കൊച്ചിയിൽ മുങ്ങിയ കപ്പലിനെതിരേ കേസെടുത്തത് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തള്ളി. ക്രിമിനൽ കേസല്ല, നഷ്ടപരിഹാരം കിട്ടാൻ സിവിൽ കേസാണ് വേണ്ടതെന്ന് എ.ജി. ക്രിമിനൽ കേസെടുക്കേണ്ടത് കപ്പലിനെതിരേ. കപ്പൽ മുങ്ങിയതിനാൽ ക്രിമിനൽ കേസുകൊണ്ട് ഗുണമില്ല. എല്ലാം അദാനിക്കു വേണ്ടിയുള്ള ഒത്തുകളിയെന്ന് പ്രതിപക്ഷം. കപ്പൽ കേസിലെ അന്തർ നാടകങ്ങൾ പുറത്തേക്ക്

New Update
d

തിരുവനന്തപുരം: കൊച്ചിയിൽ മുങ്ങിയ എം.എസ്.സി എൽസ കപ്പലിനെതിരേ ക്രിമിനൽ കേസെടുത്തത് അഡ്വക്കേറ്റ്ജനറലിന്റെ നിയമോപദേശം തള്ളിയാണ്. കൂടുതൽ നഷ്ടപരിഹാരം കിട്ടാൻ സിവിൽ കേസാണ് ഉചിതമെന്നായിരുന്നു എ.ജിയുടെ നിയമോപദേശം.

Advertisment

ക്രിമിനൽ കേസ് കപ്പലിനെതിരെയാണ് നൽകേണ്ടത്. എന്നാൽ കപ്പൽ കടലിൽ മുങ്ങിപ്പോയി. അതിനാൽ ക്രിമിനൽ കേസ് കൊണ്ട് പ്രയോജനമില്ല. കപ്പൽ തീരത്തായിരുന്നെങ്കിൽ തടഞ്ഞിട്ട് കേസെടുക്കാമായിരുന്നു.


ജീവനക്കാർക്കെതിരെയും സർക്കാർ നേരിട്ട് ക്രിമിനൽ കേസെടുക്കേണ്ടെന്നായിരുന്നു നിയമോപദേശം. അതിന് പകരം ദുരന്ത ബാധിതരായ ആരെങ്കിലും കേസു കൊടുക്കുന്നതാണ് ഉചിതമെന്നായിരുന്നു നിയമോപദേശം.


ആരെങ്കിലും പരാതി നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സർക്കാർ ഡിജിപിയോട് നിർദ്ദേശിച്ചിരുന്നു. ബാധിതരായ വ്യക്തികളോ മത്സ്യത്തൊഴിലാളിയോ പരാതി നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്നായിരുന്നു സർക്കാർ തീരുമാനം.

a

ഇതിന്റെ അടിസ്ഥാനത്തിലാണ് ഭാരതീയ ശിക്ഷാ നിയമം സെക്ഷൻ 280 - 289 2023) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സിവിൽ കേസിന്റെ ഭാഗമായി വിശദമായ വിവരശേഖരണം ആവശ്യമാണ്.


എത്രയാണ് നഷ്ടം, ബാധിക്കപ്പെട്ടവർ ആരെല്ലാം, അവരെ എങ്ങനെയെല്ലാം ബാധിച്ചു തുടങ്ങി വിവിധ വശങ്ങൾ പരിശോധിക്കണം. സർക്കാർ ഈ നടപടികളുമായി മുന്നോട്ടു പോവുകയാണ്.


കൊച്ചി തീരത്ത് എം.എസ്.സി എല്‍സ 3 എന്ന കപ്പല്‍ അപകടത്തില്‍പ്പെട്ട് ആഴചകള്‍ക്കു ശേഷം കേസെടുക്കാന്‍ കേരള പൊലീസ് തയാറായതിലൂടെ സംഭവം ഒതുക്കി തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗൂഡാലോചന നടത്തിയെന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കേണ്ടെന്നാണ് സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നത്. ഷിപ്പിംഗ് കമ്പനികളില്‍ നിന്നും നഷ്ടപരിഹാരം വാങ്ങിയെടുത്ത് ഇരകളായ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരെ സഹായിക്കുകയെന്ന നിലപാടാണ് ഇതിനു മുന്‍പുണ്ടായ അപകടങ്ങളില്‍ എല്ലാ സംസ്ഥാനങ്ങളും സ്വീകരിച്ചത്.

ship

എന്നാല്‍ കീഴ് വഴക്കങ്ങളൊന്നും പരിഗണിക്കാതെ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഷിപ്പിങ് കമ്പനിക്കെതിരെ കേസ് നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കേന്ദ്രത്തിന് മാത്രമേ കേസെടുക്കാന്‍ കഴിയൂവെന്നാണ് കഴിഞ്ഞ ദിവസം തുറമുഖ മന്ത്രിയും പറഞ്ഞത്.


അദാനിക്കു ബന്ധമുള്ള ഷിപ്പിംഗ് കമ്പനിയെ വഴിവിട്ട് സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് നടത്തിയ കള്ളക്കളിയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.


ഇപ്പോള്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ നിബന്ധിതരായെങ്കിലും ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് അദാനിയുടെ താല്‍പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഇനിയും ശ്രമിക്കുന്നതെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരും. ബി.ജെ.പി- സി.പി.എം ബാന്ധവം തന്നെയാണ് ഈ സംഭവത്തിന് പിന്നിലും.

സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കേണ്ട ഒരു പാര്‍ട്ടിയും അവര്‍ നയിക്കുന്ന സര്‍ക്കാരുമാണ് കോര്‍പറേറ്റുകള്‍ക്കു വേണ്ടി നാടിനെ ഒന്നാകെ ഒറ്റുകൊടുക്കാന്‍ ശ്രമിക്കുന്നത്- സതീശൻ പറഞ്ഞു.

Advertisment