കോട്ടയം: ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസ് നേതൃത്വവും റിപ്പോർട്ടർ ചാനലും തമ്മിലുളള ബന്ധം മോശമാകുന്നു. ശക്തമായ ത്രികോണ മത്സരം നടന്ന പാലക്കാട് റിപോർട്ടർ ചാനലും അതിലെ ചില ലേഖകരും സ്വീകരിച്ച സമീപനമാണ് കോൺഗ്രസും വാർത്താചാനലും തമ്മിലുളള ബന്ധം വീണ്ടും വഷളാക്കിയത്.
പലക്കാട്ടെ തകർപ്പൻ വിജയത്തിന് ശേഷം ചാനലിൽ കോൺഗ്രസ് വാർത്തകൾ റിപോർട്ട് ചെയ്തിരുന്ന ലേഖകൻ ആർ. റോഷിപാലിനെതിരെ കോൺഗ്രസ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുചെയ്ത കുറിപ്പുകൾക്ക് പിന്നാലെ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനും ചാനലിന് എതിരായ നിലപാട് പരസ്യമാക്കുകയായിരുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെതിരെ ഏറ്റവും മ്ലേച്ഛമായ വർഗ്ഗീയ പ്രചാരണങ്ങൾ നടത്തിയ റിപ്പോർട്ടർ ചാനലിനോടുള്ള പ്രവർത്തകരുടെ വികാരം പാർട്ടി മനസ്സിലാക്കുന്നുവെന്നും അതിനെ നേതൃത്വം മാനിക്കുന്നുവെന്നും ആയിരുന്നു കെ.സുധാകരൻ ഫേസ് ബുക്കിൽ പങ്കുവെച്ച പ്രതികരണം.
ഐക്യ ജനാധിപത്യമുന്നണിയെ അപമാനിക്കുന്ന രീതിയിൽ വ്യാജ വാർത്തകൾ സൃഷ്ടിച്ചതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. വ്യാജ പരാമർശങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയാൻ റിപ്പോർട്ടർ ചാനൽ തയ്യാറാകാത്ത പക്ഷം ചാനലുമായി സഹകരിക്കുന്ന കാര്യം പാർട്ടി പുന: പരിശോധിക്കുമെന്നും കെ.സുധാകരൻ എഫ്.ബി കുറിപ്പിൽ പറഞ്ഞു.
വിവാദമായ കളളപ്പണ ആരോപണത്തിൽ സി.പി.എം പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ റോഷി പാലിൻ്റെ സാന്നിധ്യമുണ്ടായിരുന്നു. കോൺഫറൻസ് റൂമിലേക്ക് കയറുന്നതിന് മുൻപ് വി.കെ. ശ്രീകണ്ഠൻ എം.പിയോട് സംസാരിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഇതാണ് കോൺഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.
സി.പി.എം ആസൂത്രണം ചെയ്ത കള്ളപ്പണ വിവാദം ചിത്രീകരിക്കാൻ കൈരളി ചാനലിലെ മാധ്യമ പ്രവർത്തകനോടൊപ്പമാണ് റോഷിപാൽ ഹോട്ടലിൽ എത്തിയതെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ സംശയം. ചാനൽ റിപോർട്ടർ ആർ.റോഷിപാലിന് എതിരെ സമൂഹ മാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ വിമർശനം കനത്തതോടെ പത്രവർത്തക യൂണിയനും രംഗത്ത് വന്നിട്ടുണ്ട്.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് റിപ്പോർട്ടിംഗിൻ്റെ ഭാഗമായി നൽകിയ വാർത്തകളുടെ പേരിൽ റിപ്പോർട്ടർ ടി വി പ്രിൻസിപ്പൽ കറസ്പോണ്ടൻ്റ് ആർ റോഷിപാലിനെതിരെ നടക്കുന്ന കോൺഗ്രസ് നേതാക്കളുടേയും പ്രവർത്തകരുടേയും സൈബർ അക്രമവും കൊലവിളിയും അതീവ ഗൗരവമുള്ളതാണ്.
പത്രപ്രവർത്തക യൂണിയൻ പ്രസ്താവന ഇറക്കിയതോടെ ഇത് കോൺഗ്രസും മാധ്യമ പ്രവർത്തകരുടെ സംഘടനകളും തമ്മിലുളള വിഷയമായി മാറിയിരിക്കുകയാണ്. എന്നാൽ യൂണിയൻ പ്രതികരണം വന്നശേഷമാണ് ചാനൽ മേധാവികൾ രംഗത്ത് വന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഞായറാഴ്ച വെകുന്നേരത്തെ ഡിബേറ്റ് പരിപാടിയിൽ പ്രശ്നത്തെ ഒഴുക്കൻ മട്ടിൽ സമീപിച്ചതിനെതിരെ വിമർശനം ശക്തമായതോടെ ഇന്നത്തെ പ്രഭാത പരിപാടിയിൽ അരുൺ കുമാർ തന്നെ വിശദീകരണവുമായി രംഗത്ത് വന്നു.
കോൺഗ്രസിൽ നിന്ന് വിമർശനം നേരിടുന്ന പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ആർ.റോഷിപാലിനെ തത്സമയം കൊണ്ടുവന്നാണ് വിമർശനം പരിഹരിച്ചത്. റോഷിപാലിന് എതിരായ വധശ്രമപരാതി അദ്ദേഹത്തെകൊണ്ട് തന്നെ റിപോർട്ട് ചെയ്യിക്കുന്നതാണ് പിന്തുണ പ്രഖ്യാപിക്കുന്ന വാർത്തയിൽ കണ്ടത്. തലേന്ന് ചാനൽ എം.ഡി പങ്കെടുത്ത റിപോർട്ടർമാരുടെ ഓൺലൈൻ യോഗത്തിലും റോഷിപാലിന് സ്ഥാപനത്തിൻെറ പിന്തുണയുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു.
കോൺഗ്രസ് സൈബർ പോരാളി നിസാർ കുംബിളയിൽ നിന്ന് റോഷിപാലിന് എതിരെ ഭീഷണി വന്നതിന് പിന്നാലെയായിരുന്നു യോഗം. കോൺഗ്രസ് ഭീഷണി വിഷയത്തിൽ ചാനലിൻെറ എഡിറ്റോറിയൽ നേതൃത്വം രണ്ട് തട്ടിലാണെന്നാണ് സൂചന. എം.ഡി ആൻെറാ അഗസ്റ്റിനും എഡിറ്റർ അരുൺകുമാറും സംഭവത്തിൽ കോൺഗ്രസിനെ എതിർക്കുമ്പോൾ സ്മൃതി പരുത്തിക്കാടും ഉണ്ണി ബാലകൃഷ്ണനും കോൺഗ്രസ് അനുകൂല നിലപാടിലാണ്.
എന്നാൽ അൻേറാ അഗസ്റ്റിൻെറയും അരുൺകുമാറിൻെറയും പിന്തുണയിൽ വലിയ കാര്യം ഒന്നുമില്ലെന്നാണ് ചാനലിലെ മാധ്യമപ്രവർത്തകർ നൽകുന്ന പ്രതികരണം.പാലക്കാട് ഉപതിരഞ്ഞെടുപ്പിൻെറ റിപോർട്ടിങ്ങിനിടെ കോൺഗ്രസ് നേതൃത്വത്തിൻെറ പരാതിയെ തുടർന്ന് ഇപ്പോൾ വിമർശനം നേരിടുന്ന ആർ.റോഷിപാലിനെ റിപോർട്ടിങ്ങിൽ നിന്ന് മാറ്റിയത് ഇതേ മാനേജ്മെന്റ് തന്നെയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
റിപോർട്ടർ ചാനലിനെതിരെ കർശനമായ നിലപാടാണ് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ സ്വീകരിച്ചിരിക്കുന്നത്.ഫേസ് ബുക്കിലെ പോസ്റ്റിൽ അത് വ്യക്തമാണ്.''എന്റെ പ്രിയപ്പെട്ട പ്രവർത്തകരോട്...ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെതിരെ ഏറ്റവും മ്ലേച്ഛമായ വർഗ്ഗീയ പ്രചാരണങ്ങൾ നടത്തിയ റിപ്പോർട്ടർ ചാനലിനോടുള്ള നിങ്ങളുടെ വികാരം പാർട്ടി മനസ്സിലാക്കുന്നു. നേതൃത്വം അതിനെ മാനിക്കുന്നു.
തീവ്ര വർഗ്ഗീയത പടർത്തുന്ന സിപിഎം പോലുള്ള പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് കേരളത്തെ വർഗ്ഗീയമായി ഭിന്നിപ്പിക്കാൻ റിപ്പോർട്ടർ ചാനൽ നടത്തുന്ന പ്രവർത്തനങ്ങളോട് ശക്തമായ പ്രതിഷേധം കോൺഗ്രസ് രേഖപ്പെടുത്തുന്നു. അച്ഛനെ ചുട്ടുകൊല്ലാൻ ശ്രമിച്ചവരുടെ കൂടെ കൂടി മകൻ തുടങ്ങിയ വാർത്ത ചാനലിൽ നിന്ന് കൂടുതലൊന്നും നാട് പ്രതീക്ഷിക്കുന്നില്ല.
പക്ഷെ നിഷ്പക്ഷ മേലങ്കി വലിച്ചെറിഞ്ഞ്, ചെയ്തുകൊണ്ടിരുന്ന അടിമപ്പണി സ്ഥിരം തൊഴിലാക്കി അദ്ദേഹം പുറത്തോട്ട് പോയിട്ടും, ചാനലിന് 'നല്ല' മാറ്റങ്ങളൊന്നും സംഭവിച്ചില്ല എന്ന് ഞങ്ങൾ മനസിലാക്കുന്നു. കുട്ടികൾക്ക് വിളമ്പുന്ന ഭക്ഷണത്തിൽ പോലും ജാതീയ വിഷം കലർത്താൻ ശ്രമിച്ച അധമജന്മങ്ങൾ ഇന്ന് റിപ്പോർട്ടർ ചാനലിന്റെ സ്വത്താണ്.
അത്തരക്കാരിലൂടെ, സിപിഎമ്മിന് വേണ്ടിയുള്ള വർഗ്ഗീയ പ്രചാരണം തുടർന്ന് പോകാമെന്നാണ് വിചാരമെങ്കിൽ ശക്തമായ പ്രതിഷേധം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകും.ഐക്യ ജനാധിപത്യമുന്നണിയെ അപമാനിക്കുന്ന രീതിയിൽ വ്യാജ വാർത്തകൾ സൃഷ്ടിച്ചതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും.
വ്യാജ പരാമർശങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയാൻ റിപ്പോർട്ടർ ചാനൽ തയ്യാറാകാത്ത പക്ഷം ചാനലുമായി സഹകരിക്കുന്ന കാര്യം പാർട്ടി പുന: പരിശോധിക്കും'' സുധാകരൻ ഫേസ് ബുക്കിൽ കുറിച്ചു. കോൺഗ്രസ് അധ്യക്ഷൻ നിലപാട് കടുപ്പിച്ചെങ്കിലും റോഷിപാലിൻ്റേത് വടകരയിലെ പാർട്ടിയുമായി അടുത്ത ബന്ധമുള്ള കുടുംബമാണ്. റോഷിയുടെ ഭാര്യാ സഹോദരൻ വടകര എം.പി ഷാഫി പറമ്പിലിൻ്റെ പഴ്സണൽ സ്റ്റാഫ് അംഗവുമാണ്.