ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയിൽ അഴിമതിയുടെ പൊടിപൂരമോ ? വിദ്യാർഥികൾക്കും അധ്യാപകർക്കും വിധികർത്താക്കൾക്കും താമസ സൗകര്യമൊരുക്കുന്നതിൽ 91.87ലക്ഷത്തിന്റെ ക്രമക്കേട്. സംഘാടക സമിതി അറിയാതെ കള്ളക്കളി നടത്തിയത് പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെന്ന് ആരോപണം. കലോത്സവത്തിന്റെ മറവിലെ തട്ടിപ്പുകൾ മറനീക്കുന്നു

New Update

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വൻ സാമ്പത്തിക തിരിമറിയെന്ന് ആരോപിച്ച് യു.ഡി.എഫ് അനുകൂല അദ്ധ്യാപക സംഘടന എഎച്ച്എസ് ടിഎ.

Advertisment

നിയമസഭയെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ള കണക്കുകളാണ് സ്കൂൾ കലോത്സവത്തിലുള്ളതെന്നും മാന്വലിന് വിരുദ്ധമായി കണക്കിൽ പെടുത്താതെ വൻ സാമ്പത്തിക ഇടപാടുകൾ നടക്കുന്നതായുമാണ് ആരോപണം.

ബഡ്ജറ്റ് തയ്യാറാക്കേണ്ട സംഘാടക സമിതി അറിയാത്ത കണക്കുകൾക്ക് പിന്നിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ റാക്കറ്റ് പ്രവർത്തിക്കുന്നെന്നാണ് അദ്ധ്യാപകരുടെ ആരോപണം.


2023-24 അധ്യയന വർഷത്തിലെ സ്കൂൾ കലോത്സവം, ശാസ്ത്രോത്സവം, കായികമേള തുടങ്ങിയവയുടെ നടത്തിപ്പിനായി ഓരോ കമ്മിറ്റിക്കും അനുവദിച്ച തുകയും, ബഡ്ജറ്റ് തുകയും എത്രയെന്ന് നിയമസഭയിൽ കുറുക്കോളി മൊയ്തീൻ എംഎൽഎ ചോദ്യം ഉന്നയിച്ചിരുന്നു.

publive-image

ഈ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി നൽകിയ ഉത്തരത്തിലാണ് കണക്കുകളിലെ കള്ളക്കളി വെളിച്ചത്തായത്. ബഡ്ജറ്റ് തുക മൂന്നുലക്ഷം ഉള്ള അക്കോമഡേഷൻ കമ്മിറ്റിക്ക് 2,40,000 മാത്രം അനുവദിച്ചിട്ടുള്ളതായാണ് ഉത്തരത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.


എന്നാൽ എഎച്ച്എസ് ടിഎ ജനറൽ സെക്രട്ടറി എസ് മനോജിന് ലഭിച്ച വിവരാവകാശ പ്രകാരം നൽകിയിരിക്കുന്ന മറുപടിയിൽ 2022-23 വർഷം 30,00,632 രൂപയും, 2023-24 വർഷത്തിൽ 32,47,079 രൂപയും അക്കോമഡേഷൻ കമ്മിറ്റി കൺവീനർ അറിയാതെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് റൂമുകൾ ബുക്ക് ചെയ്യാൻ വിനിയോഗിച്ചിട്ടുണ്ട്.


കലോത്സവത്തിൽ പങ്കെടുക്കാൻ 14 ജില്ലകളിൽ നിന്നും എത്തുന്ന 22000 വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, കലോത്സവ കമ്മിറ്റി അംഗങ്ങൾക്കും, താമസ സൗകര്യം ഒരുക്കാൻ 240000 രൂപ മാത്രം ബഡ്ജറ്റ് അനുസരിച്ച് അനുവദിച്ചപ്പോഴാണ്,

വകുപ്പിലെ ഉദ്യോഗസ്ഥർക്കും വിധികർത്താക്കൾക്കും താമസ സൗകര്യം ഒരുക്കാൻ 32,47,079 രൂപ ബഡ്ജറ്റിൽ പെടുത്താതെ വിനിയോഗിച്ചിരിക്കുന്നത്.

2023-24 കലോത്സവ മാനുവൽ പ്രകാരം വിധികർത്താക്കൾക്കുള്ള റൂമുകൾ ബുക്ക് ചെയ്യേണ്ടത് അക്കോമഡേഷൻ കമ്മിറ്റി കൺവീനറുടെ ചുമതലയുടെ ഭാഗമാണ്.


ഇതിൽ ഏത് റൂമിൽ ഏത് വിധികർത്താവ് താമസിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം മാത്രമാണ് വിദ്യാഭ്യാസ വകുപ്പിലെ പബ്ലിക് റിലേഷൻസ് ഓഫീസർക്കുള്ളത്.


മാനുവലിലെ ഈ ചട്ടം ലംഘിച്ചു കൊണ്ടാണ് അക്കോമഡേഷൻ കമ്മറ്റി അറിയാതെ ഭീമമായ തുക ചെലവഴിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് റൂമുകൾ ബുക്ക് ചെയ്തിരിക്കുന്നതും, വിനിയോഗിച്ച തുക കണക്കിൽ പെടുത്താത്തതും.

കൂടാതെ 2022-23 വർഷം വിധികർത്താക്കൾക്ക് നൽകിയ 55,07,005 (55 ലക്ഷം) രൂപയും, 2023-24 വർഷം നൽകിയ 59,30,410 (59 ലക്ഷം) രൂപയും കലോത്സവ ചെലവുകൾ സംബന്ധിച്ച് നിയമസഭാ ചോദ്യത്തിന് നൽകിയ ഉത്തരത്തിൽ കാണിച്ചിട്ടില്ല.


(ആകെ 91,87,489) ഇത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയിട്ടുള്ള ചട്ടലംഘനവും, ക്രമക്കേടും ആണെന്ന് എ.എച്ച്.എസ്.ടി.എ ചൂണ്ടിക്കാട്ടുന്നു.


മാനുവൽ പ്രകാരം കലോത്സവ നടത്തിപ്പിനായി ബഡ്ജറ്റ് തയ്യാറാക്കുന്നതും വിവിധ കമ്മറ്റികൾക്കാവശ്യമായ തുക അനുവദിക്കുന്നതും സംഘാടകസമിതി ആണെന്ന് ഇരിക്കെ വിധികർത്താക്കളുടെ താമസസൗകര്യം ഒരുക്കുന്നതിനും,

അവർക്കുള്ള പ്രതിഫലം നൽകുന്നതിനും ചെലവാക്കിയ 91,87,489 രൂപാ സംബന്ധിച്ച വിവരം സംഘാടകസമിതിയെ അറിയിച്ചിട്ടില്ല.

കൊല്ലത്ത് നടന്ന 2023-24 ലെ കലോത്സവം സംബന്ധിച്ച്, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിലെ ആഭ്യന്തര കണക്ക് പരിശോധന വിഭാഗം നടത്തിയ പരിശോധന റിപ്പോർട്ടിലും 32,47,079 + 59,40,410 (ആകെ 91,87,489) എന്നീ തുകകൾ ഉൾപ്പെട്ടിട്ടില്ല.


ഇത്രയും ഭീമമായ തുക വിനിയോഗം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ, വിവരാവകാശ പ്രകാരം ചോദിച്ച ചോദ്യത്തിനുള്ള മറുപടിയിൽ നൽകിയിട്ടുമില്ല.


വർഷങ്ങളായി നടക്കുന്ന ഈ അധികാര ദുർവിനിയോഗവും, സാമ്പത്തിക ക്രമക്കേടും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായപ്പോൾ,

ഈ വർഷം മുതൽ മാനുവൽ പരിഷ്കരിച്ച് ജഡ്ജസിന് റൂം ബുക്ക് ചെയ്യാനുള്ള അധികാരം അക്കോമഡേഷൻ കമ്മറ്റിയിൽ നിന്നും മാറ്റിയിട്ടുണ്ട്.

ഇത് കൂടുതൽ അഴിമതിക്ക് വഴിയൊരുക്കാനാണെന്നാണ് ആരോപണം ഉയരുന്നത്.

Advertisment