കോഴിക്കോട്: പാർട്ടി അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ പരസ്യമായി വിമർശിച്ച സമസ്താ നേതാവിനെതിരെ നടപടി വൈകുന്നതിൽ മുസ്ളീം ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തി.
സാദിഖലി തങ്ങളെ വിമർശിച്ച സമസ്ത മുശാവറ അംഗവും സംഘടനയിലെ ലീഗ് വിരുദ്ധരുടെ നേതാവുമായ ഉമർഫൈസി മുക്കത്തിനോട് വിശദീകരണം ആരാഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതാണ് ലീഗിനെ അസ്വസ്ഥരാക്കുന്നത്.
ഇതിൻെറ പ്രതിഫലനമെന്നോണം സമസ്തക്ക് മേൽ സമ്മർദ്ദം ചെലുത്തകയെന്ന ലക്ഷ്യത്തോടെ പുതിയ നീക്കങ്ങൾ ആരംഭിച്ചിട്ടുമുണ്ട്. സമസ്തയിലെ ലീഗ് വിരുദ്ധ നീക്കം തടയാൻ ആദർശ സംരക്ഷണ സമിതിക്ക് രൂപം നൽകി കൊണ്ടാണ് ലീഗിൻെറ സമ്മർദ്ദം. ഇതോടെ സമസ്തയിലെ ഭിന്നത തുറന്നുപോരിലേക്കെത്തുകയാണ്.
1989ൽ ഉണ്ടായത് പോലെ പിളർപ്പിന്റെ സാഹചര്യമാണ് സംഘടനയിൽ നിലവിലുള്ളതെന്നും അത്തരം പിളർപ്പ് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആദർശ സംരക്ഷണ സമിതിക്ക് രൂപം കൊടുക്കുന്നതെന്നാണ് വിശദീകരണം. പാണക്കാട് തങ്ങളെ വിമർശിച്ച മുശാവറ അംഗത്തിന് എതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമസ്തയെ പിളർത്താനും മടിക്കില്ലെന്ന സന്ദേശമാണ് ലീഗ് ഇതിലൂടെ നൽകിയിരിക്കുന്നത്.
നേരത്തെ സമാനമായ സമ്മർദ്ദം ചെലുത്തിയപ്പോഴാണ് ഉമർഫൈസി മുക്കത്തോട് വിശദീകരണം തേടാൻ സമസ്ത നേതൃത്വം നിർബന്ധിതമായത്. 40 അംഗ സമസ്ത മുശാവറയിൽ 35 പേരും മുസ്ലിം ലീഗ് അനുകൂല നിലപാടുകാരാണെന്ന ആത്മവിശ്വാസത്തിലാണ് പിളർത്താനും മടിക്കില്ലെന്ന സന്ദേശം നൽകാൻ തയാറായത്.
സമസ്തയുടെ പേരിൽ ആദർശ സംരക്ഷണ സമിതി രൂപീകരിച്ചത് അച്ചടക്കലംഘനമാണെന്നും നടപടി വേണമെന്നുമാണ്ണ് സമസ്തയിലെ ലീഗ് വിരുദ്ധരുടെ ആവശ്യം. പക്ഷത്തിന്റെ വാദം.ഉമർ ഫൈസി മുക്കത്തിന് പിന്തുണ പ്രഖ്യാപിച്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ കോഴിക്കോട് ജില്ലാ കൗൺസിൽ പ്രമേയം പാസാക്കിയിട്ടുമുണ്ട്.
രാഷ്ട്രീയക്കാരെ ഭയന്ന് മതവിധികൾ പറയാതിരിക്കാനാവില്ലെന്നും മത വിധി പറഞ്ഞതിൻ്റെ പേരിൽ പണ്ഡിതരെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള നീക്കം പ്രത്യാഘാതങ്ങൾക്ക് വഴി വെക്കുമെന്നുമാണ് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിൻ കോഴിക്കോട് ജില്ലാ കൗൺസിൽ അംഗീകരിച്ച പ്രമേയത്തിലെ നിലപാട്.
ഖാസി ഫൗണ്ടേഷൻ രൂപീകരണവുമായി ബന്ധപ്പെട്ട് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം നടത്തിയ പരാമർശമാണ് സമസ്തയും മുസ്ളീം ലീഗും തമ്മിലുളള ബന്ധം വീണ്ടും വഷളാക്കിയത്. മഹലുകളുടെ ഖാസിയാകാൻ പാണക്കാട് സാദിഖലി തങ്ങൾക്ക് യോഗ്യതയില്ലെന്ന പരോക്ഷ പരമാർശമാണ് ലീഗിനെ ചൊടിപ്പിച്ചത്.
സാദിഖലി തങ്ങളുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ലക്ഷ്യം അദ്ദേഹം എന്ന് വ്യക്തമാക്കുന്നതായിരുന്നു ഉമർഫൈസി മുക്കത്തിൻെറ പരാമർശം. ആത്മീയ നേതാവും പാർട്ടിയുടെ പരമാധ്യക്ഷനുമായ പാണക്കാട് തങ്ങൾക്ക് എതിരെ വിമർശനം വന്നതോടെ ലീഗ് ഒന്നടങ്കം ഉമർഫൈസിക്കും സമസ്തക്കും എതിരെ രംഗത്ത് വന്നു.
ഉമർഫൈസിക്ക് പിന്നിൽ സി.പി.എമ്മാണെന്നാണ് ലീഗ് നേതാക്കളുടെ ആരോപണം.സമസ്തയിൽ സിപിഐഎം സ്ലീപ്പിങ്ങ് സെല്ലുകളുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി പരസ്യമായി പറയുകയും ചെയ്തു. മറുപടിയുമായി സമസ്ത മുശാവറ അംഗങ്ങളും കളത്തിലിറങ്ങിയതോടെ വിഷയം ലീഗ് അഭിമാന പ്രശ്നമായി തന്നെയെടുത്തു.
അതുകൊണ്ടാണ് പ്രസ്താവനയിലൂടെ തളളിപ്പറഞ്ഞാൽ മാത്രം പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും ഉമർഫൈസി മുക്കത്തിന് എതിരെ നടപടി കൂടിയേ തീരുവെന്നും ലീഗ് നിലപാടെടുത്തത്. പിളർത്താനും മടിക്കില്ലെന്ന സന്ദേശം ലഭിച്ചതോടെയാണ് സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉമർഫൈസിയോട് വിശദീകരണം തേടിയത്.
ഉപതിരഞ്ഞെടുപ്പ് കാലമായതിനാൽ അതോടെ ഒന്നടങ്ങിയ ലീഗ് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും ശക്തമായി ഇറങ്ങിയിരിക്കുകയാണ്. സാദിഖലി തങ്ങൾക്കെതിരായ പരാമർശത്തിൽ ഉമർ ഫൈസിയോട് വിശദീകരണം തേടിയെങ്കിലും ഇതുവരെ മറ്റ് നടപടികൾ ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ലീഗ് നേതാക്കളുടെ ആശീർവാദത്തോടെ പുതിയ സംഘടന രൂപീകരിച്ചത്.
1989 ൽ സമാനമായ സാഹചര്യത്തിലാണ് സമസ്തയിൽ വലിയ പിളർപ്പുണ്ടായത്. സമസ്തയിൽ നിന്ന് പിളർന്ന് പോയ വിഭാഗമാണ് കാന്തപുരം എ.പി അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിൽ പുതിയ സുന്നി പ്രസ്ഥാനത്തിന് രൂപം കൊടുത്തത്. ഉമർഫൈസി മുക്കത്തിന് എതിരെ മാതൃകാപരമായ നടപടി ഉണ്ടായില്ലെങ്കിൽ അതേ സ്ഥിതിവിശേഷം സംജാതമാകുമെന്നാണ് ലീഗിൻെറ മുന്നറിയിപ്പ്.