മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഷെറോണ റോയ് എൽഡിഎഫ് സ്ഥാനാർത്ഥിയായേക്കും. വഴിക്കടവ് ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് ഷെറോണ റോയ്.
യുഡിഎഫിന്റെ കുത്തകയായിരുന്ന വഴിക്കടവ് ഡിവിഷൻ അട്ടിമറി ജയത്തിലൂടെ പിടിച്ചെടുത്തതാണ് ഷെറോണ റോയിയെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പരിഗണിക്കാനുള്ള പ്രധാന കാരണം.
കത്തോലിക്കാ വിഭാഗത്തിൽ നിന്നുള്ള നേതാവാണ് ഷെറോണാ റോയ്. ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി വന്നാൽ ഷെറോണയെ മത്സരിപ്പിക്കുന്നത് ആയിരിക്കും ഉചിതം എന്ന് സിപിഎം നേരത്തെ കണക്ക് കൂട്ടിയിരുന്നു.
ക്രൈസ്തവ സമുദായത്തിന് കൂടി നിർണായക വോട്ട് ബാങ്കുള്ള മണ്ഡലമാണ് നിലമ്പൂർ. ഷെറോണ റോയ് സ്ഥാനാർത്ഥിയായി വന്നാൽ മത്സരം കടുക്കുമെന്ന് കോൺഗ്രസിനും ആശങ്കയുണ്ട്.
ബിജെപി മത്സരരംഗത്ത് ഇല്ലാത്തതിനാൽ ആ വോട്ടുകളും ബിജെപി അനുകൂലിക്കുന്ന ക്രൈസ്തവ വിഭാഗത്തിന്റെ വോട്ടുകളും ഷെറോണയ്ക്ക് ലഭിക്കും എന്നാണ് കോൺഗ്രസ് നേതാക്കൾ ആശങ്കപ്പെടുന്നത്. മത്സരം കടുത്താലും ഭരണവിരുദ്ധ വികാരത്തിൽ ജയിച്ചു കയറാമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.
ഷെറോണാ റോയിയെ സ്ഥാനാർത്ഥിയാക്കുന്നത് സംബന്ധിച്ച് സിപിഎമ്മിൽ രണ്ട് അഭിപ്രായമുണ്ട്. ഉപതെരഞ്ഞെടുപ്പിലെ ഹൈ വോൾട്ടേജ് രാഷ്ട്രീയ പോരാട്ടത്തെ അതിജീവിക്കാൻ ഷെറോണക്ക് കഴിയുമോ എന്നതാണ് ഒരു വിഭാഗം ഉയർത്തുന്ന ചോദ്യം.
ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം തിരിച്ചറിഞ്ഞ് എം സ്വരാജിനെ മത്സരിപ്പിക്കണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. നിലമ്പൂർ മണ്ഡലത്തിന്റെ ഭാഗമായ പോത്തുകല്ല് സ്വദേശിയാണ് എം സ്വരാജ്.
തിരഞ്ഞെടുപ്പിന്റെ സംഘടനാ ചുമതല വഹിക്കുന്ന സ്വരാജിന് മത്സരിക്കാൻ താല്പര്യമില്ല. എന്നാൽ സംസ്ഥാന നേതൃത്വത്തിൽ നിന്ന് സമ്മർദ്ദം ഉണ്ടായാൽ സ്വരാജ് സമ്മതം മൂളിയേക്കും.
വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടിപ്പിക്കുന്ന അഭിപ്രായമായിരിക്കും സ്ഥാനാർത്ഥി നിർണയത്തിൽ വഴിത്തിരിവാകാൻ പോകുന്നത്.
ഏത് സ്ഥാനാർത്ഥി മത്സരിച്ചാൽ ജയ സാധ്യതയുണ്ട് എന്ന കാര്യത്തിൽ മുഖ്യമന്ത്രി വിലയിരുത്തലുകൾ നടത്തിയിട്ടുണ്ടെന്നാണ് സൂചന.
പാർട്ടി സ്ഥാനാർഥിയെ മത്സരിപ്പിക്കണമോ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണമോ എന്ന കാര്യത്തിലും സിപിഎമ്മിൽ ചില്ലറ ആശയക്കുഴപ്പങ്ങളുണ്ട്.
നിലമ്പൂരിലെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങൾ പരിഗണിച്ച് തീരുമാനത്തിലേക്ക് എത്തുമെന്നാണ് സിപിഎം നേതാക്കൾ നൽകുന്ന സൂചന. സ്ഥാനാർത്ഥിയുടെ കാര്യത്തിൽ സിപിഎം കൈക്കൊള്ളുന്ന തീരുമാനം എൽഡിഎഫിൽ അവതരിപ്പിച്ച ശേഷം ആയിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് പിന്നാലെ എൽഡിഎഫ് നേതൃത്വവും വിളിച്ചിട്ടുണ്ട്. വൈകുന്നേരം 3 30നാണ് എൽഡിഎഫ് നേതൃയോഗം. ഈ യോഗത്തിനുശേഷം കൺവീനർ ടി പി രാമകൃഷ്ണൻ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തും.
ഉപതിരഞ്ഞെടുപ്പുകളിൽ സംസ്ഥാന സെക്രട്ടറിയേറ്റ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതാണ് സിപിഎമ്മിലെ കീഴ് വഴക്കം. തീരുമാനത്തിലെത്തുന്നതിന് മുൻപ് ജില്ലാ കമ്മിറ്റിയിൽ നിന്നും ഏരിയ കമ്മിറ്റികളിൽ നിന്നും അഭിപ്രായം ആരായും.
നിലമ്പൂരിലും ഇതേ മാതൃകയിലാണ് സിപിഎം മുന്നോട്ടുപോകുന്നത്. ഇന്ന് നിലമ്പൂരിൽ എത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി നേതാക്കളും ജില്ലാ നേതൃത്വവുമായും മണ്ഡലത്തിലെ നേതാക്കളുമായും ചർച്ച നടത്തി.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി പി ഷൗക്കത്ത്, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയി, എം. തോമസ് മാത്യു തുടങ്ങിയവരാണ് സിപിഎമ്മിൻ്റെ പരിഗണനയിലുള്ളത്.
ഇതിൽ ഷെറോണ റോയിക്കാണ് കൂടുതൽ സാധ്യത. സാമുദായിക സമവാക്യങ്ങൾ കൂടി കണക്കിലെടുത്താണ് ഷെറോണയെ പരിഗണിക്കുന്നത്.