/sathyam/media/media_files/2025/01/17/116025114.webp)
തിരുവനന്തപുരം: സ്വപ്നപദ്ധതിയെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്ന തിരുവനന്തപുരം- കാസർകോട് സിൽവർലൈൻ അതിവേഗ പാതയിൽ നിന്ന് സർക്കാർ പിന്മാറുകയാണോ ?
ഇന്ന് നിയമസഭയിൽ ഗവർണർ നടത്തിയ നയപ്രഖ്യാപനത്തിൽ സിൽവർ ലൈൻ എന്ന വാക്കുപോലും ഉരിയാടിയില്ല. കഴിഞ്ഞ വർഷം ആരിഫ് ഖാൻ നടത്തിയ നയപ്രഖ്യാപനത്തിലെ പ്രധാന പ്രഖ്യാപനമായിരുന്നു സിൽവർലൈൻ നടപ്പാക്കുമെന്നത്.
സിൽവർലൈൻ വേഗമേറിയതും സുരക്ഷിതവും സൗകര്യപ്രദവുമായ ഗതാഗതമാർഗ്ഗമായിരിക്കുമെന്നും ഇതുപോലെ പരിസ്ഥിതി സൗഹൃദവും കാര്യക്ഷമവും വേഗതയേറിയതുമായ ഗതാഗത സൗകര്യങ്ങൾ സ്ഥാപിക്കുമെന്നുമായിരുന്നു കഴിഞ്ഞ നയപ്രഖ്യാപനത്തിൽ ഉണ്ടായിരുന്നത്.
വിശദമായ പദ്ധതിരേഖ സംസ്ഥാന സർക്കാർ അംഗീകരിച്ചെന്നും അന്തിമാനുമതിക്കായി റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുകയാണെന്നും അന്ന് സർക്കാർ നയപ്രഖ്യാപനത്തിലൂടെ വിശദീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ അക്കാര്യം പോലും പരാമർശിക്കുന്നില്ല.
റെയിൽ വികസന പദ്ധതികൾക്ക് അനുമതി നൽകണമെന്ന് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നു എന്ന് സിൽവർലൈനിന്റെ പേരു പറയാതെ നയപ്രഖ്യാപനത്തിൽ പറഞ്ഞിട്ടുണ്ട്.
.
മഞ്ഞക്കുറ്റി കുഴിച്ചിടൽ വന്നതോടെയാണ് ജനങ്ങളുടെ രോഷം ഉയർന്നത്. ഇതേത്തുടർന്ന് ഭൂമിയേറ്റെടുക്കലിനുള്ള റവന്യൂ ഓഫീസുകൾ പൂട്ടി. 77,800കോടി രൂപയാണ് സിൽവർലൈനിന് പുതുതായി കണക്കാക്കിയ ചെലവ്.
പ്രതിമാസ ശമ്പളവും പെൻഷനും നൽകാൻ കടമെടുക്കുന്ന സർക്കാർ ഈ തുക എങ്ങനെ കണ്ടെത്തുമെന്നും ഇതിനായി വായ്പയെടുത്താൽ എങ്ങനെ പലിശയടയ്ക്കുമെന്നും തിരിച്ചടയ്ക്കുമെന്നും ആശങ്ക ഉയർന്നിട്ടുണ്ട്.
തിരുവനന്തപുരം-കാസർകോട് സിൽവർലൈൻ സ്റ്റാൻഡേർഡ് ഗേജിൽ നിന്ന് മാറ്റി, നിലവിലെ റെയിൽവേ ലൈനുകളുടേതു പോലെ ബ്രോഡ്ഗേജിൽ വേണമെന്ന നിലപാടിലാണ് റെയിൽവേ.
ഇപ്പോഴുള്ള ഇരട്ടപ്പാതയ്ക്കരികിലൂടെ 160കി.മീ വേഗമുള്ള രണ്ട് ലൈനുകൾക്കായി സിൽവർലൈനിന്റെ ഡി.പി.ആർ മാറ്റാനാണ് റെയിൽവേയുടെ നിർദ്ദേശം. എന്നാൽ സർക്കാർ ഇതിന് തയ്യാറല്ല.
സാങ്കേതിക, പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ സിൽവർലൈനിന് അനുമതി നൽകുന്നത് പരിഗണിക്കുമെന്ന് കേന്ദ്രറെയിൽവേ മന്ത്രി അശ്വിനിവൈഷ്ണവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
എന്നാൽ വന്ദേഭാരതും ഗുഡ്‌സ് ട്രെയിനുകളുമോടിക്കാവുന്ന രണ്ട് ലൈനുകൾ അനുവദിക്കാമെന്നാണ് ദക്ഷിണ റെയിൽവേയുടെ നിലപാട്.
ഈ ലൈനുകൾക്ക് 50കി.മി ഇടവിട്ട് നിലവിലെ പാതയിൽ കണക്ഷൻ വേണമെന്നും റെയിൽവേ ആവർത്തിച്ചു. 160കി.മി വേഗമുള്ള ട്രാക്കിന് കിലോമീറ്ററിന് 70കോടിയാണ് നിർമ്മാണചെലവ്.
നേരത്തേ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി റെയിൽവേ കെ-റെയിലിന് കത്ത് നൽകിയിരുന്നു. ഇതിൽ ഉറച്ചു നിൽക്കുന്നതായി റെയിൽവേ അധികൃതർ വീണ്ടും അറിയിച്ചിട്ടുണ്ട്. തീരുമാനത്തിൽ മാറ്റം വരുത്താൻ റെയിൽവേ ബോർഡിന് മാത്രമാണ് അധികാരം.
നിലവിലെ ഇരട്ട റെയിൽപ്പാതയ്ക്ക് സമാന്തരമായി കേരളത്തിന്റെ പകുതിചെലവോടെ രണ്ട് പാതകൾ കൂടി നിർമ്മിക്കുകയാണ് റെയിൽവേയുടെ ലക്ഷ്യമെന്നാണ് സർക്കാർ വിലയിരുത്തൽ.
മൾട്ടിട്രാക്കിംഗ് എന്നുപേരുള്ള പാതയിരട്ടിപ്പിക്കൽ രാജ്യത്താകെ റെയിൽവേ സ്വന്തം ചെലവിലാണ് നടത്തുന്നത്. എറണാകുളം-ഷൊർണൂർ റൂട്ടിൽ രണ്ട് ലൈനുകൾക്ക് അനുമതിയായിട്ടുണ്ട്.
ഷൊർണൂർ-മംഗളുരു, എറണാകുളം-തിരുവനന്തപുരം റൂട്ടിൽ പുതിയരണ്ട് ലൈനുകൾക്ക് സർവേയ്ക്കും അനുമതിയായി.
ഈ പദ്ധതികൾക്ക് അനുയോജ്യമായ തരത്തിൽ സിൽവർലൈനിന്റെ ഡി.പി.ആർ മാറ്റാനാണ് ദക്ഷിണറെയിൽവേയുടെ നിർദ്ദേശം.