സമസ്ത - ലീ​ഗ് ഭിന്നത പരിഹരിക്കാനുളള ആദ്യ ചർച്ച തിങ്കളാഴ്ച മലപ്പുറത്ത്. പാണക്കാട് സാദിഖ് അലി തങ്ങൾക്കെതിരായ ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവനയിൽ നടപടി സ്വീകരിക്കാതെ ലീ​ഗ് അടങ്ങില്ല. ഒപ്പം സുപ്രഭാതത്തിൽ വന്ന എൽ.ഡി.എഫ് പരസ്യ വിവാദത്തിലും വിട്ടുവീഴ്ചയുണ്ടാവില്ല. സമവായ ചർച്ച പാളിയാൽ സമസ്തയെ പിളർത്താനും ലീ​ഗ് മടിക്കില്ല !

പാണക്കാട് തങ്ങളെ വിമർശിച്ച ഉമർഫൈസി മുക്കത്തോട് വിശദീകരണം ആരാഞ്ഞതല്ലാതെ ഇതുവരെ നടപടി എടുക്കാൻ സമസ്ത നേതൃത്വം കൂട്ടാക്കിയിട്ടില്ല

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
d

കോഴിക്കോട്: മുസ്ളീം ലീഗും പണ്ഡിത സഭയായ സമസ്തയും തമ്മിലുളള ഭിന്നത ച‍ർച്ചയിലൂടെ പരിഹരിക്കാൻ ധാരണ. ലീഗും പാർ‍ട്ടിയുമായി പൊക്കിൾ കൊടി ബന്ധമുളള സമസ്തയും തമ്മിലുളള ഭിന്നത പരിഹരിക്കാനുളള ആദ്യ ചർച്ച തിങ്കളാഴ്ച മലപ്പുറത്ത് നടക്കും.

Advertisment

സമസ്തയിലെ ലീഗ് അനുകൂലികളും ലീഗ് വിരുദ്ധരും സമവായ ചർച്ചയിൽ പങ്കെടുക്കും. ഈമാസം 11ന് സമസ്തയുടെ പരമോന്നത സഭയായ മുശാവറ യോഗം നിശ്ചയിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് മലപ്പുറത്തെ സമവായ ചർച്ച.


സമസ്തയിലെ ലീഗ് അനുകൂല - വിരുദ്ധ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കുക, സമസ്ത - ലീഗ് ഭിന്നത അവസാനിപ്പിക്കുക എന്നിവയാണ് ചർച്ചയുടെ ലക്ഷ്യം. 


s

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ ആലിക്കുട്ടി മുസ്ല്യാർ, ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും.

ലീഗ് അധ്യക്ഷനും ആത്മീയ നേതാവുമായ പാണക്കാട് സാദിഖ് അലി തങ്ങൾക്ക് എതിരായ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവനയും, പാലക്കാട് ഉപതിരഞ്ഞെടുപ്പിൻെറ തലേന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ വന്ന എൽ.ഡി.എഫ് പരസ്യമുൾപ്പെടെയുള്ള വിവാദങ്ങളും ഉയർത്തി കാട്ടി ചർച്ചയിൽ ലീഗ് അനുകൂല നേതാക്കൾ നടപടി ആവശ്യപ്പെടും.


പാണക്കാട് തങ്ങളെ വിമർശിച്ച ഉമർഫൈസി മുക്കത്തോട് വിശദീകരണം ആരാഞ്ഞതല്ലാതെ ഇതുവരെ നടപടി എടുക്കാൻ സമസ്ത നേതൃത്വം കൂട്ടാക്കിയിട്ടില്ല. ഇതിൽ ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.


ഉമർഫൈസി മുക്കത്തിൻെറ പ്രസ്താവനയെ സമസ്ത നേതൃത്വം തളളിപ്പറഞ്ഞത് മാത്രമാണ് ലീഗിന് ആശ്വാസം പകരുന്ന ഏകകാര്യം. ഉമർഫൈസി മുക്കത്തിനെതിരെ നടപടിയില്ലെങ്കിൽ സമസ്ത പിളർത്താനും മടിക്കില്ലെന്ന വികാരമാണ് ലീഗിനുളളത്. 40 അംഗ സമസ്ത മുശാവറയിലെ ബഹുഭൂരിപക്ഷവും ലീഗിനെ അനുകൂലിക്കുന്നവരാണ്.

മുസ്ളീം ലീഗ് നേതൃത്വത്തിൻെറ സമീപകാലത്തെ പല നടപടികളിലും സമസ്തയ്ക്കും എതിർ‍പ്പുണ്ട്. സമസ്തയുടെ എതിർപ്പ് അവഗണിച്ച് ഹക്കീം ഫൈസി ആദൃശ്ശേരിയെ വീണ്ടും സി.ഐ.സി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവന്നതിൽ സംഘടനക്ക് ശക്തമായ എതിർപ്പുണ്ട്. 


ലീഗ് അധ്യക്ഷൻ പാണക്കാട് തങ്ങളുടെ മുൻകൈയ്യിലാണ് ഹക്കീം ഫൈസിയെ വീണ്ടും സി.ഐ.സി തലപ്പത്ത് അവരോധിച്ചത്. ഇത് സമസ്തയെ അവഹേളിക്കുന്നതിന് തുല്യമായിപ്പോയെന്നാണ് സംഘടനക്കുളളിലെ വികാരം. 


pk kunjalikkutty umer faisi mukkom panakkad sadiq ali shihab thangal

ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൾപ്പെടെയുള്ളവരെ വിമർശിച്ചതിലും സമസ്ത നേതാക്കൾക്ക് അനിഷ്ടമുണ്ട്. 

മുജാഹിദ് വിഭാഗക്കാരനായ പി.എം.എ സലാം സമസ്തയുടെ ആശയങ്ങളോടുളള എതിർപ്പ് കൊണ്ടാണ് നേതൃത്വത്തെ നിരന്തരം വിമർശിക്കുന്നതെന്നാണ് ആക്ഷപം. 


സലാമിനെ ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിൻെറ നിലപാട്. ബുധനാഴ്ച ചേരുന്ന സമസ്ത കേന്ദ്ര മുശാവറ യോഗത്തോടെ പ്രശ്നങ്ങൾ പരിഹരിച്ച് ഐക്യ പ്രഖ്യാപനം നടത്താനാണ് ശ്രമം. 


ലോകസഭാ തിരഞ്ഞെടുപ്പോടെ രമ്യതയിലായിരുന്ന സമസ്ത - ലീഗ് തർക്കം മുശാവറ അംഗം ഉമർഫൈസി മുക്കം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയ നേതാവുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമർശിച്ചതോടെ വീണ്ടും വഷളാകുകയായിരുന്നു.

ലീഗ് സമ്മർദ്ദം ചെലുത്തിയതോടെ ഉമർഫൈസി മുക്കത്തോട് വിശദീകരണം തേടിയെങ്കിലും അദ്ദേഹത്തിന് എതിരെ ഇതുവരെ നടപടി എടുക്കാൻ സമസ്ത നേതൃത്വം തയാറായിട്ടില്ല.

Advertisment