തിരുവനന്തപുരം: കോൺഗ്രസിൽ വനിതകൾക്ക് അവസരങ്ങൾ ലഭിക്കാൻ ചൂഷണത്തിന് നിന്നുകൊടുക്കേണ്ട അവസ്ഥയാണെന്ന് പ്രതികരിച്ച എ.ഐ.സി.സി മുൻ അംഗം സിമി റോസ്ബെൽ ജോണിനെ പുറത്താക്കി. കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പി.എസ്.സി മുൻ അംഗം കൂടിയായ സിമിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.
സിമിയുടെ ആരോപണത്തിന് എതിരെ മഹിളാ കോൺഗ്രസ് കെ.പി.സി.സിക്ക് പരാതി നൽകിയിരുന്നു. കോൺഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ച സിമി റോസ്ബെൽ ജോണിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി, കെ.പി.സി.സി ഭാരവാഹികൾ എന്നിവിടങ്ങളിലെ വനിതാ നേതാക്കളും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും അടക്കമുള്ളവര്‍ സംയുക്തമായാണ് സിമി റോസ് ബെല്‍ ജോണിനെതിരെ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി നേതൃത്വത്തിന് പരാതി നൽകിയത്.
മഹിളാ കോൺഗ്രസ് പരാതി നൽകിയിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായും കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പ്രതികരിച്ചിരുന്നു. സിമി റോസ് ബെല്‍ ജോണിന്റെ പ്രവര്‍ത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമ ദൃഷ്ട്യാ പാര്‍ട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെടുത്ത്.
സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ച മുന്‍ എഐസിസി അംഗവും പി.എസ്.സി അംഗവുമായിരുന്ന സിമി റോസ് ബെല്‍ ജോണിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി പുറത്താക്കിയെന്നാണ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം. ലിജുവിൻെറ അറിയിപ്പ്.
രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ക്കുകയും അവര്‍ക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി റോസ് ബെല്‍ ജോണ്‍ ആക്ഷേപം ഉന്നയിച്ചതെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻെറ വിലയിരുത്തൽ.
കോൺഗ്രസിലും പവർ ഗ്രൂപ്പുണ്ടെന്നും പ്രതിപക്ഷ നേതാവ് അതിലുണ്ടെന്നുമുളള സിമി റോസ്ബെല്ലിൻെറ പ്രതികരണം സി.പി.എം. ആയുധമാക്കിയിരുന്നു. മുകേഷ് എം.എൽ.എ സ്ഥാനം രാജിവെയ്ക്കണമെന്ന പ്രതിപക്ഷത്തിൻെറ ആവശ്യത്തെ പ്രതിരോധിക്കാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സിമിയുടെ പ്രതികരണം ആയുധമാക്കിയത്. അപ്പോൾ തന്നെ സിമിക്കെതിര നടപടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു.
കെ.പി.സി.സി നടപടിക്ക് പിന്നാലെയും രൂക്ഷമായ പ്രതികരണവുമായി സിമി റോസ്ബെൽ ജോൺ രംഗത്തെത്തിയിട്ടുണ്ട്. ''പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച സ്ത്രീകളെ പാർട്ടി പുറത്താക്കി.അന്തസ്സും അഭിമാനവും ആഭിജാത്യവും ഉള്ള വനിതകൾക്ക് ഈ പാർട്ടിയിൽ പ്രവർത്തിക്കാൻ കഴിയില്ല. എന്തെങ്കിലും തെളിവ് ഉണ്ടെങ്കിൽ പുറത്ത് വിടണം'' സിമി റോസ്ബെൽ ജോൺ പ്രതികരിച്ചു.
സ്വാധീനവും നേതാക്കളോട് അടുത്തബന്ധവുമുളള സ്ത്രീകൾക്കാണ് കോൺഗ്രസിൽ സ്ഥാനമാനങ്ങൾ ലഭിക്കുന്നതെന്നായിരുന്നു സ്വകാര്യ ചാനലിനോടുളള സിമി റോസ്ബെൽ ജോണിൻെറ പ്രതികരണം.
ഇത്തരം വിവേചനങ്ങൾക്ക് പിന്നിൽ പ്രതിപക്ഷ നേതാവ് അടക്കമുളള കോൺഗ്രസിലെ പവർ ഗ്രൂപ്പാണെന്നും സിമി ആരോപിച്ചിരുന്നു. എന്നാൽ സിമി റോസ്ബെല്ലിന് പാർട്ടിയിൽ നിന്ന് അവഗണന നേരിട്ടെന്ന പരാതി വസ്തുതാ വിരുദ്ധമാണ്. പാർട്ടിയുടെ ദൈനംദിന പ്രവർത്തനത്തിലും പരിപാടികളിലും യാതൊരു സംഭാവനയും നൽകാതിരുന്നിട്ടും സിമിക്ക് ഒരു തവണ നിയമസഭയിലേക്ക് മത്സരിക്കാൻ സീറ്റ് നൽകി.
2006ൽ മാരാരിക്കുളം മണ്ഡലത്തിൽ നിന്ന് മത്സരിച്ച സിമി സി.പി.എമ്മിലെ ഡോ.തോമസ് ഐസക്കിനോട് തോറ്റുപോയി. പിന്നീട് 2011ൽ യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് ശേഷം പി.എസ്.സി അംഗത്വവും നൽകി. ആറ് കൊല്ലം പി.എസ്.സി അംഗമായിരുന്ന ശേഷം വിരമിച്ചപ്പോൾ നല്ല പെൻഷനും ആനുകൂല്യങ്ങളും ലഭിക്കുന്നുമുണ്ട്.