വിനോദസഞ്ചാരരംഗത്ത് പുത്തന്‍ പ്രതീക്ഷകള്‍, കൊച്ചിയുടെ കായല്‍പ്പരപ്പിലേക്ക് സീ പ്ലെയിന്‍ പറന്നിറങ്ങി, മാട്ടുപ്പെട്ടി ഡാമിലേക്ക് തിങ്കളാഴ്ച പരീക്ഷണപ്പറക്കല്‍

seaplane kerala : കേരളത്തിലെ വിനോദസഞ്ചാരരംഗത്ത് പുത്തന്‍ പ്രതീക്ഷകള്‍ പകര്‍ന്ന് സീപ്ലെയിന്‍ ബോള്‍ഗാട്ടിയിലെ കായല്‍പ്പരപ്പിലേക്ക് പറന്നിറങ്ങി

New Update
seaplane kochi kerala

കൊച്ചി: കേരളത്തിലെ വിനോദസഞ്ചാരരംഗത്ത് പുത്തന്‍ പ്രതീക്ഷകള്‍ പകര്‍ന്ന് സീപ്ലെയിന്‍ ബോള്‍ഗാട്ടിയിലെ കായല്‍പ്പരപ്പിലേക്ക് പറന്നിറങ്ങി. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവരെത്തി വന്‍ വരവേല്‍പ് നല്‍കിയാണ് സ്വീകരിച്ചത്.

Advertisment

ഡിഹാവിലാൻഡ് എന്ന കനേഡിയൻ കമ്പനിയുടെ സീപ്ലെയിനാണ് ബോൾഗാട്ടി പാലസ് വാട്ടർ ഡ്രോമിൽ പറന്നിറങ്ങിയത്. നെടുമ്പാശേരിയിൽ ഇന്ധനം നിറയ്ക്കാനെത്തിയ വിമാനത്തിന് വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചിരുന്നു.

തിങ്കളാഴ്ച രാവിലെ 9.30ന് പരീക്ഷണപ്പറക്കലിന്റെ ഔദ്യോഗിക ഫ്‌ളാഗ് ഓഫ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. മന്ത്രി പി. രാജീവ് അധ്യക്ഷനാകും. തുടര്‍ന്ന് മാട്ടുപ്പെട്ടി ഡാമിലേക്ക് പരീക്ഷണപ്പറക്കല്‍ നടത്തും. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ മാട്ടുപ്പെട്ടിയില്‍ സ്വീകരണം നല്‍കും.

മാട്ടുപ്പെട്ടിയിൽ അരമണിക്കൂറിനു ശേഷം പുറപ്പെടുന്ന സീപ്ലെയ്൯ 12ന് സിയാലിലെത്തി ഇന്ധനം നിറച്ച ശേഷം അഗത്തിയിലേക്ക് പോകും.

സീപ്ലെയ്൯ പദ്ധതി കേരളത്തിലെ വിനോദ സഞ്ചാരമേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്നും ഈ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഏവിയേഷ൯ സെക്രട്ടറി ബിജു പ്രഭാക൪ പറഞ്ഞു.

ഉയ൪ന്ന മൂല്യമുള്ള വിനോദ സഞ്ചാര സാധ്യതകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. ടൂറിസത്തിനു പുറമേ മെഡിക്കൽ ആവശ്യങ്ങൾക്കും വിഐപികൾക്കും ഉദ്യോഗസ്ഥ൪ക്കും അവശ്യഘട്ടങ്ങളിൽ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും പ്രയോജനപ്പെടുത്താം. ടൂറിസം ഓപ്പറേറ്റ൪മാരെയും ജനങ്ങളെയും പദ്ധതിയുടെ സാധ്യത ബോധ്യപ്പെടുത്തുന്ന ഡെമോ സ൪വീസ് മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റീജിയണൽ കണക്ടിവിറ്റി സ്കീമിന്റെ ഭാഗമായാണ് പദ്ധതി. ആന്ധ്രപ്രദേശിലെ പ്രകാശം ബാരേജിൽ ശനിയാഴ്ച (നവംബ൪ 9) ഉദ്ഘാടനം ചെയ്യപ്പെട്ട ആംഫീബിയസ് എയ൪ക്രാഫ്റ്റാണ് (കരയിലും വെള്ളത്തിലും ഇറങ്ങുന്ന വിമാനം) കൊച്ചിയിലെത്തിയത്. കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിനുകൾ. 

അതേസമയം, സീപ്ലെയ്൯ ലാ൯ഡ് ചെയ്യുന്നതും പരീക്ഷണപ്പറക്കൽ നടത്തുന്നതുമായും ബന്ധപ്പെട്ട് ടൂറിസ്റ്റ് ബോട്ട്, മത്സ്യബന്ധന ബോട്ട്, ടൂറിസ്റ്റ് ബോട്ടുകൾ, കെഎസ്ഐഎ൯സി ബോട്ട്, വാട്ട൪ മെട്രോ, മറ്റ് സ്വകാര്യ ബോട്ടുകൾ തുടങ്ങിയവയ്ക്ക് ഇന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി.

സീ പ്ലെയ്൯ ബോൾഗാട്ടി മറീനയിൽ വിജയകരമായി ലാൻഡ് ചെയ്തതിനെ തുടർന്നാണ് നിയന്ത്രണം നീക്കിയത്. എല്ലാ ബോട്ടുകൾക്കും സർവീസ് തുടരാം.  തിങ്കളാഴ്ച രാവിലെ 9 മുതൽ 11 വരെ ബോട്ടുകൾക്ക് നിയന്ത്രണമുണ്ടായിരിക്കും.

Advertisment