പാലക്കാട്: കൺവൻഷനിൽ അവഗണിച്ചുവെന്ന് പരാതിപ്പെട്ട് പ്രചരണ പ്രവർത്തനങ്ങളിൽ നിന്ന് മാറി നിന്ന സന്ദീപ് വാര്യർക്കെതിരെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബി.ജെ.പി നടപടി എടുക്കും. സി.പി.എം നേതൃത്വവുമായി ചേർന്ന് പാർട്ടിക്കെതിരെ പ്രവർത്തിച്ചുവെന്നാണ് ബി.ജെ.പിക്കുളളിൽ ഉയരുന്ന ആക്ഷേപം.
ഇതിൽ വസ്തുതയുണ്ടെന്ന് സംസ്ഥാന നേതൃത്വത്തിന് ബോധ്യമുണ്ട്. സന്ദീപ് വാര്യർ ബി.ജെ.പിയിൽ അസംതൃപ്തനാണെന്ന വിവരം സി.പി.എം ഗ്രൂപ്പുകൾ വഴിയാണ് മാധ്യമങ്ങളിൽ എത്തിയത്. ഇതിന് ആവശ്യമായ തെളിവുകളും നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.
ബി.ജെ.പി നേതാക്കൾ നടത്തുന്ന പത്രസമ്മേളനങ്ങളിൽ ചോദിക്കേണ്ട ചോദ്യങ്ങൾ സംബന്ധിച്ച വിവരങ്ങളും സി.പി.എം ഗ്രൂപ്പുകൾക്ക് കൈമാറിയതായി സംശയമുണ്ട്. ഈ ആക്ഷേപം തെളിയിക്കുന്നതിന് വേണ്ട തെളിവുകളും ബി.ജെ.പി സംസ്ഥാന നേതൃത്വം ശേഖരിക്കുന്നുണ്ട്.
സന്ദീപ് വാര്യർ പ്രചരണത്തിൽ നിന്ന് മാറി നിന്നതിന് പിന്നാലെ എല്ലാ ന്യൂസ് ചാനലുകളിലും ഒരുപോലെ വാർത്ത വരികയും അതിനോട് സി.പി.എം നേതാക്കൾ പെട്ടെന്ന് തന്നെ പ്രതികരിച്ചതും യാദൃശ്ചികമാണെന്ന് ബി.ജെ.പി നേതൃത്വം കരുതുന്നില്ല.
ഒരു ചാനലിൽ വാർത്ത സംപ്രേഷണം ചെയ്യുന്നതിന് മുൻപ് തന്നെ സി.പി.എം നേതാവ് എ.കെ ബാലൻ സന്ദീപ് വാര്യരെ പ്രശംസിച്ച് പ്രതികരണം നൽകിയിരുന്നതായും ബി.ജെ.പി നേതാക്കൾ പറയുന്നു. ഇതെല്ലാം പരിശോധിക്കുമ്പോൾ ചില സി.പി.എം നേതാക്കൾ സന്ദീപ് വാര്യരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന സംശയം സ്ഥിരീകരിക്കപ്പെടുകയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
മന്ത്രി എം.ബി.രാജേഷാണ് സന്ദീപ് വാര്യരുമായി സംസാരിക്കുന്നതെന്നാണ് പ്രചരിക്കുന്ന വിവരം. സന്ദീപ് വാര്യർ സി.പി.എമ്മിലേക്ക് വരുമോയെന്ന ചോദ്യത്തോട് പൊസിറ്റീവായി പ്രതികരിച്ച എം.ബി.രാജേഷ് ചർച്ച നടത്തിയെന്ന വിവരം നിഷേധിച്ചിട്ടില്ല.
സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു മാത്രമാണ് ചർച്ച നടന്നതായി അറിയില്ലെന്ന് വ്യക്തമാക്കിയതെന്നും ബി.ജെ.പി നേതാക്കൾ പറയുന്നു. സന്ദീപ് വാര്യർ നിലപാട് വ്യക്തമാക്കട്ടെ അപ്പോഴാണ് ബാക്കികാര്യങ്ങൾ സംസാരിക്കാനാകുക എന്ന പ്രതികരണമാണ് എം.ബി. രാജേഷ് നടത്തിയത്.
പാർട്ടി ദേശിയ നേതൃത്വം ഗൗരവമായി കാണുമെന്ന സൂചന ലഭിച്ചതോടെ സി.പി.എം നേതാക്കളുമായുളള ചർച്ചയും ബി.ജെ.പി വിടുമെന്ന അഭ്യൂഹങ്ങളും തളളി സന്ദീപ് വാര്യർ രംഗത്തുവന്നിട്ടുണ്ട്.
താൻ എവിടെയും പോകില്ലെന്നും ഒരു ചർച്ചയ്ക്കും പ്രസക്തിയില്ലെന്നുമാണ് സന്ദീപ് വാര്യരുടെ ഇന്നത്തെ നിലപാട്. എന്നാൽ പാലക്കാട്ടെ പ്രചരണത്തിന് പോകുമോയെന്ന ചോദ്യത്തിന് ഉത്തരം നൽകാതെ ഒഴിഞ്ഞുമാറുകയാണുണ്ടായത്.
ഇതും അതൃപ്തി പുറത്തേക്ക് എത്തിക്കാനുളള ഉപായമായാണ് ബി.ജെ.പി നേതൃത്വം കാണുന്നത്. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് ചേരുന്ന ബി.ജെ.പി നേതൃയോഗം സന്ദീപ് വാര്യരുടെ പിണക്കവും ബദൽ നീക്കവും ചർച്ചചെയ്യും.
എൻ.ഡി.എ നിയോജക മണ്ഡലം കൺവൻഷനോടെയാണ് സന്ദീപ് വാര്യർ പാർട്ടി നേതൃത്വവുമായി വീണ്ടും ഇടഞ്ഞത്. വേദിയിൽ സീറ്റ് നൽകാതെ സദസിലിരുത്തി അപമാനിച്ചു എന്നാണ് സന്ദീപ് വാര്യരുടെ പരാതി.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥാണ് വേദിയിൽ ഇടം നൽകാതെ അപമാനിച്ചതെന്ന് പരാതിപ്പെട്ടാണ് സന്ദീപ് വാര്യർ നേതൃത്വവുമായി ഇടഞ്ഞത്. കൺവൻഷൻ കഴിഞ്ഞ് സ്വന്തം നാടായ ചെത്തല്ലൂരിലേക്ക് മടങ്ങിയ സന്ദീപ് വാര്യർ പ്രചരണ രംഗത്ത് നിന്ന് പൂർണമായും വിട്ടുനിന്നു.
എതിർ മുന്നണികളിലെ നീക്കങ്ങൾ സശ്രദ്ധം നിരീക്ഷിക്കുന്ന സി.പി.എം നേതൃത്വം ഉടൻ തന്നെ സന്ദീപ് വാര്യരുടെ എതിർപ്പ് രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ നീക്കം തുടങ്ങി.
പ്രചരണത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സന്ദീപ് വാര്യരെ കൂടെ കൂടെനിർത്താനായിരുന്നു സി.പി.എമ്മിൻെറ ശ്രമം.
ചർച്ച നടത്തിയത് മാധ്യമങ്ങൾക്ക് ചോർത്തി ബി.ജെ.പിയിലെ അസംതൃപ്തി പുറത്തെത്തിക്കുകയും ചെയ്തു. വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമങ്ങൾക്ക് സി.പി.എം നേതൃത്വം നൽകിയ മറുപടിയും ശ്രദ്ധേയമായിരുന്നു. സന്ദീപ് വാര്യർക്ക് മുന്നിൽ വാതിൽ അടക്കാത്ത തരത്തിൽ ആയിരുന്നു സി.പി.എം നേതാക്കളുടെ പ്രതികരണം.
സന്ദീപ് വാര്യർക്ക് മുന്നിൽ പാർട്ടി വാതിൽ അടയ്ക്കില്ലെന്നും സന്ദീപ് നല്ല മനുഷ്യനാണെന്നുമായിരുന്നു മുൻമന്ത്രി എ.കെ. ബാലൻെറ പ്രശംസ. സന്ദീപ് വാര്യർക്ക് അധികകാലം ബിജെപി പളയത്തിൽ നിൽക്കാൻ കഴിയില്ലെന്നും എ.കെ.ബാലൻ പ്രതികരിച്ചിരുന്നു.
രാഷ്ട്രീയ എതിരാളികളായ കോൺഗ്രസിലും ബി.ജെ.പിയിലും എല്ലാ പാളയത്തിൽപ്പടയാണെന്ന് വരുത്തി തീർക്കുകയും അവിടങ്ങളിലെ അസംതൃപ്തി വോട്ടാക്കി മാറ്റുകയുമാണ് സി.പി.എമ്മിൻെറ തന്ത്രം.