തിരുവനന്തപുരം: കാരണവർ വധക്കേസിലെ പ്രതി ഷെറിനെ മോചിപ്പിക്കാനുള്ള മന്ത്രിസഭായോഗത്തിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു.
ഭരണഘടനയുടെ 161-ാം അനുച്ഛേദപ്രകാരമുള്ള അധികാരമുപയോഗിച്ചാണ് മോചനത്തിന് മന്ത്രിസഭ നൽകിയ ശുപാർശ ഗവർണർ അംഗീകരിച്ചത്.
സർക്കാരിന്റെ ശുപാർശ വച്ചുതാമസിപ്പിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും ഗവർണർ സംസ്ഥാന സർക്കാരിന്റെ 'സംക്ഷിപ്ത രൂപം' മാത്രമാണെന്നുമാണ് സുപ്രീംകോടതി പേരറിവാളൻ കേസിൽ പറഞ്ഞത്. ഗവർണർ തീരുമാനം വൈകിപ്പിച്ചാൽ അത് കോടതിയിൽ ചോദ്യം ചെയ്യാമായിരുന്നു.
ഷെറിനെ മോചിപ്പിക്കാൻ സർക്കാർ രണ്ടുവട്ടം ശുപാർശ നൽകിയിരുന്നു. ഫെബ്രുവരി 13ന് ഗവർണർക്ക് നൽകിയ ശുപാർശ അദ്ദേഹം വിശദീകരണം തേടി തിരിച്ചയച്ചിരുന്നു. അതോടെയാണ് മോചനത്തിന് ഗവർണർക്ക് വീണ്ടും നൽകിയ ശുപാർശയാണ് ഇന്ന് വൈകിട്ടോടെ അംഗീകരിച്ചത്.
ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുന്നതോടെ നാളെത്തന്നെ ഷെറിൻ ജയിൽ മോചിതയാവും. ഷെറിനെ പുറത്തിറക്കുന്നതിനെ കൊല്ലപ്പെട്ട കാരണവരുടെ ബന്ധുക്കളടക്കം എതിർത്തിരുന്നു.
മോചന ശുപാർശയിൽ ഒപ്പിടരുതെന്ന് രമേശ് ചെന്നിത്തലയും നിവേദനം നൽകിയിരുന്നു. ഒരു മന്ത്രിയുടെ പേരിലും ഷെറിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട് ആരോപണമുയർന്നിരുന്നു.

കുറ്റകൃത്യം, ശിക്ഷ, അനുവദിച്ച പരോൾ, ജയിൽ ഉപദേശകസമിതിയുടെയും പൊലീസ്- ജയിൽ അധികൃതരുടെയും റിപ്പോർട്ടിലെ ശുപാർശ, ഇരയുടെ ബന്ധുക്കളുടെ അഭിപ്രായം, വീണ്ടും കുറ്റകൃത്യം നടത്താനുള്ള സാദ്ധ്യത എന്നിങ്ങനെ വിവരങ്ങളടങ്ങിയ പ്രൊഫോർമയാണ് ആഭ്യന്തര വകുപ്പ് രാജ്ഭവന് കൈമാറിയിരുന്നത്.
ഇത് പരിഗണിച്ചാണ് ഗവർണർ മോചന ഫയലിൽ ഒപ്പിട്ടത്. മന്ത്രിസഭയുടെ ശുപാർശ പ്രകാരമാവണം ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് പേരറിവാളൻ കേസിൽ സുപ്രീംകോടതി ഉത്തരവുള്ളതിനാൽ ഗവർണർക്ക് മന്ത്രിസഭയുടെ ശുപാർശ അംഗീകരിക്കാതെ വഴിയില്ലെന്ന സ്ഥിതിയായിരുന്നു.
ഷെറിനെ മോചിപ്പിക്കാൻ ഫെബ്രുവരി 13ന് തന്നെ മന്ത്രിസഭാ തീരുമാനമടങ്ങിയ ഫയൽ രാജ്ഭവനിൽ എത്തിച്ചെങ്കിലും തീരുമാനമെടുക്കാതെ ഗവർണർ ഫയൽ നിയമോപദേശത്തിന് അയച്ചിരുന്നു.
25വർഷം വരെ ശിക്ഷയനുഭവിച്ച വനിതകളെ ശിക്ഷായിളവിന് പരിഗണിക്കാതെ ഷെറിനെ ഇളവിന് തിരഞ്ഞെടുത്തതിൽ ആക്ഷേപമുയർന്നിരുന്നു. ജയിലിലെ നല്ലനടപ്പ്, വനിത എന്നിവ പരിഗണിച്ചാണ് ഇളവിനുള്ള ശുപാർശയെന്നാണ് ഫയലിലുള്ളത്.
എന്നാൽ പല തടവുകാരുടെയും മോചനത്തെ എതിർത്ത പൊലീസ്, ജയിൽ റിപ്പോർട്ടുകൾ മറികടന്നാണ് ജയിൽ ഉപദേശക സമിതി അനുകൂല ശുപാർശ നൽകിയത്. ഇക്കാര്യങ്ങളെല്ലാം സൂക്ഷ്മപരിശോധന നടത്തിയ ശേഷമാണ് ഗവർണർ തീരുമാനമെടുത്തത്.
/sathyam/media/post_attachments/h-upload/2025/04/08/1469511-sherin-865072.webp)
25വർഷം വരെ ശിക്ഷയനുഭവിച്ചവരും രോഗികളുമായവരുടെ മോചനത്തിനുള്ള പൂജപ്പുര, വിയ്യൂർ, നെട്ടുകാൽത്തേരി ജയിൽ ഉപദേശക സമിതികളുടെ ശുപാർശകൾ പരിഗണിക്കാനിരിക്കെയാണ്, 14വർഷമായ ഷെറിന് ഇളവിനുള്ള ശുപാർശയിൽ അതിവേഗം തീരുമാനമെടുത്തത്. ജീവപര്യന്തമായിരുന്നു ഷെറിന്റെ ശിക്ഷ.
കണ്ണൂർ ജയിൽ ഉപദേശകസമിതി കഴിഞ്ഞ ഡിസംബറിൽ നൽകിയ ശുപാർശയിലാണ് മന്ത്രിസഭാ തീരുമാനം. മോചനത്തിനുള്ള ശുപാർശ ജയിൽമേധാവി ആഭ്യന്തര സെക്രട്ടറിക്കും അദ്ദേഹം മന്ത്രിസഭയിലേക്കും കൈമാറുകയായിരുന്നു.
അട്ടക്കുളങ്ങര, മാവേലിക്കര അടക്കം വിവിധ ജയിലുകളിൽ പ്രശ്നമുണ്ടാക്കിയതിനെത്തുടർന്ന് ഷെറിനെ കണ്ണൂരിലേക്ക് മാറ്റിയിരുന്നു. ജയിലിൽ നല്ലനടപ്പ് അടക്കം റിപ്പോർട്ടുകൾ പരിഗണിച്ചാണ് ശിക്ഷായിളവ് അനുവദിക്കേണ്ടത്.
എന്നാൽ പൊലീസ്, പ്രൊബേഷണറി ഓഫീസർ എന്നീ റിപ്പോർട്ടുകളെല്ലാം അനുകൂലമായതിലും ക്രമക്കേടുണ്ടെന്നാണ് ആരോപണം. മന്ത്രിസഭാ തീരുമാനം ഗവർണർ അംഗീകരിച്ചാലേ മോചനം സാദ്ധ്യമാവൂ. ഷെറിന്റെ കൂട്ടുപ്രതി ബാസിതിനെ ശിക്ഷായിളവിന് പരിഗണിച്ചിട്ടില്ല.
മന്ത്രിസഭാ തീരുമാനം അംഗീകരിക്കരുതെന്ന് ഗവർണർക്ക് രമേശ് ചെന്നിത്തല കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെ കണ്ണൂർ ജയിലിലെ തടവുകാരിയെ മർദ്ദിച്ചതിന് ഷെറിനെതിരേ പൊലീസ് കേസെടുത്തിരുന്നു.
അതോടെ, മോചന ശുപാർശാ ഫയൽ ഗവർണർ നിയമോപദേശത്തിന് അയയ്ക്കുകയായിരുന്നു. അട്ടക്കുളങ്ങര, മാവേലിക്കര അടക്കം വിവിധ ജയിലുകളിൽ പ്രശ്നമുണ്ടാക്കിയതിനെത്തുടർന്നാണ് ഷെറിനെ കണ്ണൂരിലേക്ക് മാറ്റിയത്. ഷെറിന്റെ കൂട്ടുപ്രതി ബാസിതിനെ ശിക്ഷായിളവിന് പരിഗണിച്ചിട്ടില്ല