/sathyam/media/media_files/2025/06/20/sasi-tharoor-controversy-2025-06-20-18-57-59.jpg)
തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂരിലും അതിന് ശേഷം നടന്ന നയതന്ത്ര ദൗത്യത്തിലും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ ശേഷം പുതിയ നീക്കവുമായി പ്രവർത്തക സമിതി അംഗം ഡോ.ശശി തരൂർ എം.പി.
കേരളത്തിലെ യു.ഡി.എഫിൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ താനാണെന്ന സർവെ ഫലം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് ശശി തരൂർ എംപി സ്വന്തം പാർട്ടിക്കുളള പണിയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
സ്വകാര്യമായി നടന്ന സർവേഫലം സംബന്ധിച്ച് സ്വന്തം സുഹൃത്ത് എക്സിൽ പങ്കുവെച്ച വാർത്തയാണ് കൂപ്പുകൈ ഇമോജിയുമായി തരൂർ പങ്കുവെച്ചിരിക്കുന്നത്.
സംസ്ഥാനത്ത് യു.ഡി.എഫിനെ പിന്തുണക്കുന്നവരിൽ 28 ശതമാനം പേരും ശശി തരൂർ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നതെന്നാണ് സ്വകാര്യ വെബ് സൈറ്റിൽ വന്ന സർവേ ഫലത്തിൽ പറയുന്നത്.
പാർട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുന്നത് ശീലമാക്കി കഴിഞ്ഞ തരൂരിൻെറ പുതിയ നീക്കത്തോട് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം കരുതലോടെയാണ് പ്രതികരിക്കുന്നത്.
ശശി തരൂരിൻെറ പുതിയ നീക്കത്തിന് പിന്നിലെ ഉദ്ദേശമെന്താണെന്ന് വ്യക്തമല്ലാത്തതിനാൽ പ്രതികരിച്ച് വിവാദമാക്കേണ്ടെന്നാണ് നേതൃത്വത്തിലെ ധാരണ. മുഖ്യമന്ത്രിയാകാൻ ആരാണ് അയോഗ്യരെന്നാണ് തരൂർ പങ്കുവെച്ച സർവേയെകുറിച്ചുളള ചോദ്യത്തിന് കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫിൻെറ പ്രതികരണം.
കോൺഗ്രസ് പാർട്ടിയുടെ പരമോന്നത സമിതിയായ പ്രവർത്തക സമിതിയിലെ അംഗമായ ശശി തരൂർ നിരന്തരം വിവാദങ്ങളുണ്ടാക്കി പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതിൽ കെ.പി.സി.സി നേതൃത്വത്തിന് കടുത്ത അമർഷവും എതിർപ്പുമുണ്ട്.
ഇക്കാര്യം ഏറ്റവും ഒടുവിൽ നടന്ന കൂടിക്കാഴ്ചയിൽ ഹൈക്കമാൻഡിൻെറ ശ്രദ്ധയിൽപെടുത്തിയിട്ടുമുണ്ടെന്ന് നേതൃത്വം അറിയിച്ചു. എന്താണ് ശശി തരൂരിൻെറ പ്രശ്നമെന്ന് മനസിലാകാത്തത് ഹൈക്കമാൻഡിനെയും അലട്ടുന്ന പ്രശ്നമാണ്.
പാർട്ടിയുടെ നയങ്ങളും നിലപാടും പിന്തുടരാനോ അച്ചടക്കം പാലിക്കാനോ തയാറാകാത്ത തരൂരിനെ അധികകാലം ഇങ്ങനെ വിടാനാകില്ലെന്ന അഭിപ്രായം കോൺഗ്രസ് നേതൃത്വത്തിൽ ശക്തിപ്പെടുന്നുണ്ട്.
നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ സർവേഫലം പങ്കുവെച്ച ശശി തരൂർ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരാനുളള താൽപര്യം പ്രകടിപ്പിച്ചതാണോയെന്നാണ് നേതൃത്വത്തിൻെറ സംശയം.
നേരത്തെ മലബാർ പര്യടനവും മത-സാമുദായിക നേതാക്കളുമായുളള കൂടിക്കാഴ്ചയും നടത്തി കൊണ്ട് കേരള രാഷ്ട്രീയത്തിൽ സജീവമാകാനുളള താൽപര്യം തരൂർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ലീഗ് നേതാക്കളെ അടക്കം കണ്ടുകൊണ്ടുളള നീക്കം വിവാദം ആകുകയും പാർട്ടിക്കുളളിൽ എതിർപ്പിന് കാരണമാകുകയും ചെയ്തതോടെ ഉപേക്ഷിക്കുകയായിരുന്നു.
എന്നാൽ ഇപ്പോൾ വീണ്ടും തൻെറ ജനപ്രീതി വ്യക്തമാക്കുന്ന സർവേ ഫലം പ്രചരിപ്പിക്കുന്നതിലൂടെ പഴയ ആഗ്രഹം വീണ്ടും പൊടിതട്ടിയെടുക്കുകയാണൊയെന്നാണ് നേതാക്കളുടെ സംശയം.
കേരളത്തിൻറെ മുഖ്യമന്ത്രിയാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന തരൂരിൻെറ മുൻപ്രസ്താവനകളും ചേർത്ത് വായിക്കുമ്പോൾ സംശയം ബലപ്പെടുകയാണ്.
സർവേ ഫലം എക്സിൽ ആദ്യം പങ്കുവെച്ചത് ഇ.ഡി. മാത്യുവാണ്. ഐക്യരാഷ്ട്രസഭയുടെ മുൻ വക്താവ് കൂടിയായ മാത്യു, ശശി തരൂരിൻെറ അടുത്ത സുഹൃത്താണ്.
ഇതിനുമുൻപും തരൂരിനെ പുകഴ്ത്തി ദേശീയ മാധ്യമങ്ങളിൽ ലേഖനങ്ങളും മറ്റും എഴുതിയിട്ടുളളയാളാണ് ഇ.ഡി മാത്യു.അതുകൊണ്ടുതന്നെ സർവേയും ഫലവും പ്രചരണവും എല്ലാം ആസുത്രിതമാണോയെന്ന സംശയവും കോൺഗ്രസിനുളളിൽ ശക്തിപ്പെടുന്നുണ്ട്.
മണികൺട്രോൾ എന്ന ധനകാര്യ വെബ്സൈറ്റിലാണ് മുഖ്യമന്ത്രിയാകാൻ കൂടുതൽ പേരും പിന്തുണക്കുന്നത് ശശി തരൂരിനെയാണെന്ന സർവേ ഫലം പ്രസിദ്ധീകരിച്ചത്.കേരള വോട്ട് വൈബ് എന്ന സ്വകാര്യ ഏജൻസിയാണ് സർവേ നടത്തി റിപോർട്ട് തയാറാക്കിയതെന്നാണ് വെബ് സൈറ്റ് അവകാശപ്പെടുന്നത്.
കേരളത്തിൽ ശക്തമായ ഭരണവിരുദ്ധതരംഗമുണ്ടെന്നും യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ തരൂർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തണമെന്നാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നതെന്നുമാണ് സർവേയിലെ കണ്ടെത്തലായി വെബ് സൈറ്റ് പറയുന്നത്.
സർവേയിൽ പങ്കെടുത്ത 62 ശതമാനം പേരും തങ്ങളുടെ നിലവിലെ എം.എൽ.എ മാറ്റണമെന്ന് ആവശ്യപ്പെട്ടു എന്നതാണ് ഭരണവികാരത്തിൻെറ തെളിവായി സർവെ ഫലത്തിൽ ചൂണ്ടിക്കാട്ടുന്നത്.യു.ഡി.എഫിൻെറ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി 28.3 ശതമാനം പേരും തരൂരിനെയാണ് പിന്തുണക്കുന്നതെന്നും സർവേഫലം പറയുന്നതായി വെബ് സൈറ്റ് അവകാശപ്പെടുന്നു.
തരൂരിനെ പിന്തുണക്കുന്നവരിൽ 30 ശതമാനം പുരുഷന്മാരാണ്.തരൂരിനെ പിന്തുണക്കുന്നവരിൽ ഏറെയും യുവാക്കളാണ്.പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരണമെന്ന് 17.5 ശതമാനം പേരെ ആഗ്രഹിക്കുന്നുളളു.
എൽ.ഡി.എഫ് അധികാരത്തിൽ എത്തിയാൽ കെ.കെ.ശൈലജ മുഖ്യമന്ത്രിയാകണമെന്നാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത് എന്നും വെബ് സൈറ്റ് പറയുന്നു.രണ്ട് പ്രധാന മുന്നണികളിലും നേതൃശൂന്യതയുണ്ടെന്നും തരൂരിനെ അനുകൂലിക്കുന്ന സർവേ ഫലത്തിൽ പറയുന്നുണ്ട്.
ഐക്യരാഷ്ട്ര സഭയിലെ പഴയ വക്താവായ ഇ.ഡി.മാത്യുവാണ് സർവേഫലം എക്സിൽ പങ്കുവച്ചത്.ഈ പോസ്റ്റ് തരൂർ കൂപ്പുകൈ ഇമോജിയോടെ തരൂർ സ്വന്തം ഹാൻഡിലിൽ പങ്കുവെക്കുയായിരുന്നു. ശശി തരൂരും കോൺഗ്രസും വിരുദ്ധ ധ്രുവങ്ങളിലായിട്ട് നാളേറെയായി.
സംസ്ഥാന രാഷ്ട്രീയം വിട്ട് ദേശിയതാൽപര്യങ്ങളിൽ ശ്രദ്ധയൂന്നിയിരുന്ന തരൂർ കേരള വിഷയങ്ങൾ വിട്ടുവെന്നാണ് പാർട്ടി നേതൃത്വം കരുതിയിരുന്നത്.നിലമ്പൂരിൽ പ്രചരണത്തിന് ക്ഷണിച്ചില്ലെന്ന പോളിങ്ങ് ദിവസത്തെ തുറന്നുപറച്ചിൽ വിവാദമുണ്ടാക്കാനുളള നീക്കമായി വിലയിരുത്തപ്പെട്ടെങ്കിലും മുന്നണി തകർപ്പൻ ജയം നേടിയതോടെ അതെല്ലാം അപ്രസക്തമായിപ്പോയി.എന്നാൽ മുഖ്യമന്ത്രിയാകാനുളള താൽപര്യം പ്രകടിപ്പിച്ചുകൊണ്ടുളള പുതിയ നീക്കത്തെ നിസാരമായി തളളാൻ നേതൃത്വം തയാറല്ല.