/sathyam/media/media_files/2025/02/27/02-893284.webp)
തിരുവനന്തപുരം: കൊല്ലം തീരത്ത് കടൽ മണൽ ഖനനം നടത്താനുള്ള കേന്ദ്രസർക്കാർ നീക്കം വൻ വിവാദമായിരിക്കെ, അപകട സാദ്ധ്യതാ മുന്നറിയിപ്പുമായി കേരള സർവകലാശാലയുടെ പഠനറിപ്പോർട്ട്.
ഖനനം സമുദ്ര ആവാസ വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും ഖനന നീക്കം ഉടനടി നിർത്തണമെന്നും സർവകലാശാല മുന്നറിയിപ്പ് നൽകുന്നു. മത്സ്യസമ്പത്ത് ഗണ്യമായി കുറയാനും തീരശോഷണം കൂടാനും ഖനനം ഇടയാക്കും.
സമുദ്ര ആവാസ വ്യവസ്ഥകളെ നശിപ്പിക്കുമെന്നും മത്സ്യത്തൊഴിലാളികൾക്ക് വരുമാനം ഇല്ലാതാവുമെന്നും അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിലെ മറൈൻ മോണിറ്ററിംഗ് ലാബ് (എംഎംഎൽ) നടത്തിയ പഠനത്തിൽ കണ്ടെത്തി. കൊല്ലം തീരത്തടക്കം കടൽഖനനത്തിന് കേന്ദ്രം ബില്ല് അടുത്തിടെ പാസാക്കിയിരുന്നു.
കൊല്ലം തീരത്ത് 40 മീറ്റർ ആഴം വരെയുള്ള സമുദ്ര ഭാഗം പാറപ്പാരുകളാൽ സമ്പന്നമാണ്. ഇവിടെ വംശനാശഭീഷണി നേരിടുന്ന പവിഴജീവികളുടെ സാന്നിദ്ധ്യമുണ്ട്. കേരളത്തിലെ മൃദുവായ പവിഴ ഇനങ്ങളുടെ മൂന്നിൽ രണ്ട് ഭാഗവും കൊല്ലം തീരത്താണ്.
മത്സ്യങ്ങൾ ഉൾപ്പടെയുള്ള ജലജീവികളെ ദോഷകരമായി ബാധിക്കും. 'കരിക്കാടി' ചെമ്മീൻ പോലുള്ള ഇനങ്ങളെയും ബാധിക്കും. ഖനനം അടിത്തട്ടിൽ വരുത്തുന്ന മാറ്റങ്ങൾ ഒഴുക്കിനെ തടസ്സപ്പെടുത്തുകയോ വഴിതിരിച്ചുവിടുകയോ ചെയ്യാം.
ലയിക്കുന്ന ഓക്സിജന്റെ അളവ് കുറയുന്നത് മത്സ്യങ്ങളെ സുരക്ഷിത മേഖലകളിലേക്ക് കുടിയേറാൻ പ്രേരിപ്പിക്കും. ഇത് മത്സ്യബന്ധനത്തെ തടസപ്പെടുത്തും. കടലിന്റെ അടിത്തട്ടിൽ സംഭരിച്ചിരിക്കുന്ന കാർബണും മറ്റ് വിഷ ലോഹങ്ങളും ഖനനം വഴി പുറത്തുവരും.
വേർതിരിച്ചെടുക്കുന്ന മണൽ കഴുകുന്നതിന് കരയിൽ നിന്നുള്ള ശുദ്ധജല സ്രോതസ്സുകൾ ഉപയോഗിക്കേണ്ടി വരും. പരിസ്ഥിതി ആഘാതം വിലയിരുത്താതെയുള്ള ഖനനം ഗുരുതര പ്രശ്നങ്ങളുണ്ടാക്കും. ഖനനനീക്കം താത്കാലികമായി നിറുത്തി ഗവേഷണം നടത്തണമെന്നാണ് കേരള സർവകലാശാലയുടെ റിപ്പോർട്ടിലുള്ളത്.
കൊല്ലം തീരത്തെ പാറക്കെട്ടുകൾ ജൈവവൈവിധ്യ ഹോട്ട്സ്‌പോട്ടുകളാണ്. സമുദ്ര ആവാസവ്യവസ്ഥയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കൊല്ലം തീരത്ത് ജൈവവൈവിധ്യത്താൽ സമ്പന്നമായ പാറപ്പാരുകൾ നിരവധി മത്സ്യങ്ങളുടെ അഭയകേന്ദ്രമാണ്.
മത്സ്യക്കുഞ്ഞുങ്ങളുടെ നഴ്സറികളായി അവ പ്രവർത്തിക്കുന്നു, അതുവഴി ആരോഗ്യകരമായ മത്സ്യസമ്പത്തും പാരിസ്ഥിതിക സന്തുലിതാവസ്ഥയും നിലനിർത്തുന്നു. പാറക്കെട്ടുകൾ തീരപ്രദേശങ്ങളെ മണ്ണൊലിപ്പിൽ നിന്ന് സംരക്ഷിക്കുന്നു.
ശക്തമായ തിരമാലകൾക്കും കൊടുങ്കാറ്റുകൾക്കും എതിരായ പ്രകൃതിദത്ത പ്രതിരോധമാണിവ. ഇവയുടെ നാശം സമുദ്ര ജീവികൾക്കും അവയെ ആശ്രയിക്കുന്ന മത്സ്യബന്ധന സമൂഹങ്ങൾക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
ആഴക്കടലിൽ ഖനനം ആരംഭിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും താൽക്കാലികമായി നിർത്തി, ഗവേഷണം നടത്തണം. കേരളതീരത്തെ മണലിൽ വലിയ അളവിൽ ചെളിയടിയുന്നതിനാൽ കടലിൽ തന്നെ ഇവയെ ശുദ്ധീകരണത്തിന് വിധേയമാക്കുമ്പോൾ വലിയതോതിൽ വെള്ളം കലങ്ങുന്നതിന് കാരണമാകും.
ഇത് വെള്ളത്തിൽ പ്രകാശം കടക്കുന്നത് കുറയുന്നതിനും സമുദ്ര ആവാസവ്യവസ്ഥയിലെ പ്രാഥമിക ഉൽപ്പാദകരായ സസ്യപ്ലവകങ്ങളുടെ ഉൽപ്പാദനക്ഷമതയേയും അതുവഴി ജന്തുപ്ലവകങ്ങളുടെ അതിജീവനത്തെയും, ഇവയെ ഭക്ഷണമാക്കി ജീവിക്കുന്ന മത്സ്യങ്ങൾ ഉൾപ്പടെയുള്ള ജലജീവികളെയും ബാധിക്കും.
മണൽ ഖനനം അടിത്തട്ടുനിവാസികളായ ജന്തുജാലങ്ങളുടെയും പവിഴപ്പുറ്റുകളുടെയും കോളനികൾ നീക്കം ചെയ്യുകയോ കുഴിച്ചുമൂടപ്പെടുകയോ ചെയ്യുന്നതിനിടയാക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ ഒറ്റപ്പെട്ടതും മൃദുവായതുമായ പവിഴപ്പുറ്റുകളുള്ളത് കൊല്ലം മേഖലയിലാണ്.
മണൽ ഖനനം മൂലം അവയുടെ നാശം ജൈവവൈവിധ്യ നഷ്ടത്തിന് കാരണമാകും. ഖനനം അടിത്തട്ടിൽ വരുത്തുന്ന മാറ്റങ്ങൾ ഒഴുക്കിനെ തടസ്സപ്പെടുത്തുകയോ വഴിതിരിച്ചുവിടുകയോ ചെയ്യാം, അടിത്തട്ടിന്റെ ആകൃതിമാറ്റം സമുദ്ര ആവാസവ്യവസ്ഥയുടെ സ്ഥിരതയെ സാരമായി ബാധിക്കുകയും ചെയ്യും.
മൺസൂൺ മത്സ്യബന്ധനത്തെ പിന്തുണയ്ക്കുന്ന ശാന്തമായ ജലം സൃഷ്ടിക്കുന്ന ചാകര മേഖലകൾക്ക് മണൽ ഖനനം സൃഷ്ടിച്ചേക്കാവുന്ന ആഘാതം പഠനവിധേയമാകേണ്ടതാണ്.
വലിയകാലഘട്ടത്തിൽ കടലിന്റെ അടിത്തട്ടിൽ സംഭരിച്ചിരിക്കുന്ന കാർബണും മറ്റ് വിഷ ലോഹങ്ങളും ഖനനം വഴി പുറത്തുവരുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കൂടുതൽ വിലയിരുത്തപ്പെടേണ്ടതാണ്.
സുസ്ഥിര ആവാസവ്യവസ്ഥ മാനേജ്‌മെന്റിന്റെ ദീർഘകാല പാരിസ്ഥിതികവും സാമ്പത്തികവുമായ മൂല്യം വിലയിരുത്തേണ്ടത് അത്യാവശ്യമാണ്, കാരണം മണൽ വേർതിരിച്ചെടുക്കുന്നതിൽ നിന്ന് ലഭിക്കുന്ന വരുമാനം പാരിസ്ഥിതിക ചെലവിനേക്കാൾ കൂടുതലാകില്ല.
വേർതിരിച്ചെടുക്കുന്ന മണൽ കഴുകുന്നതിന് കരയിൽ നിന്നുള്ള ശുദ്ധജല സ്രോതസ്സുകൾ ഉപയോഗിക്കുന്നതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും അതിനുവേണ്ട ശുദ്ധജലലഭ്യതയും പഠിക്കണം.
വേർതിരിച്ചെടുക്കുന്ന മണൽ നിർമ്മാണ നിലവാരത്തിലുള്ളതാണെന്ന അനുമാനം തെളിയിക്കപ്പെടെണ്ടതുണ്ട്. പ്രദേശത്തെ ഫീൽഡ് പഠനങ്ങൾ സൂചിപ്പിക്കുന്നത് ഉയർന്ന അവശിഷ്ടത്തിന്റെ അളവ്, അഷ്ടമുടിക്കായലിൽ നിന്നുള്ള ചെളി നിക്ഷേപം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട് എന്നാണ്.
അതായത് കൊല്ലം തീരത്ത് മണലിൽ സിംഹഭാഗവും നിർമ്മാണ നിലവാരത്തിലുള്ളതാണെന്ന അവകാശവാദം ശരിയാവണമെന്നില്ല. ഖനനം സമുദ്ര ആവാസ വ്യവസ്ഥകളെ നശിപ്പിക്കുകയും, മത്സ്യ ജനസംഖ്യയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
കേരള തീരത്ത് കൃത്രിമ പാരുകൾ സ്ഥാപിക്കുന്നത് കടൽ മത്സ്യസമ്പത്ത് നശിപ്പിക്കും. സമഗ്രമായ പാരിസ്ഥിതിക ആഘാത വിലയിരുത്തലില്ലാതെ കൊല്ലത്തെ തീരക്കടലിൽ നിന്ന് മണൽ ഖനനം ചെയ്യാനുള്ള ഏതൊരു ശ്രമവും ഗുരുതരമായ പാരിസ്ഥിതിക പിഴവായിരിക്കും.
അത്യുൽപാദന ശേഷിയുള്ള കൊല്ലം പരപ്പിന് സമീപം മണൽ ഖനനം നടത്തിയാൽ മത്സ്യസമ്പത്ത് ഗണ്യമായി കുറയാനും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വരുമാനം കുറയാനുമുള്ള സാധ്യതകളുണ്ട് - റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.