെ പാരമ്പര്യമുളള നേതാവായ ഇ.കെ. അബൂബക്കർ മുസലിയാരുടെ  അനുസ്മരണവുമായി ബന്ധപ്പെട്ട് പ പ്രഖ്യാപിച്ച പരിപാടിയാണ് സമസ്തയിലെ പുതിയ ചേരിതിരിവിന് വഴിവെച്ചത്.

സമസ്തയിലെ ലീഗ് വിരുദ്ധർ അനുസ്മരണത്തിൻെറ ഭാഗമായി ദേശീയ സെമിനാർ പ്രഖ്യാപിച്ചപ്പോൾ  ലീഗ് അനുകൂലികൾ നാഷണൽ കോൺഫറൻസ്  പ്രഖ്യാപിച്ചു. ഇരുവിഭാഗവും വെവ്വേറെ  സംഘാടക സമിതികളും രൂപീകരിച്ചു. രണ്ട് സംഘാടക സമിതി രൂപീകരണത്തിന്റെ വാർത്ത സമസ്തയുടെ ഔദ്യോഗിക മുഖപത്രമായ സുപ്രഭാതത്തിൽ വരികയും ചെയ്തു.


ലീഗ് വിരുദ്ധരാണ് ആദ്യം ഇ.കെ.അബൂബക്കർ മുസലിയാരുടെ സ്മരണാർത്ഥം  ആദ്യം ദേശീയ സെമിനാർ പ്രഖ്യാപിച്ചത്.ഈ പരിപാടിക്കായി  രൂപീകരിച്ച സംഘാടക സമിതിയിൽ നിന്നും തങ്ങളുടെ നേതാക്കളെ ഒഴിവാക്കിയെന്ന് ആരോപിച്ചാണ്   ലീഗ് അനുകൂലികളുടെ നേതൃത്വത്തിൽ നാഷണൽ കോൺഫറൻസ് പ്രഖ്യാപിച്ച്  പുതിയ സംഘാടക സമിതി ഉണ്ടാക്കിയത്.


ആരെയും ഒഴിവാക്കിയതല്ലെന്നും യാദൃശ്ചികമായി സംഭവിച്ചതാണെന്നുമാണ് ലീഗ് വിരുദ്ധരുടെ പ്രതികരണം. സംഭവം വിവാദമായതോടെ നേതൃത്വം ഇടപെട്ടാണ് രണ്ട് വിഭാഗങ്ങളെയും പിന്തിരിപ്പിച്ചത്. സംഘടനാ നേതൃത്വത്തിൽ വിപുലമായ പരിപാടി സംഘടിപ്പിച്ച് ഇപ്പോഴത്തെ നാണക്കേട് കഴുകിക്കളയാനാണ് സമസ്ത നേതൃത്വത്തിൻെറ തീരുമാനം.

Advertisment