ബിജെപിയിലെ ​ഗ്രൂപ്പിസത്തിൽ പൊലിഞ്ഞത് ശോഭാ സുരേന്ദ്രന്റെ അധ്യക്ഷ മോഹം. സ്ഥാനം നഷ്ടപ്പെടാൻ കാരണമായത് കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളും കെ സുരേന്ദ്രന്റെ അതൃപ്തിയും. രാജീവ് ചന്ദ്രശേഖറിൻെറ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിൽ നിന്ന് വിട്ടുനിന്നതും ഇനി തിരിച്ചടിയായേക്കും. ശോഭയ്ക്ക് പിടിച്ചുനിൽക്കാൻ ഇനിയുള്ള ഏക വഴി എംഎൽഎ ആവുകയെന്നത് മാത്രം !

New Update
d

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട ശോഭാ സുരേന്ദ്രന് വിനയായത് പാർട്ടിയിലെ ഗ്രൂപ്പ് പോര്. കേരളത്തിലെ പാർട്ടിയിൽ ഗ്രൂപ്പുകൾക്കതീതമായി നിൽക്കുന്ന ഒരാൾ അധ്യക്ഷനാകണമെന്ന് ദേശിയ നേതൃത്വം ശഠിച്ചു.

Advertisment

ശോഭയെ ചുറ്റിപ്പറ്റിയും ഗ്രൂപ്പിൻെറ ആക്ഷേപങ്ങൾ ഉളളതിനാൽ നിയമനം വിവാദമായേക്കാം എന്നും പാർട്ടിയിലെ ഐക്യാന്തരീക്ഷത്തിന് വിഘാതമാകുമെന്നും ദേശിയ നേതൃത്വം കരുതി. 

s


പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് തൃശൂരിലെ മുൻ ഓഫീസ് സെക്രട്ടറി നടത്തിയ വെളിപ്പെടുത്തലും അനുബന്ധ വിവാദങ്ങളും ശോഭാ സുരേന്ദ്രൻെറ സാധ്യതകൾക്ക് മുന്നിൽ വിലങ്ങുതടിയായെന്നാണ് പുറത്തുവരുന്ന വിവരം.


ഇതാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിട്ടും കപ്പിനും ചുണ്ടിനും ഇടയിൽ വെച്ച് ശോഭാ സുരേന്ദ്രന് അധ്യക്ഷ സ്ഥാനം നഷ്ടമാകാൻ കാരണം.

ഏറെ ആഗ്രഹിച്ച അധ്യക്ഷ സ്ഥാനം നഷ്ടപ്പെട്ടതോടെ ബി.ജെ.പിയിലെ ശോഭാ സുരേന്ദ്രന്റെ ഭാവി അനിശ്ചിതത്വത്തിൽ ആയി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏതെങ്കിലും സീറ്റിൽ നിന്ന് വിജയിച്ച് കരുത്ത് തെളിയിക്കുക മാത്രമാണ് ശോഭാ സുരേന്ദ്രന് മുന്നിലുളള വഴി.

മത്സരിക്കുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം വോട്ട് വിഹിതം ഇരട്ടിയാക്കുന്ന ശോഭയുടെ ജനപ്രീതി ദേശിയ നേതൃത്വത്തിനും ബോധ്യമുളളതാണ്. അതുകൊണ്ടുതന്നെ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാൻ തടസമുണ്ടാകില്ല. 

sobha surendran k surendran


എന്നാൽ പുതിയ സംസ്ഥാന അധ്യക്ഷനാകുമെന്ന് ഉറപ്പായികഴിഞ്ഞ രാജീവ് ചന്ദ്രശേഖറിൻെറ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിൽ നിന്ന് വിട്ടുനിന്നുവെന്ന വിവാദം ശോഭാ സുരേന്ദ്രന് ഗുണകരമല്ല.


തനിക്ക് എതിരായി നിൽക്കുന്നവരുടെ കൂട്ടത്തിലുളളയാളാണെന്ന് രാജീവ് ചന്ദ്രശേഖറിന് തോന്നലുണ്ടായാൽ നിയമസഭാ സീറ്റ് ലഭിക്കുന്നതിനും തടസം ഉണ്ടായേക്കും. രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത് വരെ ഹോട്ടലിനുള്ളിൽ ഉണ്ടായിരുന്ന ശോഭാസുരേന്ദ്രൻ അതിനുശേഷം  പുറത്തേക്ക് പോയി. 

പുതിയ അധ്യക്ഷനെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചുമില്ല. ഇതോടെയാണ് പരിപാടിയിൽ നിന്നും വിട്ടുനിൽക്കുന്നു എന്ന പ്രചരണം നടന്നത്.

വാർത്ത റിപോർട്ട് ചെയ്ത ചാനൽ റിപോർട്ടറുടെ ലൈവിൽ തന്നെ അത് നിഷേധിച്ച ശോഭാ സുരേന്ദ്രൻ തെറ്റിദ്ധാരണ മാറ്റാൻ മറ്റ് മാധ്യമങ്ങളെയും കണ്ടിരുന്നു. ഇതോടെ പാർട്ടി നേതൃത്വത്തിനുളള ധാരണ മാറുമെന്നാണ് പ്രതീക്ഷ.


ഏറെക്കാലമായി ബി.ജെ.പി കേരള ഘടകത്തിൻെറ അധ്യക്ഷയാകാൻ ആഗ്രഹിക്കുന്ന ശോഭ സുരേന്ദ്രൻ ഇക്കുറി ഏതാണ്ട് ഉറപ്പിച്ച മട്ടിലായിരുന്നു. അധ്യക്ഷയാകാൻ കച്ചകെട്ടിയിറങ്ങിയ ശോഭാ സുരേന്ദ്രന് ഇത്രയും അനുകൂലമായ സാഹചര്യം മുമ്പെങ്ങും ഉണ്ടായിരുന്നില്ല. 


കേരള ബി.ജെ.പിയിലെ പ്രബല ഗ്രൂപ്പുകളിൽ ഒന്നായ പി.കെ.കൃഷ്ണദാസ് പക്ഷത്തിൻെറയും പിന്തുണ ലഭിച്ചതാണ് അനുകൂല അന്തരീക്ഷം ഉരുത്തിരിയാൻ കാരണം. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനെ പിന്തുണച്ചിരുന്നു. 

ഡൽഹിയിൽ എത്തി ദേശിയ നേതാക്കളെ കണ്ട ശോഭാ സുരേന്ദ്രൻ സ്വന്തം നിലയ്ക്കും അധ്യക്ഷ പദവിക്ക് വേണ്ടി കിണഞ്ഞ് പരിശ്രമിച്ചിരുന്നു. എന്നാൽ സംസ്ഥാന അധ്യക്ഷ പദവിയിലിരുന്ന കെ.സുരേന്ദ്രൻ ശോഭാ സുരേന്ദ്രൻ തൻെറ പിൻഗാമിയാകുന്നതിനോട് യോജിച്ചില്ല. ഇതാണ് ശോഭയുടെ അധ്യക്ഷമോഹത്തിന് വിലങ്ങുതടിയായത്.

Advertisment