കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി കണ്ടെത്തിയത് ഗംഗാവലി പുഴയുടെ 12 മീറ്റല്‍ ആഴത്തില്‍ നിന്ന്. റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ അടയാളപ്പെടുത്തിയ മേഖലയിലാണ് ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ നടത്തിയത്. ഇതാണ് ദൗത്യത്തില്‍ നിര്‍ണായകമായത്.
ലോറിയില്‍നിന്ന് കണ്ടെത്തിയ മൃതദേഹം ഉത്തര കന്നഡ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡിഎൻഎ പരിശോധനയുടെ ഫലം വന്നതിന് ശേഷം അർജുന്റേതെങ്കിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. രണ്ടു ദിവസത്തിനകംതന്നെ ഡിഎന്‍എ പരിശോധനാഫലം ലഭിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ. ലക്ഷ്മി പ്രിയ അറിയിച്ചു.
മൃതദേഹം അർജുന്റേതെങ്കിൽ അത് നാട്ടിലെത്തിക്കുന്നതിന്റെ ഉത്തരവാദിത്തം കേരള സര്‍ക്കാര്‍ ഏറ്റെടുത്തു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനതത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയാണ് ഇക്കാര്യം അര്‍ജുന്റെ കുടുംബത്തെ അറിയിച്ചത്.