/sathyam/media/media_files/QTXVb4BlZYvo3WGsscm2.jpg)
തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകളുടെ പരാതികളും വെളിപ്പെടുത്തലുകളും അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിൻ്റെ ആദ്യ യോഗം നാളെ നടക്കും. ക്രൈംബ്രാഞ്ച് തലവൻ എ.ഡി.ജി.പി എച്ച് വെങ്കിടേഷിൻ്റെ മേൽനോട്ടത്തിൽ ഐ.ജി ജി. സ്പർജൻ കുമാർ നയിക്കുന്ന ഏഴംഗ സംഘമാണ് സിനിമരംഗത്തെ സ്ത്രീകൾ നേരിട്ട ചൂഷണങ്ങളെ കുറിച്ചുളള പരാതികൾ അന്വേഷിക്കുക.
അന്വേഷണം ഏത് ദിശയിലാണ് മുന്നോട്ട് പോകേണ്ടത് എന്നത് സംബന്ധിച്ച മാർഗനിർദേശം തയാറാക്കുകയാണ് യോഗത്തിൻെറ പ്രധാന ഉദ്ദേശം. അന്വേഷണ സംഘത്തിൻെറ തുടർ നീക്കങ്ങൾക്ക് ഇത് അനിവാര്യമാണെന്ന വിലയിരുത്തലിലാണ് മാർഗനിർദ്ദേശം തയാറാക്കുന്നത്.
പരാതിയും വെളിപ്പെടുത്തലും നടത്തിയ സിനിമാ രംഗത്തെ വനിതകളുമായി അന്വേഷണ സംഘം സംസാരിക്കും. പരാതി ഉന്നയിച്ചവർക്ക് കൂടി സൗകര്യപ്രദമായ തരത്തിൽ , സ്വകാര്യത സംരക്ഷിച്ചുകൊണ്ടായിരിക്കും ആശയവിനിമയം.
പരാതിയിലും വെളിപ്പെടുത്തലിലും ഉറച്ചുനിൽക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുകയാണ് ആദ്യ ദൗത്യം. പരാതിയുമായി മുന്നോട്ട് പോകാൻ തയാറാകുകയാണെങ്കിൽ പ്രാഥമിക അന്വേഷണം നടത്തും. പരാതി വസ്തുതാപരമെന്ന് ഉറപ്പായാൽ കേസെടുത്ത് വിശദമായ അന്വേഷണം നടത്തും. പരാതികളിലും വെളിപ്പെടുത്തലുകളിലും ഈ രീതി അവലംബിക്കാനാണ് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലെ തീരുമാനം. അത് പാലിച്ചുകൊണ്ടായിരിക്കും അന്വേഷണ സംഘത്തിൻെറ പ്രവർത്തനം.
പരാതി ഉന്നയിച്ച സിനിമരംഗത്തെ വനിതകളുമായി പുരുഷ ഉദ്യോഗസ്ഥന്മാർ സംസാരിക്കില്ല. അന്വേഷണ സംഘത്തിലെ നാല് വനിതാ ഐപിഎസ് ഓഫീസർമാരിൽ ആരെങ്കിലുമായിരിക്കും പരാതിക്കാരുടെ മൊഴിയെടുക്കുക. പരാതിക്കാർക്ക് എല്ലാതരത്തിലും സുഖകരമായ അന്തരീക്ഷം ഒരുക്കുക എന്ന ഉദ്ദേശത്തിലാണ് ഈ തീരുമാനം.
ഡിഐജി അജിതാബീഗം, മെറിൻ ജോസഫ്, ജി. പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്റെ എന്നിവരാണ് അന്വേഷണ സംഘത്തിലെ വനിതകൾ.
ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരായ കേസ് ആയിരിക്കും പ്രത്യേക സംഘം ആദ്യം പരിഗണിക്കുക. പരാതിയിന്മേൽ രജിസ്റ്റർ ചെയ്ത ആദ്യ കേസ് എന്ന നിലയിലാണ് രഞ്ജിത്തിനെതിരായ കേസ് പരിഗണിക്കുന്നത്.
ബംഗാളി നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ എറണാകുളം നോർത്ത് പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. അന്വേഷണം തുടങ്ങുന്നതിൻെറ ഭാഗമായി, നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘമായിരിക്കും മൊഴി എടുക്കുക എന്നാണ് സൂചന. പരാതിയിൽ പരാമർശിക്കുന്ന ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിന്റെ മൊഴിയുമെടുക്കും.
അന്വേഷണ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ തന്നെ ലൈംഗികാരോപണം നേരിടുന്ന കൊല്ലം എംഎൽഎ എം.മുകേഷിൻെറ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.
സിനിമാ രംഗത്തെ ചൂഷകർക്കെതിരെ നടപടി, തൊഴിൽ വിലക്ക് അവസാനിപ്പിക്കുക, തുല്യവേതനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഫലത്തിൽ മുകേഷ് എം.എൽ.എക്ക് എതിരെ കൂടിയാണ് എ.ഐ.ടി.യു.സിയുടെ സമരം.
മുകേഷിൻെറ കൊല്ലത്തെ വീട്ടിലേക്കും എം എൽ എ ഓഫീസിലേക്കും പ്രതിഷേധ മാർച്ച് നടത്താനാണ് യു.ഡി.എഫ് സംഘടനകളുടെ തീരുമാനം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ശക്തമായ നടപടിയെടുക്കുമെന്ന് പറയുന്ന സർക്കാർ സ്വന്തം എംഎൽഎയുടെ കാര്യം വരുമ്പോൾ വേട്ടക്കാരനൊപ്പം നിൽക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
എന്നാൽ ലൈംഗിക പീഡന പരാതികൾ നേരിട്ട കോൺഗ്രസ് എം.എൽ.എമാരായ എം.വിൻസൻറും എൽദോസ് കുന്നപ്പളളിയും രാജിവെച്ചിട്ടില്ലല്ലോ എന്നതാണ് സി.പി.എമ്മിൻെറ മറുവാദം.